കൊച്ചിയിലെ വെള്ളക്കെട്ടില്‍ വീണ് വീട്ടമ്മയുടെ രണ്ട് കാലും ഒടിഞ്ഞു; ജോലിക്ക് പോകാനാകാതെ ദുരിതത്തില്‍
കൊച്ചി: നഗരത്തിലെ വെള്ളക്കെട്ടില്‍ വീണ് വീട്ടമ്മയുടെ രണ്ട് കാലുകള്‍ ഒടിഞ്ഞു. കൊച്ചി മുളവുകാട് സ്വദേശി പ്രമീള പ്രകാശന്റെ കാലുകലാണ് ഒടിഞ്ഞത്. പെട്ടിക്കടയില്‍ നിന്ന് വെള്ളം കുടിച്ച് തിരിഞ്ഞപ്പോള്‍ കുഴിയിലേക്ക് വീഴുകയായിരുന്നു. രണ്ട് കണങ്കാലുകളും ഒടിഞ്ഞിട്ടുണ്ട്. രണ്ട് മാസത്തെ വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്.
കാലുകള്‍ ഒടിഞ്ഞതോടെ പ്രമീള ജോലിക്ക് പോകാനാകാതെ ദുരിതത്തിലാണ്. തയ്യല്‍ ജോലിക്കാരിയാണ് പ്രമീള. കൊച്ചി കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആരോപണം. വെള്ളക്കുഴി കാണാവുന്ന വിധത്തിലാണെന്നും പ്രമീള പറയുന്നു. ഈ ഭാഗത്ത് ഇത്തരം അപകടങ്ങള്‍ സ്ഥിരമാണെന്ന് നാട്ടുകാര്‍ പറയുന്നു. പ്രമീള വീണതിന് ശേഷം കുഴി നാട്ടുകാര്‍ താല്‍ക്കാലികമായി അടച്ചുവച്ചിരിക്കുകയാണ്. ഈ റോഡില്‍ ഓടയിലേക്ക് വെള്ളം പോകാനായി ഇത്തരത്തില്‍ വേറെയും കുഴികളുണ്ട്.

അതേസമയം, കൊച്ചിയിലെ വെള്ളക്കെട്ടിനെതിരെ നേരത്തെ ഹൈക്കോടതി ഇടപെട്ടിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ നഗരസഭയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ ജില്ലാ കളക്ടര്‍ക്ക് ഇടപെടാമന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവിറക്കിയിരുന്നു. നഗരസഭ കാര്യക്ഷമമായി ഒന്നും ചെയ്യുന്നില്ലെന്നും കോടതി വിമര്‍ശിച്ചു. എന്തിനാണ് ഇങ്ങനെയൊരു നഗരസഭയെന്നും എന്തുകൊണ്ടാണ് നഗരസഭയെ സര്‍ക്കാര്‍ പിരിച്ചുവിടാത്തതെന്നും ഹൈക്കോടതി ചോദിച്ചു.
സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് നഗരസഭയ്ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്. കോടികള്‍ മുടക്കി ഓപ്പറേഷന്‍ ബ്രേക് ത്രൂ ആദ്യഘട്ടം നടപ്പാക്കിയിട്ടും നഗരം വീണ്ടും വെളളക്കെട്ടില്‍ മുങ്ങിയ പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഇടപെട്ടത്.
കനാല്‍ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് നഗരസഭയ്ക്കെതിരെ കോടതി വിമര്‍ശനം ഉന്നയിച്ചത്. എന്തുകൊണ്ടാണ് നഗരസഭ ഇത്തരത്തില്‍ പെരുമാറുന്നതെന്ന് കോടതി പറഞ്ഞു. മുനിസിപ്പാലിറ്റീസ് ആക്ട് അനുസരിച്ച് സര്‍ക്കാരിന് വേണമെങ്കില്‍ നഗരസഭയെ പിരിച്ചുവിട്ടുകൂടെയെന്നുവരെയുള്ള പരാമര്‍ശങ്ങള്‍ കോടതിയുടെ ഭാഗത്തുനിന്നുണ്ടായി.
മഴ പെയ്താലുടന്‍ വെള്ളം നിറയുന്ന കൊച്ചി നഗരത്തിലെ പ്രശ്‌നം പരിഹരിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ജില്ലാ ഭരണകൂടമാണ് ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ നടപ്പാക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ഏകോപനം ജില്ലാ ഭരണകൂടവും കോര്‍പ്പറേഷനുമായി ഉണ്ടാകുന്നില്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.
കൊച്ചി മെട്രോ: സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി
കൊച്ചി: പേട്ട എസ്.എന്‍ ജംഗ്ഷനില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്കുള്ള മെട്രോ റെയില്‍ പാതയുടെയും സ്റ്റേഷന്റെയും നിര്‍മാണത്തിനാവശ്യമായ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. ഏറ്റെടുത്ത ഭൂമി തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനു കൈമാറി. ആകെ 2.3238 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തത്. ഭൂമി വിട്ടു നല്‍കിയ 80 പേര്‍ക്കും നഷ്ടപരിഹാര തുകകളും കൈമാറി.
ആദ്യഘട്ടത്തില്‍ ഏറ്റെടുത്ത സ്ഥലത്തില്‍ 50 ശതമാനം സ്ഥലത്തും മെട്രോ റെയിലിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. സ്റ്റേഷന്‍ നിര്‍മാണത്തിനാവശ്യമായ പൈലിംഗിന്റെ 68 ശതമാനവും ട്രാക്ക് നിര്‍മാണത്തിനാവശ്യമായ പൈലിംഗിന്റെ 30 ശതമാനവും പൂര്‍ത്തിയായി.












Click it and Unblock the Notifications