കൊച്ചിയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് വീണ ജോര്‍ജ്
കൊച്ചിയില്‍ വിഷ പുക ശ്വസിച്ചുണ്ടായ ആരോഗ്യപ്രശ്നങ്ങളില്‍ 799 പേര്‍ ചികിത്സ തേടിയിട്ടുണ്ട്. ഇതില്‍ 17 പേരെ കിടത്തി ചികിത്സിച്ചതായും വീണ ജോര്‍ജ് അറിയിച്ചു

തിരുവനന്തപുരം: ബ്രഹ്‌മപുരം തീപിടുത്തത്തില്‍ വായു മലിനീകരണം ശക്തമായ പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്. കൊച്ചിയില്‍ പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം എന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടു.
പുക അടങ്ങാത്ത സാഹചര്യത്തില്‍ കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം എന്ന് വീണ ജോര്‍ജ് പറഞ്ഞു. ബ്രഹ്‌മപുരം മാലിന്യപ്ലാന്റില്‍ നിന്നുള്ള വിഷപ്പുക അന്തരീക്ഷമാകെ നിറയുകയും തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളുടെയും പശ്ചാത്തലത്തില്‍ ആണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
അതേസമയം കൊച്ചിയില്‍ വിഷ പുക ശ്വസിച്ചുണ്ടായ ആരോഗ്യപ്രശ്നങ്ങളില്‍ 799 പേര്‍ ചികിത്സ തേടിയതായും 17 പേരെ ഇതില്‍ കിടത്തി ചികിത്സിച്ചതായും വീണ ജോര്‍ജ് അറിയിച്ചു. തലവേദന, തൊണ്ടവേദന, കണ്ണ് നീറ്റല്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളാണ് പലരേയും അലട്ടുന്നത്.

അതിനാല്‍ ആരോഗ്യ ക്യാംപുകള്‍ സംഘടിപ്പിക്കുന്നതിനെ കുറിച്ചും ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നുണ്ട്. ഏത് സാഹചര്യം നേരിടാനും ആരോഗ്യവകുപ്പ് സജ്ജമാണ്. ഐ എം എ, പ്രൈവറ്റ് ആശുപത്രി എന്നിവ ഉള്‍പ്പെടെയുള്ളവയുടെ സഹകരണം ഉറപ്പാക്കും.
കൊച്ചിയിലും പരിസര പ്രദേശങ്ങളിലും ആരോഗ്യ സര്‍വ്വേ ചൊവ്വാഴ്ച ആരംഭിക്കും എന്നും വീണ ജോര്‍ജ് വ്യക്തമാക്കി. മൊബൈല്‍ യൂണിറ്റുകളും സജ്ജമാക്കും എന്ന് വീണ ജോര്‍ജ് അറിയിച്ചു. അതിനിടെ എറണാകുളം ജില്ലയില്‍ പകര്‍ച്ച വ്യാധികള്‍ക്ക് എതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന് ധാരണയായിട്ടുണ്ട്.
ആശങ്ക ജനിപ്പിക്കുന്ന വാര്‍ത്തകള്‍ കണ്ട് ഭയപ്പെടരുത് എന്നും അഗ്നിശമന സേനയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ആരോഗ്യ പരിശോധനകള്‍ നല്‍കുമെന്നും വീണ ജോര്‍ജ് വ്യക്തമാക്കി. സുരക്ഷാ ജീവനക്കാര്‍ക്ക് എല്ലാ വിധ പിന്തുണയും നല്‍കും. കാലവസ്ഥയില്‍ വരുന്ന മാറ്റം വളരെ വലുതാണെന്നും ചൂട് കൂടുതലായതിനാല്‍ എല്ലാവരും ധാരാളം വെള്ളം കുടിക്കണമെന്നും നിര്‍ജലീകരണം ഉണ്ടാകാതെ നോക്കണം എന്നും വീണ ജോര്‍ജ് വ്യക്തമാക്കി.












Click it and Unblock the Notifications