വിവാദങ്ങളൊഴിയാതെ ഥാര്‍ : പരാതിക്കാരുടെ ഹിയറിങ് ഏപ്രില്‍ ഒന്‍പതിന്
തിരുവനന്തപുരം; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന ഥാര്‍ ലേലത്തിനെതിരെ പരാതി നല്‍കിയവരുടെ വാദം കേരള ഹൈക്കോടതി കേള്‍ക്കും. ഹിന്ദു സേവാ സംഘം ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസിലാണിത്. ഏപ്രില്‍ ഒന്‍പതിനാണ് കേരള ഹൈക്കോടതി വാദം കേള്‍ക്കുക. ദേവസ്വം കമ്മിഷണര്‍ക്ക് ലേലവുമായി ബന്ധപ്പെട്ടവരുടെ ഹിയറിംഗ് നടത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഗുരൂവായൂര്‍ ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ ഏപ്രില്‍ ഒന്‍പതിന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ദേവസ്വം കമ്മിഷണര്‍ കേസ് നല്‍കിയ സംഘടനയുടെ പ്രതിനിധികളുടെ വാദം കേള്‍ക്കുക. ലേലവുമായി ബന്ധപ്പെട്ട് ആര്‍ക്കെങ്കിലും എതിരഭിപ്രായമുണ്ടെങ്കില്‍ ദേവസ്വം കമ്മിഷണര്‍ അതും നേരില്‍ കേള്‍ക്കും.

മഹീന്ദ്ര കമ്പനി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിച്ച ഥാര്‍ കാര്‍ പൊതുലേലത്തില്‍ വക്കുകയായിരുന്നു. ഡിസംബര്‍ നാലിനാണ് മഹീന്ദ്ര ഗ്രൂപ്പ് കാണിക്കയായി കാര്‍ സമര്‍പ്പിച്ചത്. ബഹ്‌റൈനിലുള്ള പ്രവാസി ബിസിനസുകാരനും എറണാകുളം ഇടപ്പള്ളി സ്വദേശിയുമായ അമല്‍ മുഹമ്മദ് അലിയാണ് പൊതുലേലത്തില്‍ കാര്‍ സ്വന്തമാക്കിയത്. തുടര്‍ന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പുനരാലോചന വേണ്ടിവന്നേക്കുമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതോടെയാണ് ആശയക്കുഴപ്പങ്ങള്‍ ആരംഭിക്കുന്നത്.
15 ലക്ഷം രൂപയാണ് കാറിന്റെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. പൊതുലേലത്തില്‍ ഒരാള്‍ മാത്രമാണ് പങ്കെടുത്തത്. 18 ലക്ഷം രൂപയോളം രൂപ കാറിന്റെ വിലയായി ദേവസ്വത്തില്‍ അടയ്‌ക്കേണ്ടി വരും. ജിഎസ്ടി അടക്കമാണ് ഈ തുക. റെഡ് കളര്‍ ഡീസല്‍ ഓപ്ഷന്‍ ലിമിറ്റഡ് എഡിഷനാണ് ഈ ഥാര്‍.
അതേ സമയം ഥാര്‍ ലേലം ചെയ്ത നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടു. നടപടി ചോദ്യം ചെയ്ത് ഹിന്ദു സേവാ കേന്ദ്രമാണ് ഹൈക്കോടതിയെ സമീപിച്ചത്. അയ്യായിരം രൂപയിൽ കൂടുതലുളള ഏതു വസ്തു വിൽക്കണമെങ്കിലും ദേവസ്വം കമ്മീഷണറുടെ മുൻകൂർ അനുമതി തേടണമെന്ന വ്യവസ്ഥ ലംഘിച്ചെന്നാണ് ഹർജിയിലെ ആരോപണം. വിഷയത്തില്‍ ഇടപെട്ട കോടതി ലേല വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കി. ജീപ്പിന്റെ വില അടക്കമുള്ള വിവരങ്ങള്‍ അറിയിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചത്.












Click it and Unblock the Notifications