എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സമുദ്രമത്സ്യ ലഭ്യതയിൽ കേരളത്തിൽ 12% വർധന; മത്തിയുടെ തിരിച്ചുവരവ്, അയല കിട്ടാക്കനി

  • By Desk
Google Oneindia Malayalam News

കൊച്ചി: കേരളത്തിന്‍റെ സമുദ്രമത്സ്യ ലഭ്യതയിൽ മുൻവർഷത്തേക്കാൾ 12% വർധന. മത്സ്യമേഖലയ്ക്ക് പുത്തൻ ഉണർവ് നൽകി മത്തിയുടെ തിരിച്ചുവരവ്. ഇന്ത്യക്കാരുടെ ഇഷ്ടവിഭവമായ അയല കിട്ടാക്കനിയ‌യത് പ്രതിസന്ധി സ‌ൃഷ്ടിക്കുന്നുണ്ടെന്ന് പഠന റിപ്പോർട്ട്.

സമുദ്ര മത്സ്യോൽപാദനം തിരിച്ചുവരവിന്‍റെ പാതയിലാണ് സൂചന നൽകുന്നു കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്‍റെ (സിഎംഎഫ്ആർഐ) വാർഷിക പഠന റിപ്പോർട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വൻ തോതിൽ കുറഞ്ഞുവരികയായിരുന്ന മത്തിയുടെ തിരിച്ചുവരവാണ് സമുദ്ര മത്സ്യമേഖലയ്ക്ക് ഉണർവായതെന്ന് പഠനം സൂചിപ്പിക്കുന്നു. കേരളത്തിൽ മത്തിയുടെ ലഭ്യത മുൻ വർഷത്തേക്കാൾ മൂന്ന് മടങ്ങ് (176 ശതമാനം) വർധിച്ചതായാണ് കണ്ടെത്തൽ. 2017 ജനുവരി മുതൽ ഡിസംബർ വരെ ഇന്ത്യൻ തീരങ്ങളിൽ നിന്ന് പിടിച്ച മീനുകളുടെ കണക്കാണ് പുറത്തുവിട്ടിരിക്കുന്നത്.

news

പോയ വർഷം 5.85 ലക്ഷം ടൺ മത്സ്യമാണ് കേരളത്തിന്‍റെ തീരങ്ങളിൽ നിന്ന് പിടിച്ചത്. ഏറ്റവും കൂടുതൽ ലഭിച്ച മത്സ്യം മത്തിയാണ് - 1.7 ലക്ഷം ടൺ. 2016ൽ മത്തിയുടെ ലഭ്യത കേവലം 45,000 ടൺ മാത്രമായിരുന്നു. 2012ന് ശേഷം ആദ്യമാണ് മത്തിയുടെ ലഭ്യതയിൽ ഇത്രയും വർധനവുണ്ടാകുന്നത്. കേരളത്തിൽ മത്തി കൂടിയപ്പോൾ, ആന്ധ്രയിലും തമിഴ്‌നാട്ടിലും മത്തിയുടെ ലഭ്യതയിൽ വൻ കുറവാണുണ്ടായത്. ദേശീയതലത്തിൽ മത്തിയുടെ ലഭ്യത 38 ശതമാനമാണ് കൂടിയത് (ഇന്ത്യയിൽ ആകെ 3.37 ലക്ഷം ടൺ).

മത്തിയുടെ തിരിച്ചുവരവോടെ ദേശീയ തലത്തിൽ മത്സ്യലഭ്യതയിൽ കേരളം മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. കഴിഞ്ഞ തവണ നാലാം സ്ഥാനത്തായിരുന്നു. ഗുജറാത്താണ് തുടർച്ചയായ അഞ്ചാം തവണയും ഒന്നാം സ്ഥാനത്ത്. തമിഴ്‌നാടാണ് രണ്ടാമത്. മത്തി കൂടിയെങ്കിലും സംസ്ഥാനത്ത് അയല ഇത്തവണയും കുറഞ്ഞു. മുൻവർഷത്തേക്കാൾ 29 ശതമാണ് കുറവ്. മത്തി, ചെമ്മീൻ, തിരിയാൻ, കണവ വിഭാഗങ്ങൾ, കിളിമീൻ എന്നിവയാണ് കഴിഞ്ഞ വർഷം കേരളത്തിൽ ഏറ്റവും കൂടുതൽ ലഭിച്ച അഞ്ച് മത്സ്യയിനങ്ങൾ. അയല ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മത്തി കൂടാതെ, പാമ്പാട, ചെമ്മീൻ, കൂന്തൾ, കിളിമീൻ എന്നിവയും ഇത്തവണ കൂടി. അയല, നെയ്മീൻ, മാന്തൽ, കൊഴുവ, ചെമ്പല്ലി എന്നിവയാണ് മുൻ വർഷത്തേക്കാൾ കുറഞ്ഞ മത്സ്യങ്ങൾ.

അതേസമയം, ദേശീയതലത്തിലും സമുദ്രമത്സ്യ ലഭ്യതയിൽ വർധനവുണ്ടായിട്ടുണ്ട്. 5.6 ശതമാനം വർധനവിൽ 38.3 ലക്ഷം ടൺ സമുദ്രമത്സ്യമാണ് ഇത്തവണ ഇന്ത്യയിൽ ആകെ ലഭിച്ചത്. 2012-ന് ശേഷമുള്ള ഏറ്റവും വലിയ അളവാണ് ഇത്. തമിഴ്‌നാട്, കേന്ദ്രഭരണ പ്രദേശങ്ങളായ പോണ്ടിച്ചേരി, ദമാൻ & ദിയു എന്നിവയൊഴിച്ച് എല്ലാ തീരദേശ സംസ്ഥാനങ്ങളിലും വർധനവുണ്ടായി. സിഎംഎഫ്ആർഐയിലെ ഫിഷറി റിസോഴ്സസ് അസസ്മെന്‍റ് വിഭാഗമാണ് കണക്കുകൾ തയാറാക്കിയത്. വകുപ്പ് മേധാവി ഡോ ടി.വി സത്യാനന്ദൻ പഠനഫലങ്ങൾ വിശദീകരിച്ചു. ഡോ സുനിൽ മുഹമ്മദ്, ഡോ‌.ജി മഹേശ്വരുഡു, ഡോ.പി.യു. സക്കറിയ, ഡോ.ഇ.എം അബ്ദുസ്സമദ്, ഡോ.സി.രാമചന്ദ്രൻ എന്നിവർ സംബന്ധിച്ചു.

കഴിഞ്ഞ വർഷം രാജ്യത്തെ ലാൻഡിങ് സെന്‍ററുകളിൽ വിറ്റഴിക്കപ്പെട്ടത് 52,431 കോടി രൂപയുടെ മത്സ്യമാണ്. മുൻവർഷത്തേക്കാൾ 8.4 ശതമാണ് വർധനവ്. ചില്ലറ വ്യാപാര കേന്ദ്രങ്ങളിൽ 78,408 കോടി രൂപയുടെ മീനാണ് വിൽപന നടത്തിയത്. ലാൻഡിങ് സെന്‍ററുകളിൽ ഒരു കിലോ മീനിന് ശരാശരി വില 137 രൂപയും ചില്ലറ വ്യാപാരത്തിൽ 204 രൂപയും ലഭിച്ചു.

ഇന്ത്യയുടെ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവു മികച്ച സമുദ്രമത്സ്യോൽപാദനമാണ് ഇത്തവണത്തേതെന്ന് സിഎംഎഫ്ആർഐ ഡയറക്റ്റർ ഡോ.എ.ഗോപാലകൃഷ്ണൻ പറഞ്ഞു. സിഎംഎഫ്ആർഐയുടെ നിർദ്ദേശപ്രകാരം ചെറുമീനുകളെ പിടിക്കുന്നത് അടക്കമുള്ള മത്സ്യബന്ധന നിയന്ത്രണങ്ങൾ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും മത്സ്യലഭ്യത കൂടാൻ കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Ernakulam
English summary
12% increase in sea fish availability
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X