ഉറപ്പാണ് 100, ഉറപ്പാണ് തൃക്കാക്കര: ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണ വാക്യം പ്രഖ്യാപിച്ച് ഇടതുപക്ഷം
കൊച്ചി: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ തൃക്കാക്കര പിടിക്കാന്‍ നീക്കങ്ങളുമായി സിപിഎം. നിയമസഭയിലെ അംഗബലം നൂറ് തികയ്ക്കുകയാണ് ലക്ഷ്യമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇടതുപക്ഷം. പ്രചാരണവാക്യവും പാര്‍ട്ടി പുറത്തുവിട്ടു. ഉറപ്പാണ് നൂറ്, ഉറപ്പാണ് തൃക്കാക്കര എന്ന ടാഗ് ലൈനാണ് പ്രചാരണത്തിന്റെ മുഖ്യ വാചകം. സമൂഹ മാധ്യങ്ങളില്‍ നേതാക്കള്‍ ഇതുമായി ബന്ധപ്പെട്ട കാര്‍ഡുകള്‍ പങ്കുവെച്ചു. പിടി തോമസിന്റെ വിയോഗത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തില്‍ ഇക്കുറി പോരാട്ടം കടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമസഭയില്‍ എംഎല്‍എമാരുടെ എണ്ണം നൂറിലെത്തിക്കുമെന്ന് നേരത്തെ മന്ത്രി പി രാജീവും പറഞ്ഞിരുന്നു.

കേരളത്തില്‍ കെ റെയിലിനെതിരെ വലിയ പ്രതിഷേധം നടക്കുന്നതിനാല്‍, സിപിഎമ്മിന് തൃക്കാക്കരയില്‍ വിജയം നേടേണ്ടത് അത്യാവശ്യമാണ്. സിപിഎമ്മിന്റെ വികസന നയങ്ങള്‍ക്കുള്ള ജനപിന്തുണയായി വിജയത്തെ കാണുകയും ചെയ്യാം. തൃക്കാക്കരയില്‍ വികസനത്തിന് വേണ്ടിയായിരിക്കും വോട്ട് ചോദിക്കുകയെന്ന് പി രാജീവ് വ്യക്തമാക്കിയിട്ടുണ്ട്. കെ റെയില്‍ തന്നെ പ്രചാരണ വിഷയമാക്കാനാണ് സിപിഎം തീരുമാനം. യുഡിഎഫിന്റെ ഉറച്ച കോട്ടയായിട്ടാണ് തൃക്കാക്കര അറിയപ്പെടുന്നത്. ഉമ തോമസിനെ കോണ്‍ഗ്രസ് ഇവിടെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. സിപിഎം വൈകാതെ തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചേക്കും.
ഇത്തവണ എന്ത് വന്നാലും മണ്ഡലം പിടിക്കണമെന്നാണ് സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി തീരുമാനം. ഉന്നത നേതാക്കളുമായുള്ള ആശയവിനിമയത്തില്‍ മണ്ഡലം പിടിക്കാന്‍ സാധിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചതെന്നും രാജീവ് പറഞ്ഞു. എല്‍ഡിഎഫിന്റെ പുതിയ കണ്‍വീനറായി ചുമതലയേറ്റ ഇപി ജയരാജന്‍ തൃക്കാക്കരയില്‍ നേരിട്ട് ഉപതിരഞ്ഞെടുപ്പ് പ്രചാരണം ഏകോപിപ്പിക്കും. മന്ത്രി രാജീവും, എം സ്വരാജും മണ്ഡലത്തില്‍ മുഴുവന്‍ സമയവും ഉണ്ടാവും. ഇവര്‍ക്കാണ് പ്രവര്‍ത്തന ചുമതല. കെവി തോമസ് വിഭാഗം അടക്കം ഇവിടെ അനുകൂലമാകുമെന്ന വിശ്വാസത്തിലാണ് സിപിഎം. യുഡിഎഫില്‍ ഉമയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ തുടര്‍ന്ന് പ്രശ്‌നങ്ങളുണ്ടാവാമെന്നാണ് വിലയിരുത്തല്‍.
അതേസമയം ഉമ തോമസിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ എറണാകുളം ജില്ലാ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയിരിക്കുകയാണ്. തൃക്കാക്കര മണ്ഡലത്തിലെ നേതാക്കളുമായി നേതൃത്വം ചര്‍ച്ച നടത്തിയിട്ടില്ലെന്ന് എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി എംബി മുരളീധരന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിത്വം സജീവ പ്രവര്‍ത്തകര്‍ക്ക് അവകാശപ്പെട്ടതാണ്. സ്ഥാനാര്‍ത്ഥിത്വം നല്‍കിയല്ല പിടിയുടെ കുടുംബത്തെ സഹായിക്കേണ്ടത്. ഈ രീതിയില്‍ കോണ്‍ഗ്രസില്‍ തുടരാനില്ലെന്നും, പാര്‍ട്ടി വിടുന്ന കാര്യം പരിഗണനയിലുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രചാരണത്തില്‍ നിന്ന് വിട്ട് നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ സിപിഎം ശ്രദ്ധിച്ച് നിരീക്ഷിക്കുന്നുണ്ട്. സിപിഎമ്മിന് വിജയസാധ്യത നല്‍കുന്ന കാര്യങ്ങളാണിത്. അതേസമയം ഹൈക്കമാന്‍ഡില്‍ നിന്നുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നതിന് പിന്നാലെ തൃക്കാക്കരയില്‍ പ്രചാരണത്തിന് തുടക്കമിട്ടിരിക്കുകയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. തൃക്കാക്കരയ്ക്ക് വേണ്ടി പിടിക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ പോയ കാര്യങ്ങളാണ് ഏറ്റെടുത്ത് തീര്‍ക്കുക എന്ന നിയോഗമാണ് തനിക്ക് മുന്നിലുള്ളതെന്നും അവര്‍ പറഞ്ഞു. അയല്‍വാസികളെ കണ്ടാണ് ഉമ ആദ്യം വോട്ട് നേടിയത്. കെവി തോമസും, ഡൊമിനിക് പ്രസന്റേഷനും തനിക്കെതിരെ പ്രവര്‍ത്തിക്കില്ലെന്നാണ് കരുതുന്നതെന്നും, അവര്‍ക്ക് പിടിയുമായി അത്തരമൊരു ബന്ധമുണ്ടായിരുന്നുവെന്നും ഉമ പറഞ്ഞു.












Click it and Unblock the Notifications