ഗൂഗിള്‍ മാപ്പില്‍ നോക്കി യാത്ര; എറണാകുളത്ത് കാര്‍ പുഴയില്‍ മറിഞ്ഞ് ഡോക്ടര്‍മാര്‍ക്ക് ദാരുണാന്ത്യം
കൊച്ചി: എറണാകുളം പരവൂര്‍ ഗോതുരുത്തില്‍ ഗൂഗിള്‍ മാപ്പ് നോക്കി അഞ്ചംഗ സംഘം സഞ്ചരിച്ച കാര്‍ പുഴയില്‍ വീണ് രണ്ട് ഡോക്ടര്‍മാര്‍ക്ക് ദാരുണാന്ത്യം. കൊടുങ്ങല്ലൂര്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരായ അദ്വൈത്, അജ്മല്‍ എന്നിവരാണ് മരിച്ചത്. മെഡിക്കല്‍ വിദ്യാര്‍ഥിയും, നഴ്‌സുമായിരുന്നു കാറിലുണ്ടായിരുന്നവര്‍. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമാണ്.
കനത്ത മഴയ്ക്കിടെയാണ് ഇവരുടെ കാര്‍ പുഴയിലേക്ക് മറിഞ്ഞത്. രാത്രി പന്ത്രണ്ടോടെ ഗോതുരുത്ത് കടവാതുരുത്ത് ഹോളിക്രോസ് പള്ളിക്ക് സമീപം പിഡബ്ല്യുഡി റോഡ് അവസാനിക്കുന്ന ഭാഗത്ത് വെച്ചാണ് അപകടമുണ്ടായത്. നാട്ടുകാരാണ് മൂന്ന് പേരെ രക്ഷപ്പെടുത്തിയത്. അതേസമയം കാര്‍ നല്ല വേഗതയില്‍ വന്ന് പുഴയിലേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം.

ഇവര്‍ കൊടുങ്ങല്ലൂരില്‍ നിന്ന് കൊച്ചിയിലെത്തുകയും, പാര്‍ട്ടി കഴിഞ്ഞ ശേഷം അത്ര പരിചയമില്ലാത്ത വഴിയിലൂടെ ഇവര്‍ മടങ്ങുകയുമായിരുന്നു. ഇവരുടെ കാറിന്റെ ഡോര്‍തുറന്ന് കിടക്കുന്ന നിലയിലായിരുന്നു. പരിചയക്കുറവുള്ള സ്ഥലമായതിനാല്‍ ഗൂഗിള്‍ മാപ്പ് നോക്കിയുള്ള യാത്ര ഇവരെ അപകടത്തിലേക്ക് നയിക്കുകയായിരുന്നു.
ശക്തമായ മഴ പെയ്തതിനാല്‍ അത് രക്ഷാപ്രവര്‍ത്തനത്തിനും തടസ്സമായിരുന്നു. അപകടം നടന്ന് ഒന്നര മണിക്കൂറിന് ശേഷമാണ് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കാര്‍ കണ്ടെത്തി പുറത്തെടുത്തത്. ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച സംഘത്തിന് വഴിതെറ്റുകയായിരുന്നു. കനത്ത മഴ പെയ്തതിനാല്‍ റോഡില്‍ വെള്ളം കയറി കിടക്കുന്നുണ്ടെന്ന തെറ്റിദ്ധാരണയില്‍ ഡ്രൈവര്‍ കാര്‍ മുന്നോട്ട് എടുക്കുകയായിരുന്നു. ഇതാണ് അപകടത്തിന് കാരണമായത്.
അതേസമയം അപകടത്തെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ നാട്ടുകാര്‍ പങ്കുവെച്ചിരിക്കുകയാണ്. ഡോക്ടര്‍മാരുടെ മരണത്തിന് ഇടയാക്കിയത് റോഡ് അവസാനിച്ചത് അറിയാതെ കാര്‍ മുന്നോട്ട് എടുത്തത് കൊണ്ടാണെന്ന് പ്രദേശവാസികള്‍ പറയുന്നു. മരിച്ച രണ്ട് പേരുടെ സഹപാഠികളും അടുത്ത സുഹൃത്തുക്കളുമാണ്.
ഡോ. അദ്വൈതിന്റെ ജന്മദിനാഘോഷം എറണാകുളത്തായിരുന്നു ആഘോഷിച്ചിരുന്നത്. തുടര്‍ന്ന് ഇവര്‍ കൊടുങ്ങല്ലൂരിലേക്ക് മടങ്ങുകയായിരുന്നു. അപകട സ്ഥലത്ത് നിന്ന് അരകിലോമീറ്റര്‍ മുമ്പായി ഒരു ജംഗ്ഷന്‍ ഉണ്ട്. അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞാണ് കൊടുങ്ങല്ലൂരിലേക്ക് പോകേണ്ടത്. എന്നാല്‍ ഇടത്തേക്ക് ഗൂഗിള്‍ മാപ്പ് ദിശ കാണിക്കുകയായിരുന്നു. മഴ പെയ്തതിനെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടാണെന്ന് കരുതിയാണ് പുഴയിലേക്ക് കാര്‍ എടുത്തതെന്ന് അപകടത്തില്‍ രക്ഷപ്പെട്ടവര്‍ പറഞ്ഞതായി നാട്ടുകാര്‍ പറഞ്ഞു.
അമിത വേഗത്തില്‍ എത്തിയ കാര്‍ പുഴയിലേക്ക് വീഴുകയായിരുന്നു. ഇത് കണ്ട് നിന്ന പരിസരവാസിയാണ് സുഹൃത്തുക്കളെ വിവരമറിയിച്ചത്. മഴ കനത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം കഠിനമായിരുന്നു. എന്നാല്‍ പുഴയിലേക്ക് ചാടി ഒടുവില്‍ മൂന്ന് പേരെ രക്ഷപ്പെടുത്തുകയായിരുന്നു. മരിച്ച രണ്ട് പേര്‍ ഒഴുക്കില്‍പ്പെട്ട് ദൂരേക്ക് പോയതിനാല്‍ രക്ഷപ്പെടുത്താനായില്ല. പ്രദേശത്താകെ ഇപ്പോള്‍ ബാരിക്കേഡ് സ്ഥാപിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.












Click it and Unblock the Notifications