കൊറോണ ബാധിച്ചത് വിമാനത്താവളത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരന്: സഹപ്രവർത്തകർ ഐസോലേഷനിൽ!!
കൊച്ചി: സംസ്ഥാനത്ത് ഒരു ആരോഗ്യ പ്രവർത്തകന് കൂടി കൊറോണ സ്ഥിരീകരിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിദേശത്ത് നിന്നെത്തുന്നവരെ പരിശോധിക്കാൻ നിയോഗിച്ച സംഘത്തിലെ ഹെൽത്ത് ഇൻസ്പെക്ടർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇദ്ദേഹത്തോട് സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 200 കടന്ന സാഹചര്യത്തിലാണ് ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിക്കുന്നത്. നേരത്തെ കൊറോണ രോഗികളെ പരിചരിച്ച ഒരു ആരോഗ്യ പ്രവർത്തകക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
ഞായറാഴ്ച മാത്രം 20 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 18 പേരും വിദേശത്ത് നിന്ന് കേരളത്തിലെത്തിയവരാണ്. എന്നാൽ രണ്ട് പേർക്ക് രോഗം ബാധിച്ചവരുമായുള്ള സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് കൊറോണ സ്ഥിരീകരിച്ച രോഗി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ ഐസിയുവിലാണ് ചികിത്സയിൽ കഴിഞ്ഞുവരുന്നത്.

സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച 181 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിഞ്ഞുവരികയാണ്. കണ്ണൂർ ജില്ലയിൽ എട്ട് പേർക്കും കാസർഗോഡ് ജില്ലയിൽ ഏഴ് പേർക്കും പാലക്കാട്, തൃശൂർ, മലപ്പുറം, എറണാകുളം ജില്ലകളിൽ ഒരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 141211 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിഞ്ഞുവരുന്നുണ്ട്. 1,40,618 പേർ വീടുകളിലും 593 പേർ ആശുപത്രികളിലുമായാണ് നിരീക്ഷണത്തിൽ കഴിഞ്ഞുവരുന്നത്. പത്തനംതിട്ടയിൽ ചികിത്സയിൽ കഴിഞ്ഞുവന്നിരുന്ന 4 പേരുടെ പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്.












Click it and Unblock the Notifications