സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ സിപിഎമ്മിന് പിഴച്ചു, തൃക്കാക്കര തോല്‍വിയില്‍ സിപിഐ
കൊച്ചി: തൃക്കാക്കരയിലെ എല്‍ഡിഎഫ് തോല്‍വിയില്‍ വിമര്‍ശനവുമായി സിപിഐ. സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ സിപിഎമ്മിന് തൃക്കാക്കരയില്‍ പിഴച്ചയായി സിപിഐ സംസ്ഥാന നിര്‍വാഹക സമിതി കുറ്റപ്പെടുത്തി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അപാകതകളെയും സിപിഐ ചൂണ്ടിക്കാണിച്ചു. ജോ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കിയത് സിപിഎമ്മിലെ തന്നെ ഒരു വിഭാഗത്തിന് തീരെ ഉള്‍ക്കൊള്ളാനായില്ലെന്ന് സിപിഐ ചൂണ്ടിക്കാണിച്ചു. നേരത്തെ തൃക്കാക്കരയില്‍ അപ്രതീക്ഷിതമായിട്ടായിരുന്നു സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിയായി ജോ ജോസഫ് വരുന്നത്. എന്നാല്‍ ആ സമയത്ത് തന്നെ സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്ന ചീത്തപ്പേരും വന്നതോടെ സിപിഎം പ്രതിരോധത്തിലായിരുന്നു.

ജോ ജോസഫ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയാണോ അതോ സഭയുടെയാണോ എന്ന സംശയങ്ങളാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷമുണ്ടായത്. ഡിവൈഎഫ്‌ഐ നേതാവ് അരുണ്‍ കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് സിപിഎം നേതാക്കള്‍ തന്നെ വിചാരിച്ചത്. ഇതിന് പിന്നാലെ അരുണ്‍ എല്‍ഡിഎഫ് നേതാക്കളുമായി ബന്ധപ്പെടുകയും ചെയ്തു. ജില്ലാ നേതൃത്വത്തിന് അടക്കം താല്‍പര്യം അരുണ്‍ കുമാര്‍ മത്സരിക്കുന്നതിലായിരുന്നുവെന്ന് സിപിഐ പറയുന്നു. എന്നാല്‍ അവസാന നിമിഷത്തില്‍ സ്ഥാനാര്‍ത്ഥിയെ മാറ്റിയത് സിപിഎമ്മില്‍ അസംതൃപ്തിക്ക് കാരണമായെന്നും അവര്‍ ചൂണ്ടിക്കാണിച്ചു.
പാര്‍ട്ടി തീരുമാനം എന്ന നിലയില്‍ മാത്രമാണ് ചിലരൊക്കെ സഹകരിച്ചതെന്ന് തൃക്കാക്കരയില്‍ പ്രചാരണ രംഗത്തുണ്ടായിരുന്ന സിപിഐ നേതാക്കള്‍ ചൂണ്ടിക്കാണിച്ചു. മന്ത്രിമാരും എഴുപതോളം എംഎല്‍എമാരും മണ്ഡലത്തില്‍ കേന്ദ്രീകരിച്ചതോടെ ജില്ലാ നേതൃത്വം അപ്രസക്തമായെന്നും സിപിഐ പറയുന്നത്. പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത കണ്‍വന്‍ഷനിലേക്ക് ഇഎംഎസ്സിനെ കൊണ്ടുവരുന്നത് പോലെയാണ് കെവി തോമസിനെ ആനയിച്ചതെന്ന പരിഹാസവും ഉയര്‍ന്നു. വേദിയിലെ എല്ലാവരും അദ്ദേഹത്തെ എഴുന്നേറ്റ് നിന്ന് സ്വീകരിച്ചെന്നു, എന്നാല്‍ ഇതെല്ലാം പ്രതികൂല ഫലങ്ങളാണ് സിപിഎമ്മില്‍ ഉണ്ടാക്കിയതെന്ന് സിപിഐ കുറ്റപ്പെടുത്തി.
അതേസമയം സിപിഎം തൃക്കാക്കര തോല്‍വി വളരെ ഗൗരവത്തോടെ എടുത്തിരിക്കുകയാണ്. കടുത്ത നടപടി പല നേതാക്കള്‍ക്കുമെതിരെയുണ്ടാവും. ജില്ലാ സമിതിയാണ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. പല പ്രമുഖ നേതാക്കളും പാര്‍ട്ടി നടപടി നേരിടേണ്ടി വരും. ഇവരില്‍ പലരും പ്രചാരണവുമായി സഹകരിച്ചില്ലെന്ന് എം സ്വരാജ് പരസ്യമായി കുറ്റപ്പെടുത്തുന്നുണ്ട്. ജില്ലയിലെ സംസ്ഥാന നേതാക്കള്‍ക്കെതിരെ ജില്ലാ നേതൃത്വത്തിനും പരാതികളുണ്ട്. മണ്ഡലത്തില്‍ സംസ്ഥാന നേതാക്കളില്‍ വലിയൊരു വിഭാഗം പേരും എത്തിയിട്ടും ജില്ലയിലെ പ്രമുഖ നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയില്ലെന്നാണ് സ്വരാജ് പറയുന്നത്.
ജില്ലാ നേതാക്കളില്‍ നിന്ന് സംസ്ഥാന നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചാരണം ഏറ്റെടുത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ജില്ലാ നേതാക്കള്‍ പറയുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അടക്കം ജില്ലാ നേതൃത്വത്തോട് ചോദിക്കാതെയാണ് ചെയ്തത്. പ്രവര്‍ത്തകര്‍ക്കിടയില്‍ ഒരു സ്വാധീനവുമില്ലാത്ത നേതാവാണ് ജോ ജോസഫ്. അത്തരമൊരാള്‍ക്ക് വോട്ട് ചെയ്യാനുള്ള താല്‍പര്യവും പ്രവര്‍ത്തകര്‍ക്കില്ലായിരുന്നു. പല നേതാക്കളും ആവേശം ചോര്‍ന്ന അവസ്ഥയിലായിരുന്നു. പി രാജീവും സ്വരാജും എല്ലാ കാര്യങ്ങളും ഇഷ്ടം പോലെ നിയന്ത്രിക്കുകയായിരുന്നുവെന്നാണ് പരാതി. എന്നാല്‍ ഇരുപത് പേരെങ്കിലും ജില്ലാ സമിതിയില്‍ നിന്ന് നടപടിക്ക് വിധേയമാകുമെന്നാണ് സൂചന.












Click it and Unblock the Notifications