കോടാലി കാത്ത് 183 മരങ്ങള്‍
ആലപ്പുഴ: ആലപ്പുഴയിലെ കനാല്‍ തീരത്തെ 183 മരങ്ങളുടെ കടക്കല്‍ കത്തിവക്കാന്‍ വനം വകുപ്പ് അനുമതി നല്‍കി. കനാല്‍ നവീകരണത്തിന്റെ ഭാഗമായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണിത്. കനാല്‍ മാനേജ്‌മെന്റ് സൊസൈറ്റിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് വനംവകുപ്പ് അനുമതി നല്‍കിയത്.
അപകടാവസ്ഥയിലുള്ളതും കനാല്‍ നവീകരണത്തിന് തടസ്സമായി നില്‍ക്കുന്നതും ആയ മരങ്ങള്‍ മുറിച്ചുമാറ്റാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. കനാല്‍ നവീകരണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഒമ്പത് കോടി രൂപ അനുവദിച്ച സാഹചര്യത്തിലാണ് നടപടി.

183 മരങ്ങള്‍ മുറിച്ച് മാറ്റുന്നതോടെ എണ്ണൂറോളം പക്ഷികളുടെ ആവാസ വ്യവസ്ഥയാണ് നശിക്കുക എന്നാണ് കോട്ടയം നാച്വര്‍ സൊസൈറ്റി നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇത്രയും മരങ്ങളിലായി 351 പക്ഷിക്കൂടുകള്‍ ഉണ്ട്.
മരങ്ങള്‍ മുറിക്കുന്നതിനെതിരെ ഇതിനകം തന്നെ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. എന്നാല്‍ പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയില്‍ പ്രശ്‌നം പരിഹരിക്കും എന്നാണ് കനാല്‍ മാനേജ്‌മെന്റ് സൊസൈറ്റി ഇപ്പോഴും ഉറപ്പിച്ച് പറയുന്നത്.
വനംവകുപ്പ് ഉദ്യോഗസ്ഥരും ടൂറിസം ഉദ്യോഗസ്ഥരും പരിസ്ഥിതി പ്രവര്‍ത്തകരും ഉള്‍പ്പെട്ട സമിതി നടത്തിയ പഠനത്തിനൊടുവിലാണ് മരങ്ങള്‍ മുറിക്കാന്‍ ശുപാര്‍ശ ചെയ്തതെന്ന് കനാല്‍ മാനേജിമെന്റ് സൊസൈറ്റി അറിയിച്ചു. ജില്ലാ കളക്ടറാണ് സൊസൈറ്റിയുടെ ചെയര്‍മാന്‍.












Click it and Unblock the Notifications