കൊവിഡ് സർട്ടിഫിക്കറ്റ് തിരുത്തി പരീക്ഷയെഴുതി: ഒപ്പം ബിടെക് പരീക്ഷയെഴുതിയ നാല് പേർക്ക് രോഗം, സംഭവം കൊച്ചിയിൽ
കൊച്ചി: കുസാറ്റിൽ ബിടെക് വിദ്യാർത്ഥി കൊവിഡ് പരിശോധനാ ഫലം തിരുത്തി പരീക്ഷയെഴുതിയെന്ന് പരാതി. മലപ്പുറം കക്കാട് സ്വദേശി മുഹമ്മദ് സനുബാണ് കൊവിഡ് ഫലം തിരുത്തി പരീക്ഷയെഴുതിയത്. ആർടിപിസിആർ ഫലം വേണ്ടിടത്ത് ആന്റിജൻ പരിശോധന നടത്തി കൊവിഡ് പോസിറ്റീവ് നെഗറ്റീവ് എന്ന് തിരുത്തിയാണ് വിദ്യാർത്ഥി പരീക്ഷക്കിരുന്നത്. ജൂലൈ 27ന് നടന്ന ബിടെക് മെക്കാനിക്കൽ എൻജിനീയറിംഗ് പരീക്ഷയെഴുതുന്നതിന് വേണ്ടിയായിരുന്നു ക്രമക്കേട് നടത്തിയത്. എന്നാൽ ഇത് തിരിച്ചറിഞ്ഞതോടെ രക്ഷിതാക്കളെ വിളിപ്പിച്ച് വിദ്യാർത്ഥിയെ വീട്ടിലേക്ക് അയ്ക്കുകയായിരുന്നു.
മുഹമ്മദ് സനൂബിനൊപ്പം പരീക്ഷയെഴുതിയ നാല് പേർക്ക് കൊവിഡ് പോസിറ്റീവാകുകയും ചെയ്തിരുന്നു. പരീക്ഷ ആറാം തിയ്യതി വരെ നടക്കാനിരിക്കെയാണ് അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മലപ്പുറത്ത് നിന്നെത്തി ഹോസ്റ്റലിൽ താമസിച്ചാണ് കഴിഞ്ഞ ദിവസവും വിദ്യാർത്ഥി പരീക്ഷയ്ക്കെത്തിയത്. ഹോസ്റ്റലിൽ നൽകിയ രേഖയിലും വിദ്യാർത്ഥി ഇതേ ക്രമക്കേട് നടത്തിയിട്ടുണ്ട്. ആന്റിജൻ ടെസ്റ്റിനൊപ്പമുള്ള രണ്ട് ക്യു ആർ കോഡുകളിലും തിരിമറി നടത്തിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

27ാം തിയ്യതി കളമശ്ശേരിയിൽ വെച്ച് കൊവിഡ് പരിശോധന നടത്തിയ സനൂബ് ആൾമാറാട്ടം നടത്തി മലപ്പുറം ഇതേ പേരിൽ മറ്റാരൊളെക്കൊണ്ട് പരിശോധന നടത്തിയെന്നും ക്രമക്കേട് തിരിച്ചറിഞ്ഞതോടെയുള്ള പരിശോധനയിൽ വ്യക്തമായിരുന്നു. ആർടിപിസിആർ ഫലം നെഗറ്റീവ് ആയതോടെയാണ് നേരത്തെ സനൂബ് നടത്തിയ ആന്റിജൻ പരിശോധനാ ഫലം തിരുത്തിയ നടപടി ശ്രദ്ധയിൽപ്പെട്ടത്.
നേരത്തെ മാർച്ചിൽ ബിടെക് വിദ്യാർത്ഥികൾക്ക് നടത്തിയ പരീക്ഷക്കെത്താൻ കഴിയാത്തവർക്കാണ് കുസാറ്റ് വീണ്ടും പരീക്ഷ നടത്തിയത്. മാർച്ചിൽ പരീക്ഷ നടത്തരുതെന്നും ഓൺലൈനിൽ നടത്തണമെന്നും ആവശ്യപ്പെട്ട് പരീക്ഷയെഴുതാതെയിരുന്നവർക്കായാണ് കഴിഞ്ഞ ദിവസം മുതൽ വീണ്ടും പരീക്ഷ നടത്തിയത്. ഈ ഘട്ടത്തിൽ കൊവിഡ് പോസിറ്റീവ് ആകുന്നവർക്ക് വീണ്ടും പരീക്ഷ നടത്തുമെന്ന് സർവ്വകലാശാല വ്യക്തമാക്കിയിരുന്നു ഇതിന് പിന്നാലെയാണ് ക്രമക്കേട് നടത്തിയതായി അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്.
വീട്ടിൽ നിന്ന് ഹോസ്റ്റലിൽ എത്തിയ സനൂബ് മുറിയിൽ ഒറ്റക്കായിരുന്നുവെങ്കിലും പരീക്ഷാ ഹാളിൽ 20ൽ അധികം വിദ്യാർത്ഥികൾക്കൊപ്പമാണ് പരീക്ഷക്കിരുന്നത്. വിദ്യാർത്ഥികളുമായും അധ്യാപകരുമായും സനൂബിന് സമ്പർക്കമുണ്ടായിട്ടുണ്ട്. സംഭവത്തിൽ കുസാറ്റ് രജിസ്ട്രാറും ഹോസ്റ്റൽ വാർഡനും കളമശ്ശേരി സിഐയ്ക്കും എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകിയിട്ടുണ്ട്.












Click it and Unblock the Notifications