പെരുമ്പാവൂരില്‍ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ കോളേജ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. 30 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. കൊണ്ടോട്ടി ഇ എം ഇ എ കോളേജില്‍ നിന്ന് വിനോദയാത്രക്ക് പുറപ്പെട്ട സംഘമാണ് അപകടത്തില്‍പ്പെട്ടത്. പെരുമ്പാവൂര്‍ സിഗ്‌നല്‍ ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടം. ഇന്ന് പുലര്‍ച്ചെ 2.15 നായിരുന്നു അപകടം.
38 വിദ്യാര്‍ത്ഥികളാണ് ബസില്‍ ഉണ്ടായിരുന്നത്. ഇവരെ കൂടാതെ ഒരു അധ്യാപകനും അദ്ദേഹത്തിന്റെ കുടുംബവും ബസ് ഡ്രൈവറും സഹായിയും ബസില്‍ ഉണ്ടായിരുന്നു. മൂന്നാറില്‍ നിന്ന് വിനോദ യാത്ര കഴിഞ്ഞ് കൊണ്ടോട്ടിയിലേക്ക് തിരിച്ചുപോകുന്നതിനിടെ ആയിരുന്നു അപകടം. പെരുമ്പാവൂര്‍ സിംഗ്‌നല്‍ ജംങ്ഷനില്‍ വെച്ച് മൂവാറ്റുപ്പുഴ ഭാഗത്തേക്ക് പോകുന്ന ലോറിയുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ബസ് മറിഞ്ഞു. ഗുരുതരമായി പരുക്കേറ്റ അഞ്ച് പേരെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ പെരുമ്പാവൂരിലേ ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. രാത്രിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും വിനോദ യാത്ര പോകുന്നതിന് സംസ്ഥാനത്ത് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ഈ വിലക്ക് നിലനില്‍ക്കെയാണ് അതിരാവിലെ വിനോദ യാത്രാ സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടത്. അതേസമയം അപകടസമയത്ത് റോഡില്‍ ലൈറ്റുകളോ സിഗ്‌നലുകളോ പ്രവര്‍ത്തിച്ചിരുന്നില്ല എന്നും ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റുകള്‍ നാളുകളായി പ്രവര്‍ത്തനരഹിതമാണെന്നും നാട്ടുകാര്‍ ആരോപിച്ചു.


Click it and Unblock the Notifications