കളമശ്ശേരിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം, 4 പേർ മരിച്ചു, 2 പേരെ രക്ഷപ്പെടുത്തി
കൊച്ചി: കളമശ്ശേരിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. അതിഥി തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ബംഗാള്‍ സ്വദേശികളായ ഫൈജുല്‍, കൂടൂസ്, നൗജേഷ്, നൂറാമിന്‍ എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഏഴ് തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ഇവരില്‍ രണ്ട് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. മണ്ണിനടിയില്‍പ്പെട്ട ഒരാള്‍ക്ക് വേണ്ടിയുളള തിരച്ചില്‍ തുടരുകയാണ്.
കളമശ്ശേരി ഇലക്ട്രോണിക് സിറ്റിയിലാണ് അപകടമുണ്ടായത്. 25 തൊഴിലാളികള്‍ ആണ് ഇവിടെ ജോലി ചെയ്തിരുന്നത്. മണ്ണിടിഞ്ഞ് വീണതിന് ശേഷം കമ്പനി നടത്തിയ കണക്കെടുപ്പിലാണ് 7 പേരെ കാണാനില്ലെന്ന് വ്യക്തമായത്. അപകടം നടന്ന വിവരം പുറംലോകം അറിയാന്‍ വൈകിയെന്ന് നാട്ടുകാര്‍ പറയുന്നു. കളമശ്ശേരി പോലീസും ഫയര്‍ഫോഴ്‌സും ആണ് സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്.

Recommended Video
മണ്ണിടിഞ്ഞ് വീഴുന്നത് കാരണം രക്ഷാപ്രവര്‍ത്തനം ഇവിടെ ബുദ്ധിമുട്ടേറിയതായിരുന്നു. ഇത് മണ്ണിനടിയില്‍പ്പെട്ടവരെ പുറത്തെടുക്കാന്‍ സമയം വൈകിപ്പിച്ചു. അരമണിക്കൂര്‍ നേരത്തെ തിരച്ചിലിന് ഒടുവിലാണ് മണ്ണിനടിയില്‍പ്പെട്ട ആദ്യത്തെ തൊഴിലാളിയെ കണ്ടെത്തിയത്. അതേസമയം കളമശ്ശേരി അപകടം എഡിഎം അന്വേഷിക്കുമെന്ന് കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. അപകട സ്ഥലത്ത് നിര്‍മ്മാണം നിര്‍ത്തി വെക്കാനും കളക്ടര്‍ ഉത്തരവിട്ടിരിക്കുകയാണ്.












Click it and Unblock the Notifications