ജോജുവിന്റെ വാഹനം തല്ലിത്തകര്‍ത്ത കേസ്; ടോണി ചമ്മണി അടക്കം ആറ് കോണ്‍ഗ്രസുകാര്‍ കീഴടങ്ങി
കൊച്ചി: നവംബര്‍ ഒന്നിന് എറണാകുളത്ത് നടന്ന കോണ്‍ഗ്രസ് സമരത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തല്ലിപ്പൊളിച്ച കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കീഴടങ്ങി. ടോണി ചമ്മണി അടക്കം ആറ് പേരാണ് ഇപ്പോള്‍ പൊലീസില്‍ കീഴടങ്ങിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിമാരായ മനു ജേക്കബ്, പിവൈ ഷാജഹാന്‍, ജെര്‍ജസ്, അരുണ്‍ വര്‍ഗീസ് എന്നിവരാണ് കീഴടങ്ങിയത്. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.

മരട് പൊലീസ് സ്റ്റേഷനിലേക്ക് ജില്ലയിലെ പ്രമുഖ നേതാക്കള്‍ക്കൊപ്പം പ്രകടനമായാണ് ഇവര്‍ എത്തിയത്. പ്രകടനമായി എത്തിയവര്‍ ജോജു ജോര്‍ജിന്റെ കോലം കത്തിച്ചു. അതേസമയം, തനിക്കെതിരെ വ്യാജ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നതെന്ന് ടോണി ചമ്മണി പ്രതികരിച്ചു.
കേസിനെ നിയമപരമായി രാഷ്ട്രീയപരമായും നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ധനവില വര്‍ദ്ധനവിനെതിരെയാണ് കോണ്‍ഗ്രസ് സമരം നടത്തിയത്. സാധാരണക്കാരനെ ബാധിക്കുന്ന വിഷയമായതിനാല്‍ സമരം തീക്ഷണമായിരുന്നു. ഈ സമരം അലങ്കോലപ്പെടുത്താനാണ് ജോജു ശ്രമിച്ചത്. ഇതിന് എതിരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതികരിച്ചതെന്നും ടോണി ചമ്മണി പറഞ്ഞു.
സാധാരണക്കാരുടെ നട്ടെല്ലൊടിക്കുന്ന ഇന്ധന വിലവര്‍ധനവിനെതിരെ എറണാകുളം ജില്ലാ കോണ്ഗ്രസ് കമ്മിറ്റി നടത്തിയ സമരം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച ജോജു എന്ന വ്യക്തി എനിക്കെതിരെ കൊടുത്ത കള്ളകേസില്‍ നിയമ വ്യവസ്ഥകളെ അംഗീകരിക്കുന്ന ഒരു പൗരന്‍ എന്ന നിലയില്‍ ഇന്ന് മരട് പോലീസ് സ്റ്റേഷനില്‍ ഹാജരാകും. നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം ഉള്ളതിനാല്‍ നിരപരാധിത്വം തെളിയിക്കാനാവും എന്ന ഉത്തമ ബോധ്യം എനിക്കുണ്ട്. പിന്തുണച്ച മുഴുവന്‍ ജനങ്ങള്‍ക്കും നന്ദി. ഇന്ധന വിലവര്‍ധനവിനെതിരെയുള്ള പോരാട്ടം ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ് തുടരുക തന്നെ ചെയ്യുമെന്ന് ടോണി ചമ്മണി പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് നേരത്തെ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജോജുവിന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാറിന്റെ ചില്ലാണ് അക്രമികള്‍ അടിച്ചുതകര്‍ത്തത്. പോലീസ് എഫ് ഐ ആര്‍ പ്രകാരം ആറ് ലക്ഷം രൂപയുടെ നഷ്ടമാണ് കാറിനുണ്ടാക്കിയിരിക്കുന്നത്.
അതേസമയം, സമരത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജുമായി ഉണ്ടായ പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കാന്‍ തയ്യാറാണെന്ന് ഡി സി സി സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് അറിയിച്ചിരുന്നു. ഇരു കൂട്ടരും പ്രകോപനപരമായി പെരുമാറിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ജോജുവിനോട് മാപ്പു പറയാന്‍ പോലും തങ്ങള്‍ തയ്യാറാണെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞിരുന്നു. എന്നാല്‍ ഈ സമവായ ചര്‍ച്ചകള്‍ പിന്നീട് പരാജയപ്പെടുകയാണ് ചെയ്തത്.












Click it and Unblock the Notifications