നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപ് ആലുവ പൊലീസ് ക്ലബിലെത്തി
എറണാകുളം : നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യലിനായി ദിലീപ് എറണാകുളം പൊലീസ് ക്ലബിലെത്തി. കേസിൽ ദിലീപിനെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നതിനാൽ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യൽ. ഇതിന് ശേഷം വിട്ടയക്കുകയാകും നടപടി. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്.
നടിയെ ആക്രമിച്ച് തുടർന്ന് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്റെ പക്കൽ എത്തിയോ, കേസിലെ മുഖ്യ പ്രതിയുമായുളള ദിലീപിന്റെ അടുപ്പം സംബന്ധിച്ച് സംവിധായകൻ ബാലചന്ദ്രകുമാർ അടക്കമുളളവർ നൽകിയിരിക്കുന്ന മൊഴി, കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും നടത്തിയ ശ്രമങ്ങൾ എന്നിവയെല്ലാമാണ് ദിലീപിൽ നിന്ന് പൊലീസ് ചോദിച്ചറിയാൻ ശ്രമിക്കുക.

ദിലീപിന്റെ ഫോണിൽ നിന്ന് നശിപ്പിച്ച വിവരങ്ങളിൽ വിചാരണ കോടതി രേഖകളുമുണ്ടെന്ന് ഹാക്കറുടെ മൊഴി പുറത്ത് വന്നിരുന്നു. ഒരിക്കലും പുറത്ത്പോകാൻ പാടില്ലാത്ത കോടതി രേഖകളാണ് ഇതെന്ന് അഭിഭാഷകൻ പറഞ്ഞെന്നാണ് ഹാക്കർ സായ് ശങ്കറിന്റെ മൊഴി. കോടതി രേഖകളിൽ ചിലത് സായ് ശങ്കറിന്റെ വീട്ടിൽ നിന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. ദിലീപിന്റെ ഫോണിൽ വിചാരണ കോടതി രേഖ അയച്ചതാരെന്നതിൽ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി. വാട്സ് ആപ്പിലൂടെയാണ് ഈ വിവരങ്ങൾ എത്തിയതെന്നായിരുന്നു മൊഴി.

ദിലീപിന്റെ ഫോൺ രേഖകൾ സംബന്ധിക്കുന്ന ഫോറൻസിക് റിപ്പോർട്ടും ഈ ഘട്ടത്തിൽ ഏറെ നിർണായകമാണ്. നിരവധി രേഖകൾ ദിലീപിന്റെ ഫോണുകളിൽ നിന്നും നശിപ്പിച്ചുവെന്ന് നേരത്തേ തന്നെ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഫോറൻസിക് പരിശോധനയിലൂടെ മുംബൈയിൽ സ്വകാര്യ ലാബിൽ എത്തിച്ചാണ് വിവരങ്ങൾ മായ്ച്ച് കളഞ്ഞതെന്നായിരുന്നു കണ്ടെത്തൽ. ഇവയിൽ ചില വിവരങ്ങൾ ഫോറൻസിക് വിദഗ്ദരുടെ സഹായത്തോടെ വീണ്ടെടുത്തിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് ദിലീപിനെ കൂടാതെ നടിയും ഭാര്യയുമായ കാവ്യ മാധവനെയും അന്വേഷണ സംഘം ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. കേസിലെ സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിൽ പറയുന്ന മാഡം ആരെന്നറിയുന്നതിനായിരിക്കും കാവ്യ മാധവനെ ചോദ്യം ചെയ്യുന്നത്. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കണ്ട ശേഷം ദിലീപ് കാവ്യയ്ക്കാണ് ടാബ് കൈമാറിയതെന്ന ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി സംബന്ധിച്ചും കാവ്യയിൽ നിന്നും അന്വേഷണ സംഘം വിവരം തേടും.












Click it and Unblock the Notifications