കളമശ്ശേരി നിയമസഭാ മണ്ഡലത്തിൽ കേന്ദ്രീകൃത കോവിഡ് ഹെൽപ് ലൈൻ സംവിധാനം
കൊച്ചി: കളമശ്ശേരി നിയമസഭാമണ്ഡലത്തിൽ കേന്ദ്രീകൃത കോവിഡ് പ്രതിരോധ ഹെൽപ്പ്‌ലൈൻ സംവിധാനം ആരംഭിക്കുമെന്ന് പി രാജീവ് എംഎൽഎ. കളമശ്ശേരി നിയമസഭാ മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ സഹായത്തിനും പ്രാദേശിക സംവിധാനങ്ങളുടെ ഏകോപനത്തിനുമായാണ് മണ്ഡലം അടിസ്ഥാനത്തിൽ കോവിഡ് ഹെൽപ്പ് ലൈൻ ആരംഭിക്കുന്നത്.
മണ്ഡലത്തിലെ ജില്ലാ പഞ്ചായത്ത് ബ്ലോക്ക്, പഞ്ചായത്ത് അംഗങ്ങളും ഏലൂർ, കളമശ്ശേരി മുൻസിപ്പാലിറ്റി ചെയർ പേഴ്സൺ മാരും, കുന്നുകര കരുമാലൂർ, കടുങ്ങല്ലൂർ, ആലങ്ങാട് പഞ്ചായത്തുകളിലെ പ്രസിഡന്റുമാരും മുഴുവൻ മുൻസിപ്പൽ കൗൺസിലർമാരും പഞ്ചായത്ത് അംഗങ്ങളും പങ്കെടുത്ത ഓൺലൈൻ യോഗത്തിലാണ് ഹെൽപ്പ് ലൈൻ സംവിധാനം ആരംഭിക്കാൻ തീരുമാനിച്ചത്. ഹെൽപ്പ് ലൈനിൽ ബന്ധപ്പെടുന്നവർക്ക് വിദഗ്ദ ഡോക്ടർമാരുമായി വീഡിയോ കോൾ വഴി സംസാരിക്കാൻ അവസരം ഒരുക്കും. അവശ്യ മരുന്നുകൾ വേണ്ടവർക്ക് മരുന്നുകളും മറ്റു സഹായങ്ങളും സന്നദ്ധ പ്രവർത്തകർ വീടുകളിൽ എത്തിച്ചു നൽകും.

ഓക്സിജൻ സപ്പോർട്ടുള്ള 50 കിടക്കകൾ ഏലൂർ നഗരസഭയുടെ സഹായത്തോടെ ഒരുക്കും. അത്യാവശ്യ ഘട്ടത്തിൽ ഉള്ള രോഗികളെ ആദ്യം ഹെൽപ്പ് ലൈൻ കേന്ദ്രത്തിലേക്കും പിന്നീട് ആവശ്യാനുസരണം ആശുപത്രിയിലേക്കും മാറ്റും. പത്താം തീയതി തിങ്കളാഴ്ച മുതൽ ഹെൽപ് സെന്റർ പ്രവർത്തനമാരംഭിക്കും. കളമശ്ശേരി മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. വരും ദിവസങ്ങളിൽ മണ്ഡലം അടിസ്ഥാനത്തിൽ ഒരുമിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ യേശുദാസ് പറപ്പിള്ളി, കെ.വി. രവീന്ദ്രൻ, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, കളമശ്ശേരി മുൻസിപ്പൽ ചെയർപേഴ്സൺ സീമ കണ്ണൻ, ഏലൂർ മുൻസിപ്പൽ ചെയർമാൻ എ.ഡി. സുജിൽ, കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ്, കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശ്രീലത, കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് സൈനബാബു, ഡി. എം. ഒ. ഡോ. കുട്ടപ്പൻ, എം ആർ. എച്ച്. എം ജില്ലാ കോ കാർഡിനേറ്റർ ഡോ. മാത്യു നമ്പേലി, ഡോ. ഗണേഷ് മോഹൻ എന്നിവർ സംസാരിച്ചു.












Click it and Unblock the Notifications