കാക്കനാട്ടെ ഡിഎല്‍എഫ് ഫ്‌ളാറ്റില്‍ 350 ഓളം പേര്‍ക്ക് ഛര്‍ദിയും വയറിളക്കവും; ജലസാമ്പിള്‍ പരിശോധനക്കയച്ചു
എറണാകുളം: കൊച്ചി കാക്കനാട്ടെ ഡി എല്‍ എഫ് ഫ്‌ളാറ്റിലെ താമസക്കാര്‍ക്ക് കൂട്ടത്തോടെ ഛര്‍ദിയും വയറിളക്കവും. അസ്വസ്ഥത പ്രകടിപ്പിച്ച 350 പേര്‍ ചികിത്സ തേടിയതായാണ് വിവരം. കുടിവെള്ളത്തില്‍ നിന്നാണ് രോഗം പടര്‍ന്നത് എന്നാണ് സംശയം. കുടിവെള്ളത്തില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യമുള്ളതായി സംശയം ഉയര്‍ന്നിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ജല സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകളും ക്ലോറിനേഷന്‍ അടക്കമുള്ള നടപടികളും ഉണ്ടാകും. രോഗ ബാധയുടെ കാരണം വ്യക്തമാകാന്‍ ആരോഗ്യ വകുപ്പ് ശേഖരിച്ചിട്ടുള്ള വെള്ളത്തിന്റെ പരിശോധന ഫലം വരണം. 15 ടവറുകളിലായി 1268 ഫ്‌ളാറ്റില്‍ 5000 ത്തിലേറെ ആള്‍ക്കാരാണ് ഇവിടെ താമസിക്കുന്നത്. ഫ്‌ളാറ്റിലെ കിണറുകള്‍, മഴവെള്ളം, ബോര്‍വെല്‍, മുനിസിപ്പല്‍ ലൈന്‍ തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന ജല സ്രോതസുകള്‍.

ഇവയില്‍ ഏതില്‍ നിന്നാണ് രോഗം പടര്‍ന്നത് എന്ന് കണ്ടെത്തേണ്ടതുണ്ട്. നിലവില്‍ ഈ സ്രോതസുകള്‍ എല്ലാം അടച്ചിരിക്കുകയാണ്. ടാങ്കര്‍ വഴി വെള്ളം എത്തിച്ചാണ് ഫ്‌ളാറ്റില്‍ ജല വിതരണം നടത്തുന്നത്. കഴിഞ്ഞ ആഴ്ച മുതലാണ് ഫ്ളാറ്റിലെ താമസക്കാര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ചികിത്സയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ല എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
അഞ്ച് വയസില്‍ താഴെയുള്ള 25 ല്‍ അധികം കുട്ടികള്‍ക്ക് ഛര്‍ദിയും വയറിളക്കവും പിടിപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം. അതേസമയം ആരോഗ്യ മന്ത്രിയുടെ ഓഫിസില്‍ ഇന്നലെ വിളിച്ച് പരാതി പറഞ്ഞ ശേഷമാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ എത്തിയതെന്ന് താമസക്കാര്‍ ആരോപിച്ചു. സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസറോട് ആരോഗ്യമന്ത്രി വീണ ജോര്‍ജ് റിപ്പോര്‍ട്ട് തേടി.
ഇന്നലെയാണ് ഫ്‌ളാറ്റിലുള്ളവര്‍ വിളിച്ച് പ്രശ്‌നം പറഞ്ഞതെന്ന് വീണാ ജോര്‍ജ് പറഞ്ഞു. 800 ല്‍ അധികം പേര്‍ക്ക് അസുഖമുണ്ടായി എന്നാണ് പറഞ്ഞത എന്നും ഉടനെ ആരോഗ്യ വകുപ്പ് മേധാവിയെ വിളിച്ച് വിവരം പറഞ്ഞെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യ ആശുപത്രിയിലാണ് മിക്കവരും ചികിത്സ തേടിയത് എന്നതിനാല്‍ ആരോഗ്യ വകുപ്പില്‍ ഈ വിവരം ലഭിച്ചിരുന്നില്ല. അതിനിടെ ടാങ്കുകളെല്ലാം ശുചിയാക്കി പുതിയ വെള്ളം നിറച്ചതായി അസോസിയേഷന്‍ വ്യക്തമാക്കി.












Click it and Unblock the Notifications