പ്രളയക്കെടുതി: കേരളത്തില്‍ ട്രെയിൻ ഗതാഗതം താറുമാറായി, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
കൊച്ചി: ശക്തമായ മഴയിൽ സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം താറുമാറായി. ആലുവ വഴി സർവീസ് നിർത്തിവച്ചതും വടക്കാഞ്ചേരിക്ക് സമീപം മണ്ണിടിച്ചിൽ ഉണ്ടായതുമാണ് ട്രെയിൻ ഗതാഗതത്തെ സാരമായി ബാധിച്ചത്. നിരവധി ട്രെയിനുകൾ റദ്ദാക്കുകയും മറ്റു ചില ട്രെയ്നുകൾ നിർത്തിയിടുകയും വഴി തിരിച്ചു വിടുകയും ചെയ്തു. മിക്ക ട്രെയിനുകളും മണിക്കൂറുകൾ വൈകി ഓടുന്നു. ആലുവ സ്റ്റേഷനിൽ ട്രാക്കുകളിൽ വെള്ളം കയറുകയും പെരിയാർ, ചാലക്കുടി പുഴകളിൽ ജിലനിരപ്പ് ഉയരുകയും ചെയ്തതോടെയാണ് എറണാകുളത്തിനും തൃശൂരിനുമിടെ സർവീസ് നിർത്തിയത്.
തിരുവനന്തപുരത്ത് നിന്നു രാത്രി പുറപ്പെട്ട ട്രെയിനുകളടക്കം ഇതേത്തുടർന്നു നിർത്തിയിട്ടു. ഷൊർണൂർ-എറണാകുളം സെക്ഷനിൽ വള്ളത്തോൾ നഗർ, വടക്കാഞ്ചേരി, മുളങ്കുന്നത്തുകാവ് പാതയിൽ പലയിടത്തും പാതയിലേക്കു മണ്ണിടിഞ്ഞു വീണു ഗതാഗതം നിലച്ചു.നാഗർകോവിൽ-തിരുവനന്തപുരം സെക്ഷനിലും ഗതാഗതം തടസപ്പെട്ടു. പാറശാലയ്ക്ക് സമീപം പാതയിൽ മണ്ണിടിഞ്ഞതിനെ തുടർന്നാണിത്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകൾക്ക് കീഴിൽ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലാകാൻ ദിവസങ്ങൾ വേണ്ടിവരുമെന്നു റെയില്‍വെ അറിയിച്ചു.

തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്പ്രസും തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസും എറണാകുളം ജംക്‌ഷനിൽ യാത്ര അവസാനിപ്പിച്ചു. എറണാകുളം ജംക്‌ഷനിൽ നിന്നു തൃശൂർ ഭാഗത്തേക്കുള്ള പാസഞ്ചർ ട്രെയ്നുകൾ മിക്കതും റദ്ദാക്കി. ചെന്നൈ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് (12695), കാരയ്ക്കൽ-എറണാകുളം എക്സ്പ്രസ് (16187) ട്രെയ്നുകൾ പാലക്കാട് സ്റ്റേഷനിൽ നിർത്തിയിട്ടു. കൊച്ചുവേളി-ഹുബ്ലി എക്സ്പ്രസ് (12778) കൊച്ചുവേളിക്കും തൃശൂരുമിനിടെ റദ്ദാക്കി. തിരുവനന്തപുരം-ചെന്നൈ സൂപ്പർഫാസ്റ്റ് (12696) തിരുവനന്തപുരത്തിനും പാലക്കാടിനുമിടെ റദ്ദാക്കി. പാലക്കാട് ജംക്‌ഷൻ സ്റ്റേഷനിൽ നിന്നാണു സർവീസ് പുറപ്പെട്ടത്. എറണാകുളം-കാരയ്ക്കൽ എക്സ്പ്രസും പാലക്കാട് സ്റ്റേഷനിൽ സർവീസ് അവസാനിപ്പിച്ചു. മലബാർ, മംഗലാപുരം, ഏറനാട് എക്സ്പ്രസുകളും മണിക്കൂറുകൾ വൈകിയോടി. മംഗലാപുരം-നാഗർകോവിൽ എക്സ്പ്രസ് ട്രെയ്ൻ റദ്ദാക്കി.
നിരവധി ദീർഘദൂര ട്രെയ്നുകൾ വഴിതിരിച്ചു വിട്ടതായി തിരുവനന്തപുരം ഡിവിഷൻ അറിയിച്ചു. മുംബൈ-കന്യാകുമാരി ജയന്തി ജനത എക്സ്പ്രസ്, കെഎസ്ആർ-ബെംഗ്ലൂരു-കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് എന്നിവയാണ് വഴിതിരിച്ചു വിട്ടത്. കൂടുതൽ ട്രെയ്നുകൾ മധുര വഴി തിരുവനന്തപുരത്തേക്ക് തിരിച്ചു വിട്ടിട്ടുണ്ട്. മധുര-തിരുവനന്തപുരം അമൃത എക്സ്‌പ്രസ്, ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ്, ബെംഗ്ലൂരു-കൊച്ചുവേളി എക്സ്പ്രസ്, ചെന്നൈ-തിരുവനന്തപുരം മെയിൽ എന്നിവ വിവിധ സ്റ്റേഷനുകളിലായി നിർത്തിയിട്ടു.
ഠഠ












Click it and Unblock the Notifications