ബ്രഹ്‌മപുരം തീപിടിത്തം: ഗ്യാസ് ചേംബറിലകപ്പെട്ട അവസ്ഥയാണ് കൊച്ചിയിലെന്ന് ഹൈക്കോടതി; രൂക്ഷവിമര്‍ശനം
പിടിത്തത്തെ തുടർന്ന് കൊച്ചി നഗരത്തിൽ കലൂർ, കടവന്ത്ര, പനമ്പിള്ളി നഗർ, വൈറ്റില, മരട് പ്രദേശങ്ങളിൽ ഇന്ന് രാവിലെയും പുക ഉണ്ടായിരുന്നു.

കൊച്ചി: ബ്രഹ്മപുരം മാലിന്യസംസ്കരണ കേന്ദ്രത്തിലെ തീപിടിത്തത്തിൽ വിമർശനവുമായി ഹൈക്കോടതി. വിഷപ്പുക വ്യാപിച്ച വിഷയത്തിലാണ് കോടതി വിമർശിച്ചത്. ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്ഥയാണ് കൊച്ചിയിലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടണം എന്നും ഉത്തരവാദിത്തം നിറവേറ്റുന്നതിൽ മലിനീകരണ നിയന്ത്രണ ബോർഡ് പരാജയപ്പെട്ടെന്നും കോടതി വിമർശനം നടത്തി. തീപിടിത്തത്തെ തുടർന്ന് കൊച്ചി നഗരത്തിൽ കലൂർ, കടവന്ത്ര, പനമ്പിള്ളി നഗർ, വൈറ്റില, മരട് പ്രദേശങ്ങളിൽ ഇന്ന് രാവിലെയും പുക ഉണ്ടായിരുന്നു.''ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്ഥയാണ് ഇപ്പോൾ കൊച്ചിയിൽ. ഓരോ ദിവസവും നിർണായകം ആണ്. കുറ്റക്കാരായ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടണം. ഉത്തരവാദിത്തം നിറവേറ്റുന്നതിൽ മലിനീകരണ നിയന്ത്രണ ബോർഡ് പരാജയപ്പെട്ടു. ബോർഡ് ചെയർമാൻ, കലക്ടർ, കോർപറേഷൻ സെക്രട്ടറി എന്നിവർ 1.45ന് കോടതിയിൽ ഹാജരാകണം.' ഹൈക്കോടതി പറഞ്ഞു. ഖരമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് നിലപാട് അറിയിക്കണം എന്നും കോടതി നിർദ്ദേശിച്ചു.
കോടതി ഇടപെടൽ ആവശ്യപ്പെട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസ് എസ്.മണികുമാറിനു കത്ത് നൽകിയതിനെ തുടർന്ന് ബ്രഹ്മപുരം മാലിന്യസംസ്കരണ കേന്ദ്രത്തിലെ തീപിടിത്തത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. കേസ് ഇന്നു പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി കടുത്ത വിമർശനം ഉയർത്തിയത്.
അതേസമയം, ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ് മേഖലയിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് കൊച്ചി കോർപ്പറേഷന് 1.8 കോടി രൂപ പിഴ ചുമത്തും . പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചത് മൂലം വൻ പാരിസ്ഥിതിക ആഘാതമാണ് ഉണ്ടായതെന്ന് വിലയിരുത്തിയാണ് തീരുമാനം. നിയമപരമായ നടപടികൾക്ക് ചീഫ് എൻജിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മലിനീകരണ നിയന്ത്രണബോർഡ് ചെയർമാൻ എ.ബി. പ്രദീപ് കുമാർ പറഞ്ഞു. ബയോ മൈനിങ് നടപടികൾ പൂർത്തിയാക്കേണ്ട സമയം കഴിഞ്ഞു. നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വന്ന വീഴ്ചയാണ് സ്ഥിതി ഗുരുതരമാക്കിയത്. ഫയർ ഹൈഡ്രന്റുകൾ പ്രവർത്തിച്ചിട്ടില്ല. പരിസ്ഥിതിക്കുണ്ടായ ആഘാതവും മറ്റു നഷ്ടങ്ങളുമെല്ലാം വരും ദിവസങ്ങളിൽ കൂടുതലായി വിലയിരുത്തും. അതിന്റെ അടിസ്ഥാനത്തിൽ നഗരസഭയ്ക്ക് വീണ്ടും പിഴ ചുമത്തും












Click it and Unblock the Notifications