അവിശ്വാസികള്‍ക്കെതിരായ പരാമര്‍ശം: സുരേഷ് ഗോപിക്കെതിരെ കലാപാഹ്വാനത്തിന് പരാതി
വിശ്വാസികള്‍ക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്തുവെന്നുമാണ് പരാതിയില്‍ പറയുന്നത്. ആലപ്പുഴ സ്വദേശിയായ സുഭാഷ് തീക്കാടനാണ് സുരേഷ് ഗോപിക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

കൊച്ചി: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ പോലീസില്‍ പരാതി. അവിശ്വാസികള്‍ക്കെതിരായ പരാമര്‍ശത്തിലാണ് പരാതി നല്‍കിയിരിക്കുന്നത്.
ജനവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്തിയെന്നും, അവിശ്വാസികള്‍ക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്തുവെന്നുമാണ് പരാതിയില്‍ പറയുന്നത്. ആലപ്പുഴ സ്വദേശിയായ സുഭാഷ് തീക്കാടനാണ് സുരേഷ് ഗോപിക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
നേരത്തെ സുരേഷ് ഗോപിയുടെ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം അദ്ദേഹം രൂക്ഷമായ വിമര്‍ശനം നേരിട്ടിരുന്നു. ആലുവ ശിവരാത്രിയുമായി ബന്ധപ്പെട്ട ചടങ്ങിലായിരുന്നു നടന്‍ പരാമര്‍ശം നടത്തിയത്.

തന്റെ പരാമര്‍ശത്തെ തെറ്റായ വ്യാഖാനിച്ചു എന്നാണ് സുരേഷ് ഗോപി വിശദീകരണം നല്‍കിയത്. ഭരണഘടന അനുവദിച്ച എന്റെ മതത്തിന്റെ ആചാരങ്ങള്‍ നടത്തുന്നതിന് തടസ്സം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെയാണ് ഞാന്‍ ഉദ്ദേശിച്ചത്. മറ്റ് മത്തിന്റെ പേരിലോ, രാഷ്ട്രീയത്തിന്റെ പേരിലോ നുഴഞ്ഞുകയറാന്‍ ശ്രമിച്ചാല്‍ അവരുടെ നാശത്തിന് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കും എന്നാണ് പറഞ്ഞത്.
ശബരിമല അടക്കം എന്റെ മതത്തിന്റെ അവകാശങ്ങള്‍ക്കെതിരെ നീങ്ങുന്ന രാഷ്ട്രീയ ശക്തികളെയാണ് ഞാന്‍ ഉദ്ദേശിച്ചതെന്നും സുരേഷ് ഗോപി വിശദീകരിച്ചു. നേരത്തെ അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് പലരും വിമര്‍ശനം ഉന്നയിക്കാന്‍ കാരണമായത്.
എന്റെ ഈശ്വരന്മാരെ സ്‌നേഹിച്ച് ഞാന്‍ ലോകത്തുള്ള വിശ്വാസികളായ മനുഷ്യരെ മുഴുവന്‍ സ്‌നേഹിക്കുമെന്ന് പറയുമ്പോള്‍, അവിശ്വാസികളോട് ഒട്ടും സനേഹമില്ലെന്ന് ചങ്കൂറ്റത്തോടെ തന്നെ പറയും.
വിശ്വാസികളുടെ അവകാശങ്ങളുടെ നേര്‍ക്ക് വരുന്ന ഒരു ശക്തിയോടും പൊറുക്കില്ല. അങ്ങനെ വരുന്നവരുടെ സര്‍വനാശത്തിന് വേണ്ടി ഈ ശ്രീകോവിലിന് മുന്നില്‍ പോയി പ്രാര്‍ഥിച്ചിരിക്കും. അത് എല്ലാവരും അങ്ങനെ ചെയ്യണമെന്നും സുരേഷ് ഗോപി നിര്‍ദേശിച്ചിരുന്നു.
നേരത്തെ ഐഎന്‍എല്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ മനോജ് സി നായരും സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കിയിരുന്നു.
സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന മത വിശ്വാസ സ്വാതന്ത്ര്യത്തിന് എതിരാണെന്നും മത സ്പര്‍ദ്ധ വളര്‍ത്തുന്നതാണെന്നും എറണാകുളം റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.












Click it and Unblock the Notifications