മോഡലുകളുടെ മരണം; ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ പരിശോധന; ഹാർഡ് ഡിസ്ക് പിടിച്ചെടുത്തു
കൊച്ചി: മുൻ മിസ് കേരളയുടെയും റണ്ണർ അപ്പിൻ്റെയും മരണത്തിൽ ഫോർട്ട് കൊച്ചി പൊലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള നമ്പർ 18 ഹോട്ടലിൽ അന്വേഷണ സംഘം പരിശോധന നടത്തി. അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ടെടുത്ത ഹാർഡ് ഡിസ്കിൻ്റെ പാസ്സ്‌വേർഡ് അറിയില്ലെന്ന് ഹോട്ടലുടമ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ദൃശ്യങ്ങൾ അടുത്ത ദിവസം വിശദമായി പരിശോധിക്കാനാണ് പൊലീസ് തീരുമാനം.

ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ നടന്ന ആഘോഷ പാർട്ടി (ഡി.ജെ.പാർട്ടി) കഴിഞ്ഞ് മടങ്ങുമ്പോഴാണ് അൻസിയെയും അഞ്ജനയെയും ആഷിഖിനെയും മരണം കവർന്നെടുക്കുന്നത്. അപകടത്തില്‍ 2019ലെ മിസ് കേരളയും ആറ്റിങ്ങല്‍ സ്വദേശിയുമായ അന്‍സി കബീര്‍ (25), 2019 ലെ മിസ് കേരള റണ്ണറപ്പും തൃശൂര്‍ സ്വദേശിയുമായ അഞ്ജന ഷാജന്‍ (24) എന്നിവരാണ് സംഭവ ദിവസം മരിച്ചത്.

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കഴിഞ്ഞ ദിവസം ആശുപത്രി വിട്ട അബ്ദുൾ റഹ്മാനെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അമിതമായി മദ്യപിച്ചിരുന്നതായി വാഹനത്തിലുണ്ടായിരുന്ന തൃശ്ശൂര്‍ മാള സ്വദേശി അബ്ദുൾ റഹ്മാൻ മൊഴി നൽകിയിരുന്നു. ഇയാൾക്കെതിരെ പൊലീസ് മനപൂർവമല്ലാത്ത നരഹത്യയ്ക്കും മദ്യപിച്ച് വാഹനമോടിച്ചതിനും കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ആഷിഖ് എന്ന യുവാവ് കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ചിരുന്നു. തൃശൂര്‍ വെമ്പല്ലൂര്‍ കട്ടന്‍ബസാര്‍ കറപ്പം വീട്ടില്‍ അഷ്‌റഫിന്റെ മകനായിരുന്നു മുഹമ്മദ് ആഷിഖ് എന്ന ഇരുപതിയഞ്ചുകാരൻ. ഡ്രൈവർക്ക് പുറമേ കാറിൽ മൂന്നു പേരായിരുന്നു ഉണ്ടായിരുന്നത്. അപകടത്തിൽപ്പെട്ട മൂന്നു പേരും ഇതോടെ മരിച്ചു. ഡ്രൈവറെയും പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി വിട്ട ഉടൻ പാലാരിവട്ടം പൊലീസ് അബ്ദുൾ റഹ്മാനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

തലയ്ക്കായിരുന്നു ആഷിഖിന് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. വൈറ്റില ഭാഗത്തു നിന്ന് ഇടപ്പള്ളി ഭാഗത്തേക്കു പോകുകയായിരുന്ന കാര്‍ ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ ഇടത്തേക്കു വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. അപകടത്തിൽപെട്ട ബൈക്ക് യാത്രക്കാരൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.

2019-ൽ നടന്ന മിസ് കേരള മത്സരത്തിലെ വിജയിയായിരുന്നു തിരുവനന്തപുരം ആറ്റിങ്ങൽ ആലങ്കോട് സ്വദേശി അൻസി കബീർ. ഇതേ മത്സരത്തിലെ റണ്ണർ അപ് ആയിരുന്നു ആയുർവേദ ഡോക്ടർ കൂടിയായ തൃശ്ശൂർ ആളൂർ സ്വദേശി അഞ്ജന ഷാജൻ. കൂടാതെ, ഇരുവരും കേരളത്തിലെ മോഡലിംഗ് സൗന്ദര്യ മത്സരങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരായ മൂവരുടെയും മരണത്തിൽ വിറങ്ങലിച്ചിരിക്കുകയാണ് സുഹൃത്തുക്കളും കുടുംബാംഗങ്ങളും.

അതേസമയം, കൊവിഡ് കാലത്ത് ഡി.ജെ പോലുളള കൂടിച്ചേരലുകൾക്ക് നിയന്ത്രണങ്ങൾ വരുത്തിയിട്ടുള്ളപ്പോഴാണ് ഫോർട്ട് കൊച്ചി പൊലീസ് സ്റ്റേഷന് തൊട്ടടുത്ത് രാത്രിയും പകലുമായി മണിക്കൂറുകളോളം നീളുന്ന പാർട്ടികള്‍ അരങ്ങേറിയത്. നിശ്ചിതസമയം കഴിഞ്ഞും മദ്യവിൽപ്പന നടത്തിയതിനാണ് ഹോട്ടലിന്‍റെ ബാർ ലൈസൻസ് തൊട്ടടുത്ത ദിവസം എക്സൈസ് സസ്പെൻഡ് ചെയ്തത്. ലഹരിമരുന്ന് വിതരണം എന്ന സംശയത്തിന്റെ പേരിൽ എക്സൈസും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ മാർച്ചിൽ കേന്ദ്ര എജൻസികളും ഇവിടെ പരിശോധനയ്ക്കെത്തിയതാണ്. എന്നാൽ, ഇവിടെ നടന്ന ഡി.ജെ പാർട്ടിയെക്കുറിച്ച് പ്രതികരിക്കാൻ ഹോട്ടലുടമ തയാറായിട്ടില്ല.
അമ്മയെ പോലെ തന്നെ സുന്ദരി; ദിവ്യ ഉണ്ണിയുടെയും മകളുടെയും ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications