സക്കീര്‍ ഹുസൈന്‍ ഔട്ട്; ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി സിപിഎം നടപടി, വിവാദങ്ങള്‍ തിരിച്ചടി
കൊച്ചി: ഒട്ടേറെ വിവാദങ്ങളില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന സിപിഎം നേതാവിനെതിരെ പാര്‍ട്ടി നടപടിയെടുത്തു. കളമശേരി ഏരിയ സെക്രട്ടറി വിഎ സക്കീര്‍ ഹുസൈനെതിരെയാണ് നടപടി. ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് സക്കീര്‍ ഹുസൈനെ മാറ്റി. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട അന്വേഷണത്തെ തുടര്‍ന്നാണ് പാര്‍ട്ടി നടപടിയെടുത്തത്.

സിഎം ദിനേശ് മണി കമ്മിറ്റിയുടെ അന്വേഷണ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് എറണാകുളം ജില്ലാ കമ്മിറ്റി സക്കീര്‍ ഹുസൈനെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചത്. ഇതിന് സംസ്ഥാന കമ്മിറ്റി അനുമതി നല്‍കി. വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ സക്കീര്‍ ഹുസൈനെ നേരത്തെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. പിന്നീട് അദ്ദേഹം തെറ്റ് ചെയ്തിട്ടില്ലെന്ന് പാര്‍ട്ടിക്ക് ബോധ്യമായപ്പോള്‍ തിരിച്ചെടുത്തു.
ഇപ്പോള്‍ ജില്ലാ കമ്മിറ്റി അംഗത്വത്തില്‍ നിന്ന് സക്കീര്‍ ഹുസൈനെ തരംതാഴ്ത്തി. പ്രളയ ഫണ്ട് തട്ടിപ്പ്, വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവം, കളമശേരി എസ്‌ഐയുമായി വാഗ്വാദത്തിലേര്‍പ്പെട്ടത്, ലോക്ക് ഡൗണ്‍ കാലത്ത് പോലീസ് ഓഫീസറോട് ദേഷ്യപ്പെട്ടത് തുടങ്ങി ഒട്ടേറെ വിവാദങ്ങളില്‍ പെട്ടിരുന്നു സക്കീര്‍ ഹുസൈന്‍.
കുസാറ്റിലെ വിദ്യാര്‍ഥി ആക്രമണവുമായി ബന്ധപ്പെട്ടാണ് എസ്‌ഐയെ വിളിച്ച് സക്കീര്‍ ഹുസൈന്‍ ഭീഷണിപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ലോക്ക് ഡൗണിനിടെ പോലീസ് ഓഫീസറോട് കയര്‍ക്കുന്ന വീഡിയോയും അടുത്തിടെ പുറത്തുവന്നിരുന്നു. സക്കീര്‍ ഹുസൈന്റെ നടപടികള്‍ പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാക്കിയെന്നാണ് അന്വേഷണ സമിതിയുടെ വിലയിരുത്തല്‍.












Click it and Unblock the Notifications