ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വന്‍ തീപിടുത്തം
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വന്‍ തീപിടിത്തം. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിക്ഷേപിച്ചിരിക്കുന്നിടത്താണ് തീപിടിത്തമുണ്ടായിരിക്കുന്നത്. അഞ്ച് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയിട്ടും തീ കെടുത്താനായിട്ടില്ല. തീ പടര്‍ന്നതോടെ പ്രദേശത്താകെ പുക വ്യാപിച്ചിരിക്കുകയാണ്. ഉച്ചയ്ക്കു രണ്ടു മണിയോടെ തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടിരുന്നെങ്കിലും പ്രദേശത്തേക്ക് വഴി ഇല്ലാതിരുന്നതിനാല്‍ ഫയര്‍ എഞ്ചിനുകള്‍ക്ക് എത്താന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതാണ് കൂടുതല്‍ പ്രദേശങ്ങളിലേക്ക് തീ പടരുന്നതിന് കാരണമായത്.
മാലിന്യ പ്ലാന്റില്‍ വെള്ളമൊഴിച്ച് തീ അണയ്ക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള ഹൈഡ്രന്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ താമസിച്ചതും തീ കൂടുതല്‍ പ്രദേശങ്ങളിലേയ്ക്ക് വ്യാപിക്കുന്നതിന് കാരണമായി. കടമ്പ്രയാറില്‍നിന്ന് വെള്ളം എടുക്കാനുള്ള ശ്രമം ആദ്യ ഘട്ടത്തില്‍ വിജയിച്ചില്ല. ഇതും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി.
ആറില്‍ പായല്‍ നിറഞ്ഞതിനാലാണ് വെള്ളം എടുക്കാന്‍ സാധിക്കാതെ പോയത്. ഇതേ തുടര്‍ന്ന് ജെ സി ബി എത്തിച്ച് കടമ്പ്രയാറില്‍ കുഴിയുണ്ടാക്കി വെള്ളമെടുത്താണ് ഇപ്പോള്‍ തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുന്നത്. സാധാരണ എല്ലാ വര്‍ഷവും രണ്ടിലേറെ തവണ ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപിടിത്തം പതിവാണ്. ഇതിന് പിന്നാലെ കൊച്ചി നഗരത്തിലേക്കും മരട്, തൃക്കാക്കര, തൃപ്പൂണിത്തുറ ഭാഗങ്ങളിലേക്കും പുക വ്യാപിച്ച് ജനജീവിതം ദുസ്സഹമാകാറുമുണ്ട്.

ബ്രഹ്മപുരത്തെ 100 ഏക്കറില്‍ അധികം പ്രദേശവും മാലിന്യം നിറഞ്ഞു കിടക്കുന്ന അവസ്ഥയിലാണ്. ദിവസേന നഗരത്തില്‍ നിന്നെത്തുന്ന 100 ടണ്ണില്‍ അധികം വരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് സംസ്‌കരിക്കാതെ ഇവിടെ കെട്ടിക്കിടക്കുന്നത്. വെള്ളമൊഴിച്ച് തീ കെടുത്താനുള്ള ശ്രമം മിക്കപ്പോഴും പൂര്‍ണമായും ഫലം കാണാറുമില്ല. കിടക്ക, പ്ലാസ്റ്റിക് ഫര്‍ണിച്ചര്‍, തുണികള്‍ തുടങ്ങിയ പല മാലിന്യങ്ങളും ബ്രഹ്മപുരത്തെത്താറുണ്ട്. എളുപ്പത്തില്‍ തീപിടിക്കാവുന്ന മാലിന്യങ്ങള്‍ ടണ്‍ കണക്കിനാണുള്ളത്.
2014 ഫെബ്രുവരിയില്‍ ടണ്‍ കണക്കിനു പ്ലാസ്റ്റിക് ഏഴു ദിവസത്തോളം കത്തിയിരുന്നു. സ്വയം കത്തിയമരും വരെ പരിസരത്തേക്ക് അടുക്കാന്‍പോലും ആര്‍ക്കും കഴിഞ്ഞിരുന്നില്ല. കത്തുന്ന പ്ലാസ്റ്റിക്കിന മുകളില്‍ മണ്ണിട്ടാണ് അന്ന് തീയണച്ചത്. ഇതിന് 1.5 കോടി രൂപ ചെലവാക്കേണ്ടിവന്നു.
അതേസമയം രണ്ട് ദിവസം മുന്‍പാണ് പാലക്കാട് മലമ്പുഴയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലും തീപിടുത്തമുണ്ടായത്. മലമ്പുഴ അണക്കെട്ടിന് എതിര്‍ വശത്തായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഇമേജ് എന്ന പ്ലാന്റിലാണ് തീപിടുത്തമുണ്ടായത്. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കുന്ന പ്ലാന്റാണിത്. അപകട സമയത്ത് സ്റ്റോറില്‍ ജീവനക്കാര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല.
ഏറെ പണിപ്പെട്ടാണ് ഇവിടെ തീ അഗ്നിരക്ഷാ സേനാ പ്രവര്‍ത്തകര്‍ അണച്ചത്. ആദ്യം കൊല്ലങ്കോട്ട് നിന്നും പിന്നീട് പാലക്കാട്, ചിറ്റൂര്‍, ആലത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നുമായി അഞ്ച് ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് തീ അണച്ചത്.
തീപിടിത്തത്തിനു കാരണം മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ വീഴ്ചയാണെന്ന് സ്ഥലം സന്ദര്‍ശിച്ച എം എല്‍ എമാരായ ഷാഫി പറമ്പില്‍, എ പ്രഭാകരന്‍ എന്നിവര്‍ പറഞ്ഞിരുന്നു. മാലിന്യങ്ങള്‍ കെട്ടിക്കിടക്കുകയായിരുന്നുവെന്നും ഇവ സംസ്‌കരിക്കുന്നതില്‍ പ്ലാന്റിനു വീഴ്ചയുണ്ടായെന്നും മലമ്പുഴ എം എല്‍ എ എ പ്രഭാകരന്‍ പറഞ്ഞു.












Click it and Unblock the Notifications