'ലക്ഷ്യം നിയമസഭ' ; കേരളത്തിലും ശക്തിയാകാൻ തയ്യാറെടുത്ത് ആംആദ്‌മി പാർട്ടി
എറണാകുളം : രാജ്യതലസ്ഥാനത്തിന് പുറമെ പഞ്ചാബിലും ഭരണം പിടിച്ച ആത്മവിശ്വാസത്തോടെ കേരളത്തിലും സജീവമാകാൻ ഒരുങ്ങുകയാണ് ആംആദ്‌മി പാർട്ടി. രാജ്യത്ത് പുതിയൊരു ബദലാകാം എന്ന ആത്മവിശ്വാസത്തോടെയാണ് തയ്യാറെടുപ്പുകളുമായി ആംആദ്‌മി പാർട്ടി മുന്നോട്ട് നീങ്ങുന്നത്. ഡൽഹിയിൽ ആദ്യഘട്ടത്തിൽ ഭരണത്തിലേറിയ സാഹചര്യത്തിൽ തന്നെ കേരളത്തിൽ ആംആദ്‌മി പാർട്ടി രൂപീകരണം നടന്നിരുന്നു. നിലവിലെ സാഹചര്യത്തിൽ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ആംആദ്‌മി. അതിനിടെ കേരളത്തിൽ പാർട്ടി പുതിയ ഓഫീസും തുറന്നു. സംസ്ഥാന കമ്മിറ്റിയുടെ പ്രവർത്തനത്തിനായി കൊച്ചിയിലാണ് പുതിയ ഓഫീസ് തുറന്ന് പ്രവർത്തനം തുടങ്ങിയത്.
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് എതിർവശം മേത്തർ ബിൽഡിംഗിലാണ് ആം ആദ്മി പാർട്ടിയുടെ പുതിയ കേരള സംസ്ഥാന ഓഫീസ് ആരംഭിച്ചിരിക്കുന്നത്. കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി (ദേശീയ നിരീക്ഷകൻ) എൻ രാജ സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനം ചെയ്‌തു.

കേരളത്തിലും ആംആദ്‌മി പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും പാർട്ടി ദേശിയ സമിതിയുടെ ഫോക്കസ് സംസ്ഥാനങ്ങളിൽ കേരളത്തെയും ഉൾപ്പെടുത്തുമെന്നും എൻ രാജ പറഞ്ഞു. കേരളത്തിൽ സംഘടന സംവിധാനം ശക്തിപ്പെടുത്തി അടുത്ത പഞ്ചായത്ത് നിയമസഭ തെരഞ്ഞെടുപ്പുകൾക്കായി സജ്ജമാക്കുകയെന്നതാണ് തന്‍റെ ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പഞ്ചാബിലെ വിജയത്തിന് ശേഷം മറ്റു സംസ്ഥാനങ്ങളിലേക്കും ആംആദ്‌മി പാർട്ടിയെ വിപുലപ്പെടുത്തുകയാണ്. ഈ വർഷം അവസാനം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പും ആംആദ്‌മി മുന്നിൽക്കാണുന്നുണ്ട്. ഹിമാചൽ പ്രദേശിൽ മുൻ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ മനീഷ് താക്കൂർ തന്റെ അനുയായികൾക്കൊപ്പം അടുത്തിടെ ആം ആദ്മി പാർട്ടിയിൽ ചേർന്നിരുന്നു. ഇതോടെ സംസ്ഥാനത്ത് കോൺഗ്രസ് അൽപം പരുങ്ങലിലാണ്.
കൂടുതൽ യുവ നേതാക്കൾ ഉടൻ കോൺഗ്രസ് വിട്ടേക്കുമെന്ന് അഭ്യൂഹവും ശക്തമാണ്. യൂത്ത് കോൺഗ്രസിന്റെയും എൻ എസ് യുഐയുടെയും സംസ്ഥാന ചുമതലയുള്ള സന്ദീപ് കുമാറും കോൺഗ്രസിൽ നിന്ന് രാജിവെച്ചിട്ടുണ്ട്. ഇദ്ദേഹവും എ എ പിയിലേക്ക് എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗോവയിൽ രണ്ട് എംഎൽഎമാരെ നിയമസഭയിലേക്ക് അയക്കാൻ ആംആദ്‌മിക്ക് കഴിഞ്ഞിട്ടുണ്ട്.

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 117ല്‍ 92 സീറ്റും നേടിയാണ് ആം ആദ്മി വിജയം കൊയ്‌തത്. സംസ്ഥാനത്ത് കോൺഗ്രസ് പൂർണമായും പരാജയപ്പെട്ടു. പഞ്ചാബില്‍ കോണ്‍ഗ്രസിനെ തുടച്ചുനീക്കിയ ആം ആദ്മി, ദില്ലിയില്‍ തുടര്‍ച്ചയായി നേടിയ വിജയങ്ങളിലൂടെ ബിജെപിയെയും കോണ്‍ഗ്രസിനെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നു.












Click it and Unblock the Notifications