ബോട്ടപകടം: അറസ്റ്റിലായ കപ്പൽ ക്യാപ്റ്റനും ജീവനക്കാർക്കും ജാമ്യം
കൊച്ചി: കപ്പൽ ഇടിച്ചു മത്സ്യബന്ധന ബോട്ട് തകർന്നു തൊഴിലാളികൾ മരിച്ച കേസിൽ കപ്പലിന്‍റെ ക്യാപ്റ്റൻ ഉൾപ്പെടെ മൂന്നു ജീവനക്കാരെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ചരക്ക് കപ്പൽ "ദേശ് ശക്തി'യുടെ ക്യാപ്റ്റൻ ആലുവാലിയ ബ്രഹം ദത്ത് (62), സെക്കന്‍റ് ഓഫിസർ നന്ദ കിഷോർ ഗാരു (27), സീമാൻ രാജ്കുമാർ (33) എന്നിവരെയാണു ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ഏഴിനു പുലർച്ചെ കൊച്ചി തീരത്തു നിന്നു 45 നോട്ടിക്കൽ മൈൽ അകലെ ഉൾക്കടലിൽ "ഓഷ്യാനിക്' ബോട്ടിൽ ഇടിച്ചത് "ദേശ് ശക്തി' കപ്പലാണെന്നു സ്ഥിരീകരിച്ചതിനെ തുടർന്നാണിത്. മറൈൻ മർക്കന്‍റൈൽ വകുപ്പിന്‍റെ (എംഎംഡി) നിർദ്ദേശത്തെ തുടർന്നു മംഗലാപുരം തുറമുഖത്തു നിർത്തിയിട്ട കപ്പലിൽ നിന്നു കസ്റ്റഡിയിലെടുത്ത മൂന്നു പേരെയും ബുധനാഴ്ച കൊച്ചിയിൽ എത്തിച്ചു മൊഴിയെടുത്തു. തുടർന്നാണു ജാമ്യം അനുവദിച്ചത്. ബോട്ടിൽ ഇടിച്ചതു ശ്രദ്ധയിൽ പെട്ടില്ലെന്നാണു ക്യാപ്റ്റന്‍റെയും മറ്റുള്ളവരുടെയും നിലപാട്. ജീവന് ഭീഷണിയാകുന്ന രീതിയിൽ ആശ്രദ്ധമായി കപ്പൽ ഓടിച്ചതിനും അപകടമുണ്ടാക്കിയതിനും നാശനഷ്ടം വരുത്തിയതിനും പരുക്കേൽപ്പതിനും തൊഴിലാളികളെ കാണാതായതിനും ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പൊലീസ് അക്റ്റിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. മൂന്നു പേർക്കും സ്റ്റേഷൻ ജാമ്യം അനുവദിച്ചു. മംഗലാപുരത്തുള്ള കപ്പൽ കസ്റ്റഡിയിലെടുത്തായി കാട്ടി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കപ്പലിന് ഇനി തീരം വിടണമെങ്കിൽ കോടതിയുടെ അനുമതി വേണം.

അപകടം നടന്നത് അറിഞ്ഞില്ലെന്ന ക്യാപ്റ്റന്‍റെയും ജീവനക്കാരുടെയും വാദം പൊലീസ് വിശ്വസിച്ചിട്ടില്ല. ചെന്നൈയിൽ നിന്ന് ഇറാക്കിലെ ബസ്രയിലേക്ക് പോയ ചരക്കു കപ്പലിൽ 34 പേരാണുണ്ടായിരുന്നത്. പുലർച്ചെ നാലിന് അപകടം നടന്നപ്പോൾ ക്യാപ്റ്റൻ ഉറക്കമായിരുന്നു. സെക്കന്‍റ് ഓഫിസർ നന്ദ കിഷോർ ഗാരുവിനും സീമാൻ രാജ്കുമാറിന് ആയിരുന്നു കപ്പലിന്‍റെ ചുമതല. കപ്പൽ കടന്നു പോകുന്ന ദിശയിലെ യാനങ്ങൾ ക്യാപ്റ്റന്‍റെ മുറിയിലെ സ്ക്രീനിൽ തെളിയാൻ സംവിധാനമുണ്ട്. മുന്നിലുള്ള യാനങ്ങൾക്ക് മുന്നറിയിപ്പു നൽകാനും സാധിക്കും. കപ്പൽ ബോട്ടിലിടിച്ചതിന് ശാസ്ത്രീയ തെളിവുകൾ കോസ്റ്റൽ പൊലീസ് ശേഖരിച്ചിരുന്നു. ഓഷ്യാനിക് ബോട്ടിന്‍റെ പെയിന്‍റിന്‍റെ അംശങ്ങൾ കപ്പിലിന് മുൻഭാഗത്തു നിന്നു ശേഖരിച്ചിരുന്നു.












Click it and Unblock the Notifications