അന്യസംസ്ഥാനത്തൊഴിലാളികളുടെ 'സുല്‍ത്താന്‍' എക്‌സൈസ് പിടിയില്‍; വന്‍ ലഹരി വേട്ട
പെരുമ്പാവൂര്‍; അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ലഹരി എത്തിച്ചു നല്‍കുന്ന ബംഗാള്‍ സ്വദേശി അറസ്റ്റില്‍. 2.05 കിലോഗ്രാം കഞ്ചാവുമായി ബംഗാള്‍ സ്വദേശി സുല്‍ത്താന്‍ എന്നയാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ വാണിജ്യ വ്യവസായ മേഖലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അന്യസംസ്ഥാനത്തൊഴിലാളികളെ കേന്ദ്രീകരിച്ച്, കഞ്ചാവും, മറ്റു ലഹരി വസ്തുക്കളും മൊത്തവില്പന നടത്തിവന്നിരുന്നയാളാണ് പിടിയിലായ സുല്‍ത്താന്‍. പെരുമ്പാവൂര്‍ റേഞ്ച് ഇന്‍സ്പെക്ടര്‍ മഹേഷ് കുമാറിന്റെ നേതൃത്വത്തില്‍ ആണ് പ്രതിയെ പിടികൂടിയത്.
സംസ്ഥാനത്ത് ക്രിസ്തുമസ് ന്യൂഇയര്‍ കണക്കിലെടുത്ത് വന്‍ ലഹരി ഇടപാടുകള്‍ നടക്കുമെന്ന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വലിയ പരിശോധനയാണ് എക്‌സൈസിന്റെയും പൊലീസിന്റെയും നേതൃത്വത്തില്‍ നടക്കുന്നത്. തിരുവനന്തപുരം സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷിബു ബി എല്‍ ന്റെ നേതൃത്വത്തില്‍ ആറ്റിങ്ങല്‍ അവനവഞ്ചേരിയില്‍ നിന്ന് എം ഡി എം എ പിടികൂടി യുവാവിനെ അറസ്റ്റ് ചെയ്തു. 2.233 ഗ്രാം എം ഡി എം എയുമായി അക്ഷയ് മോഹന്‍ എന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പ്രദേശത്തുഎം ഡി എം എ വില്പന നടത്താറുണ്ടെന്ന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു റെയിഡ്.

നെയ്യാറ്റിന്‍കര സര്‍ക്കിള്‍ ഓഫീസിലെ എക്‌സൈസ് ഇന്‍സ്പെക്ടര്‍ മോനിരാജേഷും സംഘവും ചേര്‍ന്ന് കഞ്ചാവുമായി മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്തു. അന്‍പത് ഗ്രാം കഞ്ചാവുമായി സുമന്‍ ദാസ്, സുമന്‍ ചന്ദ്ര ദാസ് എന്നിവരെയാണ് ആദ്യം പിടികൂടിയത്. ഇവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോഴാണ് ഇവര്‍ താമസിക്കുന്ന മുറിയില്‍ കൂടുതല്‍ കഞ്ചാവ് ഉണ്ടെന്ന് മനസ്സിലായത്. തുടര്‍ന്ന് മുറി പരിശോധിച്ച് 3.1 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇവരുടെ കൂട്ടാളി ബിഷുദാസിനെയും അവിടെ നിന്ന് അറസ്റ്റ് ചെയ്തു.
ആലുവയില്‍ എം ഇ എസ് ജംഗ്ഷനില്‍ വച്ച് 2.8 കിലോഗ്രാം കഞ്ചാവ് ആസാം സ്വദേശിയില്‍ നിന്നും പിടികൂടി. അബു ഹനിഫ് (27 വയസ്സ് ) എന്നയാളെയാണ് എറണാകുളം സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജീവ് കുമാറും പാര്‍ട്ടിയും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. വാഹന പരിശോധനയില്‍ ചെങ്ങന്നൂര്‍ കുറ്റിക്കാട്പടി ജംഗ്ഷനില്‍ വച്ച് ആള്‍ട്ടോ കാറില്‍ കടത്തുകയായിരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. തിരുവല്ല ഇരവിപേരൂര്‍ സ്വദേശി അരുണ്‍കുമാറിനെയാണ് ചെങ്ങന്നൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിജി ഐപ്പ് മാത്യുവും സംഘവും ചേര്‍ന്ന് പിടികൂടിയത്. അമ്പതിനായിരം രൂപയോളം വിലവരുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ വണ്ടിയില്‍ ഉണ്ടായിരുന്നു. പ്രതിയെയും തൊണ്ടി സാധനങ്ങളും, വാഹനവും ചെങ്ങന്നൂര്‍ പോലീസിന് കൈമാറി.












Click it and Unblock the Notifications