അന്ന് നാട്ടുകാർക്കൊപ്പം അന്ന ബെന്നും: ഇന്ന് ഇതാ കെസ്ആർടിസിക്ക് പിന്നാലെ ദ്വീപിലേക്ക് സ്വകാര്യ ബസ്സും
കൊച്ചി: വൈപ്പിനിൽ നിന്ന് കൊച്ചിയിലേയ്ക്കുള്ള ബസ്സുകളുടെ നഗരപ്രവേശനം സാധ്യമാക്കുന്നതിനുള്ള അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ ഉത്തരവ് നൽകിയതായി ഗതാഗത മന്ത്രി ആന്റണി രാജു. വർഷങ്ങളായി ദ്വീപ് നിവാസികള്‍ ഉയർത്തുന്ന ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ട് നടി അന്ന ബെന്‍ അടുത്തിടെ മുഖ്യമന്ത്രിക്ക് കത്തെഴുതുതയും ചെയ്തിരുന്നു.
കൊച്ചി നഗരത്തിലെ ചില റൂട്ടുകൾ ദേശസാൽക്കരിക്കപ്പെട്ടതിനാൽ ഗോശ്രീ പാലത്തിലൂടെയുള്ള ബസ്സുകൾക്ക് ഹൈക്കോടതി ജംഗ്ഷൻ വരെയായിരുന്നു യാത്രാ അനുമതി ഉണ്ടായിരുന്നത്. അവിടെ നിന്ന് മറ്റ് ബസുകളിൽ കയറിയാണ് ദ്വീപു നിവാസികൾ കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പോയിരുന്നത്. 2004-ൽ ഗോശ്രീ പാലങ്ങളുടെ പണി പൂർത്തിയായതു മുതൽ വൈപ്പിനിൽ നിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ചുരുക്കം ചില കെഎസ്ആർടിസി ബസുകളെ മാത്രം ആശ്രയിച്ചായിരുന്നു വൈപ്പിൻ നിവാസികളുടെ നേരിട്ടുള്ള യാത്ര.

പുതിയ കൂടുതൽ ബസുകൾക്ക് പെർമിറ്റ് അനുവദിക്കുന്നതോടെ ഈ മേഖലയിലെ യാത്രക്കാരുടെ ദീർഘനാളത്തെ പരാതികൾക്കാണ് പരിഹാരമാകുന്നത്. ബസ്സുകളുടെ നഗരപ്രവേശനം സംബന്ധിച്ച് കരട് വിജ്ഞാപനം ഇറക്കി മോട്ടോർ വാഹന നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങൾ പാലിച്ചതിനു ശേഷമാണ് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുവാനുള്ള ഉത്തരവ് നൽകിയത്. നിരവധി വർഷങ്ങളായുള്ള വൈപ്പിൻ നിവാസികളുടെ യാത്ര പ്രശ്‌നത്തിനാണ് ഇതോടെ ശാശ്വത പരിഹാരമാവുന്നതെന്ന് മന്ത്രി പറഞ്ഞു.
സ്വകാര്യ ബസുകളുടെ നഗരപ്രവേശനമെന്ന വൈപ്പിൻ ജനതയുടെ ജീവിത സ്വപ്നം സാക്ഷാത്കരിക്കുമെന്നു തിരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനം പാലിച്ചിരിക്കുന്നു. നിസാര ദൗത്യമായിരുന്നില്ല മുന്നിൽ. യത്നങ്ങൾക്കു ഇടതുപക്ഷ സർക്കാരും ഗതാഗത മന്ത്രിയും എല്ലാ പിന്തുണയും നൽകി. നിയമ കുരുക്കുകൾ ഒഴിവാക്കിക്കൊണ്ടുള്ള നഗരപ്രവേശനം സാധ്യമാക്കാനാണ് ഇത്രയും ദീർഘവും ബുദ്ധിമുട്ടേറിയതുമായ നടപടിക്രമങ്ങളിലൂടെ കടന്നു പോയത്.
ഗോശ്രീപാലം യാഥാർത്ഥ്യമായത് സഹോദരൻ അയ്യപ്പൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെ നൂറ്റാണ്ടു മുമ്പ് വിഭാവനം ചെയ്തതാണ്. പാലം യാഥാർഥ്യമായെങ്കിലും 18 വർഷമായി ബസ്സുകളുടെ നഗര പ്രവേശനം യാഥാർഥ്യമാകാത്തത് മൂലം യാത്രികർക്ക് എറണാകുളം നഗരത്തിലേക്കുള്ള യാത്രകൾക്ക് അസൗകര്യങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഗതാഗത മന്ത്രിയുടെ വിജ്ഞാപനം വന്നതോടെ ബസ്സുകളുടെ നഗര പ്രവേശനം സാധ്യമായിരിക്കുകയാണെന്ന് വൈപ്പിന്‍ എം എല്‍ എ ഉണ്ണി കൃഷ്ണനും അറിയിച്ചു.
നഗരപ്രവേശനത്തിനു വേണ്ടി പതിറ്റാണ്ടായി ഒരു സമരകോലാഹലവും നാട്ടിൽ ഉണ്ടായില്ല. വിഷയത്തിൽ നടപടി വാഗ്ദാനം ചെയ്യുകയും നിയമസഭയിൽ ഉന്നയിക്കുകയും ചെയ്തതോടെ പലരും ഇത് രാഷ്ട്രീയ പ്രേരിത സമര വിഷയമാക്കി. സ്ഥാപിത താൽപര്യത്തോടെ സർക്കാർ വിരുദ്ധ വികാരം സൃഷ്ടിക്കാൻ പല ശക്തികളും ശ്രമിച്ചു. എല്ലാ ദുഷ് പ്രചാരണങ്ങളും അപവാദങ്ങളും തൃണവത്ഗണിച്ചു സർക്കാർ വൈപ്പിൻ എംഎൽഎ എന്ന നിലക്കുള്ള ആവശ്യം പരിഗണിച്ചു. അതിൽ വളരെയേറെ നന്ദിയുണ്ട്.
ദീർഘമായ പ്രക്രിയകൾക്ക് നേതൃത്വം നൽകി. ഇതു തുടരുന്നതിനിടെ നടപടിക്രമങ്ങൾ ശരിയാം വണ്ണം മനസ്സിലാക്കാത്തവർ വീണ്ടും സമരത്തിനും ആശങ്കകൾ പരത്തുന്നതിനും തുനിഞ്ഞിറങ്ങി. അതിന്റെയെല്ലാം തനിനിറം ഇപ്പോൾ വെളിച്ചത്തായിരിക്കുന്നു. ഇനിയെങ്കിലും ഇത്തരക്കാർ പൊതു പ്രശ്നങ്ങൾ യഥാവിധം മനസ്സിലാക്കി പ്രവർത്തിക്കട്ടെ എന്നാശംസിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications