ജപ്തി വിവാദം: 'അപമാനിച്ചവരുടെ സഹായം വേണ്ട', ബാങ്ക് ജീവനക്കാരുടെ സഹായം നിരസിച്ച് അജേഷ്
എറണാകുളം: വായ്പാ കുടശിക അടച്ച് തീര്‍ച്ച ഇടത് സംഘടനാ ജീവനക്കാരുടെ സഹായം നിരസിച്ച് മൂവാറ്റുപുഴയില്‍ ജപ്തി നേരിട്ട അജേഷ്. സഹകരണ ബാങ്കിലെ ഇടത് അനുകൂല ജീവനക്കാരുടെ സംഘടനയായ കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയനാണ് അജേഷിന്റെ വായ്പ അടച്ച് തീര്‍ത്തത്. ബാങ്ക് മേധാവി ഗോപി കോട്ടമുറിക്കലാണ് വായ്പ അടച്ച് തീര്‍ത്ത വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ''മുവാറ്റുപുഴ അർബൻ ബാങ്കിന്റെ പേഴക്കപ്പിള്ളി ബ്രാഞ്ചിൽ അജീഷ് എന്ന വ്യക്തിക്ക് ഉണ്ടായിരുന്ന കുടിശ്ശിഖ തുക മുഴുവനും കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ( CITU ) അംഗങ്ങൾ ആയ അർബൻ ബാങ്കിലെ ജീവനക്കാർ അടച്ചു തീർത്തിരിക്കുന്നു. അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ പ്രിയപ്പെട്ട സഖാക്കളെ'' എന്ന് ഗോപി കോട്ടമുറിക്കൽ കുറിച്ചു.
എന്നാല്‍ ഈ സഹായം വേണ്ടെന്നാണ് അജേഷിന്റെ നിലപാട്. മാത്യു കുഴല്നാടന് എംഎല്‍എ അജേഷിന്റെ ബാധ്യത ഏറ്റെടുത്തിരുന്നു. അതിന് പിന്നാലെയാണ് ജീവനക്കാര്‍ വായ്പ അടച്ച് തീര്‍ത്തത്. തന്നെ അപമാനിച്ചവരുടെ സഹായം ആവശ്യമില്ല. സിപിഎമ്മുകാരും ബാങ്ക് ജീവനക്കാരും തന്നെയും കുടുംബത്തേയും സോഷ്യല്‍ മീഡിയ വഴി അപമാനിച്ചതായി അജേഷ് ആരോപിച്ചു.
താന്‍ മദ്യപാനിയാണ് എന്നാണ് പ്രചരിപ്പിച്ചത്. പല തവണ ബാങ്കില്‍ കയറിയിറങ്ങി. എന്നാല്‍ അന്നൊന്നും അനുകൂല നിലപാടെടുക്കാത്തതവര് ഇപ്പോള്‍ സഹായവുമായി വരുന്നത് വീഴ്ച മറച്ച് വെക്കാനാണ് എന്നും അജേഷ് കുറ്റപ്പെടുത്തി. അജേഷിന്റെ വീട് ഈട് വെച്ച് ബാങ്കില്‍ നിന്നെടുത്ത ഒരു ലക്ഷം രൂപ കുടിശ്ശികയായതിനായിരുന്നു ജപ്തി നടപടി. മക്കളായ മൂന്ന് പെണ്‍കുട്ടികള്‍ മാത്രം വീട്ടിലുളളപ്പോഴാണ് ശനിയാഴ്ച ഉച്ചയോടെ മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് വീട് ജപ്തി ചെയ്തത്.
ദിലീപിനോട് 25 ലക്ഷം ചോദിച്ചിട്ടില്ല, തെളിവായി 30 ഓഡിയോ ക്ലിപ്പുകള്‍ നല്‍കിയെന്ന് ബാലചന്ദ്രകുമാര്‍
വലിയ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്നാടന് പ്രശ്നത്തില്‍ ഇടപെട്ടു. ജപ്തി ചെയ്ത വീടിന്റെ താഴ് തകര്‍ത്ത് കുട്ടികളെ വീടിനകത്ത് പ്രവേശിപ്പിക്കുകയും ചെയ്തു. അജേഷിന്റെ ബാധ്യത ഏറ്റെടുക്കുന്നതായും വായ്പ അടച്ച് തീര്‍ക്കുമെന്നും മാത്യു കുഴല്നാടന് വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ബാങ്ക് ജീവനക്കാര്‍ വായ്പ അടച്ച് തീര്‍ത്തത്. ഹൃദ്രോഗിയായ അജേഷ് ആശുപത്രിയില്‍ അഡ്മിറ്റ് ആയ സമയത്ത് ആയിരുന്നു ബാങ്കിന്റെ ജപ്തി നടപടി.