നിയമലംഘനം നടത്തിയതിന് എഐ ക്യാമറ പൊക്കിയ വാഹനങ്ങളിൽ സർക്കാർ വാഹനങ്ങളും
കാക്കനാട്: ട്രാഫിക് നിയമലംഘനം കണ്ടെത്താൻ സ്ഥാപിച്ച ഐഐ ക്യാമറയുടെ കണ്ണൽപ്പെട്ട് കുടുങ്ങിയ വാഹനങ്ങളിൽ സർക്കാർ വാഹനങ്ങളും. എൺപതോളം സർക്കാർ വാഹനങ്ങളാണ് എറണാകുളം ജില്ലയിൽ മോട്ടർ വാഹന വകുപ്പിന്റെ എഐ ക്യാമറകളിൽ കുടുങ്ങിയത്. ഡ്രൈവിങ്ങിനിടെ ഫോണിൽ സംസാരിക്കലും സീറ്റ് ബെൽറ്റ് ധരിക്കാത്തതും കാരണമാണ് സർക്കാർ വാഹനങ്ങൾ കുടുങ്ങിയത്.
ഇതുവരെ ലഭിച്ച ദൃശ്യങ്ങളിൽ മൂന്നിലൊന്ന് മാത്രം ആണ് പരിശോധിച്ചത്. ബാക്കിയുള്ളവ പരിശോധിച്ച് വരുന്നതേയുള്ളൂ. ജില്ലയിലെ 60 ക്യാമറകളിൽ നിന്നായി നിലവിൽ പതിനയ്യായിരത്തോളം വാഹനങ്ങളുടെ നിയമലംഘന ദൃശ്യങ്ങൾ ആണ് തിരുവനന്തപുരത്തെ കേന്ദ്ര കൺട്രോൾ റൂമിൽ എത്തിയത്.

അയ്യായിരത്തിൽ താഴെ മാത്രം ദൃശ്യങ്ങളാണ് ഇതുവരെ ഡൗൺലോഡ് ചെയ്തത് . ജില്ലയിലെ വിവിധ റോഡുകളിലായി 62 ക്യാമറകളാണ് വെച്ചിട്ടുള്ളത്. അതിൽ രണ്ടെണ്ണം പ്രവർത്തിക്കുന്നില്ല. ഇത് ഉടനെ മാറ്റി സ്ഥാപിക്കും.
അതേസമയം, ദൃശ്യങ്ങളിൽ ചിലതിന് തെളിച്ചം ഇല്ലാത്തത് കൊണ്ട് തന്നെ നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് വ്യക്തമല്ല. സീറ്റ് ബെൽറ്റും മൊബൈൽ ഫോണിൽ സംസാരിച്ച് കൊണ്ടുള്ള ഡ്രൈവിംഗ്, ഇരുചക്ര വാഹനത്തിൽ രണ്ടിൽ അധികം യാത്രക്കാർ സഞ്ചരിക്കുന്നത്, ഹെൽമറ്റും ധരിക്കാതിരിക്കൽ തുടങ്ങിയവയാണ് ക്യാമറയിൽ പതിഞ്ഞിരിക്കുന്ന നിയമ ലംഘനങ്ങളിൽ കൂടുതലും. ജില്ലാ കൺട്രോൾ റൂമിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ തുടർനടപടി വൈകാൻ കാരണമാവുന്നുണ്ട്.
അതേസമയം, എഐ ക്യാമറ പകർത്തുന്ന ഇരുചക്ര വാഹനത്തിലെ മൂന്നാമത്തെ യാത്രക്കാരന്റെ പ്രായം കണ്ടെത്തുന്നത് പ്രയാസകരമാണെന്നാണ് കൺട്രോൾ റൂം ജീവനക്കാർ വ്യക്തമാക്കുന്നത്. ചില ദൃശ്യങ്ങൾ വ്യക്തം അല്ലാത്തത് കൊണ്ടാണ് പ്രായം മനസ്സിലാക്കാൻ ബുദ്ധിമുട്ടാകുന്നത്.
12 വയസ്സിൽ താഴെയുള്ള കുട്ടിയാണ് മൂന്നാമത്തെ യാത്രക്കാരനെങ്കിൽ നടപടി വേണ്ട എണ് നിർദേശം. മൂന്നാമത്തെ യാത്രക്കാരൻ 12 വയസ്സിന് മുകളിൽ ആണെന്ന് വ്യക്തമായാൽ നോട്ടീസ് അയക്കണം.
ജൂൺ അഞ്ചിനാണ് സംസ്ഥാനത്ത് എഐ ക്യാമറ പ്രവർത്തിക്കാൻ തുടങ്ങിയത്. സേഫ്കേരള പദ്ധതി പ്രകാരം 726 എഐ ക്യാമറകളാണ് സ്ഥാപിച്ചത്. 24 മണിക്കൂറും ക്യാമറ പ്രവർത്തിക്കും. പിഴ അടക്കാനുള്ള നോട്ടീസ് കൈപ്പറ്റി 30 ദിവസത്തിനുള്ളിൽ ആണ് പിഴയടക്കേണ്ടത്.
30 ദിവസത്തിനുള്ളിൽ പിഴ അടിച്ചില്ലെങ്കിൽ ഇരട്ടിത്തുക കോടതിയിലാണ് അടയ്ക്കേണ്ടത്. അക്ഷയ കേന്ദ്രങ്ങൾ വഴിയും പിഴ അടയ്ക്കാവുന്നതാണ്. പദ്ധതി പ്രഖ്യാപിച്ച സമയത്ത് പ്രതിദിനം നാലരലക്ഷം നിയമലംഘനങ്ങൾ ആണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ശരാശരി രണ്ടര ലക്ഷത്തിന് താഴയൊണ് കേസുകൾ.












Click it and Unblock the Notifications