നടന്‍ ജോജു-കോണ്‍ഗ്രസ് പ്രശ്‌നം വരും മണിക്കൂറുകളില്‍ തീരും; ഒത്തുതീര്‍പ്പ് ചര്‍ച്ച
കൊച്ചി: നടന്‍ ജോജു ജോര്‍ജും കോണ്‍ഗ്രസ് നേതാക്കളും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പിലേക്ക്. വരും മണിക്കൂറില്‍ രമ്യമായ പരിഹാരത്തിനുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ഹൈബി ഈഡന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചര്‍ച്ച. ജോജുവിന്റെ സുഹൃത്തുക്കള്‍ക്കും പ്രശ്‌നം അവസാനിപ്പിക്കണമെന്ന നിലപാടാണുള്ളത്. കേസുകള്‍ പിന്‍വലിക്കുന്ന കാര്യം നിയമവശം പരിശോധിച്ച് തീരുമാനിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. പെട്ടെന്നുണ്ടായ പ്രകോപനമാണ് തര്‍ക്കത്തിലെത്തിയത്. ജനങ്ങള്‍ക്ക് പ്രായമുണ്ടായതില്‍ ഖേദമുണ്ടെന്ന് നേരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച ഇടപ്പള്ളി-വൈറ്റില ബൈപ്പാസില്‍ ഇന്ധന വില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് ഉപരോധ സമരം സംഘടിപ്പിച്ചിരുന്നു. വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ടായിരുന്നു സമരം. വലിയ ഗതാഗത തടസത്തിന് ഇത് കാരണമായി. ഇതിനിടെയാണ് ബ്ലോക്കില്‍പ്പെട്ട നടന്‍ ജോജു ജോര്‍ജ് കോണ്‍ഗ്രസ് സമരക്കാര്‍ക്ക് നേരെ പ്രതിഷേധിച്ചത്. വലിയ വാക്കേറ്റമുണ്ടായി. ജോജു വനിതാ പ്രവര്‍ത്തകരോട് മോശമായി പെരുമാറിയെന്ന് കാണിച്ച് കോണ്‍ഗ്രസ് രംഗത്തുവന്നു. ജോജുവിന്റെ വാഹനത്തിന് നേരെ ആക്രമണമുണ്ടായി. ജോജു മദ്യപിച്ചിരുന്നുവെന്ന കോണ്‍ഗ്രസ് ആരോപണം വൈദ്യ പരിശോധനയില്‍ തെറ്റാണെന്ന് തെളിഞ്ഞു.
ജോജുവിനെതിരെ കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന് കൊച്ചി കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, ജോജുവിന്റെ വാഹനം തകര്‍ത്ത കേസില്‍ 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. റോഡ് തടസപ്പെടുത്തിയതിന് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തു. ഒരു കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെ അറസ്റ്റ് ചെയ്തു. ജോജുവിനെതിരെ മോട്ടോര്‍ വാഹന നിയമ പ്രകാരം പരാതി നല്‍കി കോണ്‍ഗ്രസ് നേതാക്കള്‍. ഇതോടെ ഇരുഭാഗവും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന അവസ്ഥ വന്നു. പിന്നീടാണ് സമവായത്തിന്റെ വഴി സ്വീകരിക്കണമെന്ന ചര്‍ച്ച. ഈ ചര്‍ച്ചയാണ് ഇപ്പോള്‍ സമവായത്തിലേക്ക് നയിച്ചത്.
റോഡ് ഉപരോധിച്ച കേസില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആണ് ഒന്നാം പ്രതി. ടിജി പൗലോസ്, കൊടിക്കുന്നില്‍ സുരേഷ് എംപി എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. വിപി സജീന്ദ്രന്‍, ദീപ്തി മേരി വര്‍ഗീസ്, ടോണി ചമ്മണി, ജോഷി പള്ളന്‍, എന്‍ വേണുഗോപാല്‍, സേവ്യര്‍ സായങ്കരി, മുഹമ്മദ് കുട്ടി മാസ്റ്റര്‍, ഡൊമിനിക് പ്രസന്റേഷന്‍, വിഷ്ണു, പിവൈ ഷാജഹാന്‍, കൗണ്‍സിലര്‍ മാലിനി കുറിപ്പ് എന്നിവരാണ് മറ്റു പ്രതികള്‍. മാര്‍ഗ തടസം സൃഷ്ടിച്ചു, പൊതു ജനത്തിന് സ്വീകാര്യമാകാത്ത വിധം പ്രവര്‍ത്തിച്ചു, കൊവിഡ് മാനദണ്ഡം ലംഘിച്ചു, പൊതുമുതല്‍ നശിപ്പിച്ചു എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. നേതാക്കള്‍ക്ക് പുറമെ, കണ്ടാലറിയാവുന്ന 50 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസുണ്ട്.












Click it and Unblock the Notifications