ന്യൂനപക്ഷ വിരുദ്ധ പരാമർശം വിവാദത്തിൽ: പിന്നാലെ യുഡിഎഫ് ചെയർമാന്റെ രാജി, വിശദീകരണവുമായി അഗസ്റ്റി സിറിൾ
കൊച്ചി: ന്യൂനപക്ഷ വിരുദ്ധ പരാമർശം ചർച്ചയായതിന് പിന്നാലെ യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ രാജിവെച്ചു. പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് രാജിവെച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കൊച്ചി കോളേജിലെ മാനേജ്മെന്റിലേക്ക് കാക്കാമാരെ അടുപ്പിക്കരുതെന്നും അത് ദോഷം ചെയ്യുമെന്നുമായിരുന്നുമുള്ള അഗസ്റ്റി സിറിളന്റെ പരാമർശം വിവാദമായിരുന്നു. എന്നാൽ തന്റെ പേരിൽ പ്രചരിച്ചുവരുന്ന ശബ്ദരേഖ വ്യാമാണെന്നും ഇതിലെ ചില ഭാഗങ്ങൾ എഡിറ്റ് ചെയ്തിട്ടുണ്ടെന്നും നേരത്തെ അഗസ്റ്റി സിറിൾ വിശദീകരണം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രാജി വെച്ചിട്ടുള്ളത്. സോഷ്യൽ മീഡിയയിലിട്ട പോസ്റ്റിലാണ് അദ്ദേഹത്തിന്റെ വിശദീരണം. അഗസ്റ്റി സിറിളിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.
2019 ല്‍ നടത്തിയ എന്റെ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് എടുക്കുകയും, അതില്‍ ഞാന്‍ പറയാത്ത വര്‍ഗീയ പരാമര്‍ശങ്ങള്‍ എഡിറ്റ് ചെയ്ത് ചേര്‍ത്ത് കൊച്ചി മണ്ഡലം യു. ഡി. എഫ്. ചെയര്‍ മാന്റെ വാക്കുകള്‍ എന്ന പേരില്‍ എനിക്കെതിരെ വിഭാഗീയതയും തെറ്റിദ്ധാരണയും പരത്തുന്ന വാട്ട്‌സ് ആപ്പ് സന്ദേശം പ്രചരിക്കുന്നതിനാല്‍ അതിന്റെ സത്യാവസ്ഥ അറിയിക്കുന്നതിനാണ് ഈ കുറിപ്പെന്ന വാക്കുകളോടെയാണ് സിറിളിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഞാനും ടിയാനുമായുള്ള സംഭാഷണത്തില്‍ കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ നിന്നുള്ളവരെക്കുറിച്ച് അയാളുടെ ഉള്ളില്‍ നിന്നെടുക്കുന്ന വിവരങ്ങള്‍ വരെ മാത്രമേ എന്റെ സംഭാഷണം ആയി ഉള്ളൂ. ബാക്കിയുള്ള വര്‍ഗ്ഗീയ സംഭാഷണങ്ങള്‍ എഡിറ്റ് ചെയ്ത് വ്യാജമായി ചേര്‍ത്തതാണെന്നും പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്.
എന്റെ പൂര്‍വ്വീകരും ഞാനും തലമുറകളായി മട്ടാഞ്ചേരിയില്‍ ജനിച്ചു വളര്‍ന്നവരാണ്. എന്റെ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ എല്ലാവരും തന്നെ മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരാണ്.മുസ്ലിം സമുദായത്തില്‍ നിന്നുള്ള വോട്ടുകള്‍ വാങ്ങിയാണ് ഞാന്‍ നാലാം ഡിവിഷനില്‍ കൗണ്‍സിലരായി വിജയിച്ചത്. നിര്‍ദ്ധനരായ മുസ്ലിം കുട്ടികള്‍ക്ക് പഠന സഹായവും, മുതിര്‍ന്ന മുസ്ലിം സഹോദരങ്ങള്‍ക്ക് ചികിത്സാ സഹായങ്ങളും വര്‍ഷങ്ങളായി ഞാന്‍ നല്‍കി വരുന്നത് ഏവര്‍ക്കും അറിയാവുന്നതാണ്.
രണ്ടു വര്‍ഷം മുന്‍പത്തെ സംഭാഷണം എഡിറ്റ് ചെയ്തു വ്യാജമായി ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് എന്നെ താറടിച്ച് കാണിക്കുന്നതിനും എന്റെ മതേതര പ്രതിച്ഛായ തകര്‍ക്കുന്നതിനും വേണ്ടിയുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്നും പോസ്റ്റിൽ വിശദീകരിക്കുന്നു.
കോണ്‍ഗ്രസ് നേതാക്കളെ പരസ്യമായി അപമാനിക്കുക ഇയാളുടെ ശീലമാണ്. സീനിയര്‍ കോണ്‍ഗ്രെസ്സ് നേതാവ് എന്‍. വേണുഗോപാലിനെയും ജില്ലാ സെക്രട്ടറി ശ്രീ കെ എം റഹിം എന്നീ നേതാക്കളെയും ഇയാള്‍ അപകീര്‍ത്തി പ്പെടുത്തി സംസാരിക്കുന്നു. വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തവരെയും വ്യാജ സന്ദേശം ഫോര്‍വേഡ് ചെയ്യുന്നവരെയും കണ്ടെത്തി സൈബര്‍ നിയമപ്രകാരം ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതിനായി പരാതി നല്‍കിയിട്ടുള്ളതാണ്. ഈ വ്യാജസന്ദേശ പ്രചാരണം മൂലം എനിക്കുണ്ടായ മാനഹാനിക്കും അപമാനത്തിനും നഷ്ടപരിഹാരം ഈടാക്കുന്ന നിയമ നടപടിയും ഞാന്‍ ഇതോടൊപ്പം സ്വീകരിച്ചിട്ടുണ്ട്.വ്യാജ, വര്‍ഗീയ പ്രചരണങ്ങളില്‍ അകപ്പെടരുതെന്ന് എല്ലാ യുഡിഎഫ് പ്രവര്‍ത്തകരോടും, പൊതു സമൂഹത്തോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും അഗസ്റ്റി സിറിൾ പോസ്റ്റിൽ പറയുന്നു.


Click it and Unblock the Notifications