ബിജെപി പ്രതീക്ഷിച്ചത് 24000 വോട്ട്; എല്‍ഡിഎഫിനെ വീഴ്ത്താന്‍ വോട്ട് മറിഞ്ഞെന്ന് എഎന്‍ രാധാകൃഷ്ണന്‍
തൃക്കാക്കര: ഉപതിരഞ്ഞെടുപ്പ് തോല്‍വിയില്‍ കാരണം വ്യക്തമാക്കി ബിജെപി സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണന്‍. ഉപതിരഞ്ഞെടുപ്പില്‍ തനിക്ക് കിട്ടേണ്ടിയിരുന്ന ഭൂരിഭാഗം വോട്ടുകളും യുഡിഎഫിന്റെ ഉമ തോമസിന് ലഭിച്ചെന്ന് രാധാകൃഷ്ണന്‍ പറയുന്നു. ബിജെപിക്ക് വോട്ട് ചെയ്താല്‍ എല്‍ഡിഎഫ് വിജയിക്കുമെന്ന ധാരണ വന്നപ്പോഴാണ് ഒരു വിഭാഗം വോട്ടര്‍മാര്‍ ഉമ തോമസിന് വോട്ട് ചെയ്തത്. ഒരു കാരണവശാലും എല്‍ഡിഎഫ് നൂറ് സീറ്റ് തികയ്ക്കരുതെന്നാണ് വോട്ടര്‍മാര്‍ ആഗ്രഹിച്ചത്. അത്തരത്തിലുള്ളവര്‍ മണ്ഡലത്തിലുള്ളത് കൊണ്ടാണ് തനിക്ക് വോട്ട് കുറഞ്ഞതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. നേരത്തെ ബിജെപി-എസ്ഡിപിഐ വോട്ടുകളും ലഭിച്ചതായി വിഡി സതീശനും പറഞ്ഞിരുന്നു.

തൃക്കാക്കരയില്‍ 25000 വോട്ടിന് ജയിക്കാനുള്ള സാധ്യത യുഡിഎഫിനില്ലായിരുന്നു. അത്രത്തോളം ശക്തമല്ല മുന്നണിയും കോണ്‍ഗ്രസും ഈ മണ്ഡലത്തില്‍. എന്നാല്‍ സിപിഎം വിരുദ്ധ വോട്ടുകളും, ബിജെപി-എസ്ഡിപിഐ വോട്ടുകളും, സിപിഎം വോട്ടുകളും തങ്ങള്‍ക്ക് ലഭിച്ചെന്നായിരുന്നു വഡി സതീശന്‍ പറഞ്ഞത്. അതേസമയം മണ്ഡലത്തില്‍ ബിജെപി എല്ലാ കണക്കുകൂട്ടലുകളും നടത്തിയിരുന്നുവെന്ന് എഎന്‍ രാധാകൃഷ്ണന്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഏകദേശം 24000 വോട്ട് എനിക്ക് ലഭിക്കേണ്ടതായിരുന്നു. പക്ഷേ എനിക്ക് വോട്ട് ചെയ്താല്‍ എല്‍ഡിഎഫ് വിജയിക്കുമെന്ന് ജനങ്ങള്‍ കരുതി. ഈ ധാരണ ഒരു വിഭാഗം വോട്ടര്‍മാര്‍ക്കുണ്ടായതോടെ അവര്‍ ഉമ തോമസിന് വോട്ട് ചെയ്തു.
എന്ത് വന്നാലും എല്‍ഡിഎഫ് നൂറ് സീറ്റ് തികയ്ക്കരുതെന്ന് ആഗ്രഹിച്ചതാണ് ജനങ്ങള്‍. മറ്റൊരു ഭാഗത്ത് സഹതാപ തരംഗവുമുണ്ടായി. സ്ത്രീകളെല്ലാം ഉമയ്ക്ക് വോട്ട് ചെയ്യാനാണ് തീരുമാനിച്ചത്. ഈ രണ്ട് ഘടകങ്ങളും ചേര്‍ന്നതോടെ വമ്പന്‍ ഭൂരിപക്ഷം യുഡിഎഫിന് ലഭിച്ചു. എനിക്ക് ലഭിക്കേണ്ട വോട്ടുകളും ഇതോടൊപ്പം ഉമ തോമസിന് പോയെന്ന് രാധാകൃ്ഷണന്‍ പറഞ്ഞു. അതേസമയം ഇത്തവണ തൃക്കാക്കരയില്‍ 12597 വോട്ടാണ് ബിജെപിക്ക് ആകെ കിട്ടിയത്. ഓരോ തവണയും വോട്ട് താഴോട്ടാണ് പോകുന്നത്. 2016ല്‍ 21247 വോട്ടുണ്ടായിരുന്നു. 2021ല്‍ അത് 15218 വോട്ടായി കുറഞ്ഞിരുന്നു. ഇത്തവണ അതിലും താഴെ പോയി. അതും പ്രാദേശിക നേതാവായിരുന്നു മുമ്പ് മത്സരിച്ചിരുന്നത്. ഇവിടെ സംസ്ഥാന നേതാവായിട്ടും നാണക്കേടാണ് രാധാകൃഷ്ണന്‍ ഏറ്റുവാങ്ങിയത്.
അതേസമയം പിസി ജോര്‍ജ് തൃക്കാക്കര തോല്‍വിയില്‍ എല്‍ഡിഎഫിനെതിരെ രംഗത്ത് വന്നു. പിണറായിയുടെ അഹങ്കാരത്തിന് കിട്ടിയ മറുപടിയാണിത്. എന്‍ഡിഎ മണ്ഡലത്തില്‍ വലിയ ഘടകമല്ല. പിണറായിയുടെ കൗണ്ട് ഡൗണ്‍ ആരംഭിച്ചിരിക്കുകയാണ്. 3.5 കോടി കടം വന്നപ്പോള്‍ തന്നെ ശ്രീലങ്കയില്‍ ആഭ്യന്തര കലാപമുണ്ടായി. ഇവിടെ 3,67000 കോടി കടം വന്നിട്ടും ജനങ്ങള്‍ പ്രക്ഷോഭമുണ്ടാക്കാത്തത് മാന്യന്മാരായത് കൊണ്ടാണെന്നും ജോര്‍ജ് പറഞ്ഞു. കോണ്‍ഗ്രസുകാരും സിപിഎമ്മുകാരും താലിബാനിസ്റ്റുകള്‍ പിന്തുണയ്ക്കുന്നുണ്ട്. കെ റെയിലുമായി മുഖ്യമന്ത്രി തൃപ്പൂണിത്തുറയില്‍ വന്നപ്പോള്‍ ജനങ്ങള്‍ എതിര്‍ത്തു. ഈ പദ്ധതി നിര്‍ത്തി കാണും എന്ന് കരുതുന്നതായും ജോര്‍ജ് പറഞ്ഞു.












Click it and Unblock the Notifications