ഭാര്യയെ പരിശോധിക്കുന്നതിനിടെ ഡോക്ടറെ മർദ്ദിച്ച സംഭവം: ഭർത്താവ് അറസ്റ്റിൽ
ആലുവ: രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടറെ മർദ്ദിച്ച കേസിലെ പ്രതി അറസ്റ്റിൽ. എടത്തല തഖ്ദീസ് ആശുപത്രിയിൽ വെച്ച് ഡോക്ടറെ മർദ്ദിച്ച കേസിൽ എടത്തല പീടികപ്പറമ്പിൽ മുഹമ്മദ് കബീറാണ് അറസ്റ്റിലായിട്ടുള്ളത്. വെള്ളിയാഴ്ച രാത്രി എടത്തല പോലീസ് സ്റ്റേഷനിലെത്തിയ ശേഷം പ്രതി കീഴടങ്ങുകയായിരുന്നു. അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ജീസൺ ജോണിയെ മർദ്ദിച്ചെന്നായിരുന്നു പരാതി. ഭാര്യയെ ഡോക്ടർ പരിശോധിച്ച് കൊണ്ടിരിക്കുന്നതിനിടെ അസഭ്യം പറഞ്ഞുകൊണ്ട് ഡോക്ടറെ മർദ്ദിക്കുകയായിരുന്നുവെന്നാണ് പ്രതിക്കെതിരെയുള്ള ആരോപണം. ആഗസ്റ്റ് മൂന്നിനായിരുന്നു സംഭവം.
സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയതോടെ പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സമരം ആരംഭിച്ചിരുന്നു. കൂടാതെ മനുഷ്യാവകാശ കമ്മീഷൻ, ജില്ലാ പോലീസ് മേധാവി എന്നിവരോട് റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. ഇതോടെയാണ് പോലീസ് പ്രതിയ്ക്കായുള്ള അന്വേഷണം വ്യാപകമാക്കിയത്. ഇതിനിടെ ഡോക്ടർമാർ എറണാകുളം ജില്ലയിൽ ഒപി ബഹിഷ്കരിച്ച് ഡോക്ടർമാർ റൂറൽ ജില്ല പോലീസ് ആസ്ഥാനത്തേക്ക് ധർണ്ണ നടത്തുകയും ചെയ്തിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യാത്ത നടപടിയിൽ പ്രതിഷേധിച്ചായിരുന്നു നീക്കം.

ഭാര്യയ്ക്കും ഒമ്പത് വയസ്സുള്ള കുട്ടിയ്ക്കും ഒപ്പം ആശുപത്രിയിലെത്തിയപ്പോഴാണ് ഡോക്ടറെ ആക്രമിച്ചത്. അത്യാഹിത വിഭാഗത്തിലെ മൂന്ന് നഴ്സുമാരുടെ സാന്നിധ്യത്തിലായിരുന്നു സംഭവം. ഡോക്ടർ കുടുംബാംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഭാര്യയോട് ആരാഞ്ഞതോടെയാണ് ഇയാൾ ഡോക്ടറെ ആക്രമിച്ചത്. ഒമ്പത് വയസ്സുള്ള മകൾക്ക് പനിയും വയറുവേദനയുമാണ് ആശുപത്രിയിലെത്തിക്കുമ്പോഴുണ്ടായിരുന്നത്.
കൊവിഡ് പോസിറ്റീവായിരുന്ന യുവതിയ്ക്ക് നെഗറ്റീവായിരുന്നു. എന്നാൽ ഇവരെ പരിശോധിക്കുന്നതിനിടെ പ്രതി ഡോക്ടറെ പിന്നിൽ നിന്ന് ആക്രമിക്കുകയായിരുന്നു. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെത്തിയാണ് ഡോക്ടറെ ഇയാളുടെ ആക്രമണത്തിൽ നിന്ന് രക്ഷിച്ചത്. ആശുപത്രി സംരക്ഷണ നിയമം അനുസരിച്ചും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. വിദേശത്തായിരുന്ന പ്രതി രണ്ടാഴ്ച മുൻപാണ് കേരളത്തിലേക്ക് എത്തിയത്.
സംസ്ഥാനത്ത് ഡോക്ടർമാർക്കെതിരെ ആക്രമണമുണ്ടായ സംഭവങ്ങളെക്കുറിച്ച് അറിയില്ലെന്ന ആരോഗ്യമന്ത്രിയുടെ പരാമർശം വിവാദമായിരുന്നു. ഇതിന് പിന്നാലെ പ്രസ്താവന തിരുത്തി മന്ത്രി രംഗത്തെത്തുകയും ചെയ്തിരുന്നു. മറുപടി തയ്യാറാക്കിയപ്പോൾ പിഴവ് സംഭവിച്ചതായിരുന്നുവെന്ന വിശദീകരണമാണ് മന്ത്രി നൽകിയത്. സംസ്ഥാനത്ത് ആറിടങ്ങളിൽ ഡോക്ടർമാർക്കെതിരെ ആക്രമണങ്ങളുണ്ടായെന്നും വീണാ ജോർജ് ആരോഗ്യമന്ത്രിയായിരിക്കെയാണ് ഈ ആക്രമണങ്ങൾ ഉണ്ടായിട്ടുള്ളതെന്നും ഐഎംഎ ചൂണ്ടിക്കാണിച്ചിരുന്നു.












Click it and Unblock the Notifications