അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, കേസ് നാളെ മറ്റൊരു ബെഞ്ച് പരിഗണിക്കും
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ആണ് പിന്മാറിയത്. ഹര്‍ജി നാളെ മറ്റൊരു ബെഞ്ച് പരിഗണിക്കും. നേരത്തെ ഗുരുതര ആരോപണങ്ങളാണ് അതിജീവിത ഉന്നയിച്ചത്. വിചാരണ കോടതിയില്‍ കേസ് പരിഗണിച്ച ജഡ്ജിക്ക് ഈ ഹര്‍ജി പരിഗണിക്കാനാവില്ലെന്നാണ് അതിജീവിതയുടെ അഭിഭാഷക വ്യക്തമാക്കിയിരുന്നത്. ഹൈക്കോടതി ബെഞ്ചില്‍ നേരത്തെ മാറ്റമുണ്ടായിരുന്നില്ല. അവസാന നിമിഷമാണ് ജസ്റ്റിസ് കൗസര്‍ പിന്മാറിയത്. സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളും അതിജീവിത ഹൈക്കോടതിയില്‍ ഉന്നയിച്ചിരുന്നു. കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്നും നീതി ഉറപ്പാക്കാന്‍ കോടതി ഇടപെടണമെന്നുമായിരുന്നു ആവശ്യം.

നേരത്തെ ബെഞ്ച് മാറ്റം ആവശ്യപ്പെട്ട് അതിജീവിത അപേക്ഷ നല്‍കിയിരുന്നെങ്കിലും ഹൈക്കോടതി രജിസ്ട്രി തീരുമാനമെടുത്തിരുന്നില്ല. ഇന്ന് രാവിലെ കേസ് നമ്പര്‍ വിളിച്ച ശേഷമാണ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറുകയാണെന്ന് ജസ്റ്റിസ് കൗസര്‍ അറിയിച്ചത്. ജഡ്ജി ഇന്ന് സ്വയം പിന്മാറിയില്ലെങ്കില്‍ കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറാന്‍ അതിജീവിത ആവശ്യപ്പെടുമെന്ന് അഭിഭാഷകന്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. വിചാരണ കോടതിയില്‍ കേസ് പരിഗണിച്ച ജഡ്ജിക്ക് ഈ ഹര്‍ജി പരിഗണിക്കാനാവില്ലെന്ന് അതിജീവിതയുടെ നിലപാട്. ഭരണ മുന്നണിയിലെ രാഷ്ട്രീയക്കാരെ സ്വാധീനിച്ച് കേസ് അവസാനിപ്പിക്കാനാണ് ശ്രമമെന്നും അതിജീവിത ആരോപിച്ചിരുന്നു.
സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപിന്റെ അഭിഭാഷകര്‍ ശ്രമിച്ചതിന് തെളിവുകള്‍ പുറത്തുവന്നിട്ടും അന്വേഷണത്തില്‍ നിന്ന് അവരെ ഒഴിവാക്കിയെന്നും, ഈ പശ്ചാത്തലത്തിലാണ് കോടതി ഇടപെടണമെന്ന് പറഞ്ഞതെന്നുമാണ് അതിജീവിത കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് തിടുക്കത്തില്‍ അവസാനിപ്പിക്കാന്‍ നീക്കം നടക്കുന്നതായി വിവരം ലഭിച്ചെന്നും ഇത് നീതി നിഷേധത്തിന് ഇടയാക്കുമോ എന്ന ആശങ്ക ഉണ്ടാക്കുന്നുവെന്നും നടിയുടെ ഹര്‍ജിയിലുണ്ട്. കേസന്വേഷണം അവസാനിപ്പിക്കാന്‍ അന്വേഷണ സംഘത്തിന് മേല്‍ രാഷ്ട്രീയ സമ്മര്‍ദമുണ്ട്. കേസിലെ പ്രതിയായ ദിലീപ് ഉന്നത രാഷ്ട്രീയ ബന്ധമുള്ള വ്യക്തിയാണ്. അന്തിമ റിപ്പോര്‍ട്ട് തട്ടിക്കൂട്ടി നല്‍കാന്‍ നീക്കം നടക്കുന്നുണ്ട്. ഭരണകക്ഷിയിലെ അംഗങ്ങളും ദിലീപും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇതിനെ പിന്നിലെ അതിജീവിത ഹര്‍ജിയില്‍ ആരോപിച്ചു.
അതേസമയം അതിജീവിതയുടെ ഹര്‍ജിക്കെതിരെ ഇപി ജയരാജന്‍ രംഗത്ത് വന്നു. ഹര്‍ജിക്ക് പിന്നില്‍ പ്രത്യേക താല്‍പര്യമുണ്ടോ എന്ന് പരിശോധിക്കണമെന്ന് ജയരാജന്‍ പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്താണ് ഹര്‍ജി വരുന്നത്. ഈ ഉപതിരഞ്ഞെടുപ്പിന് അത് ബാധിക്കില്ല. പോലീസിന് വീഴ്ച്ചയുണ്ടായതായി ഇന്നുവരെ ആരും പറഞ്ഞിട്ടില്ല. വീഴ്ച്ചയുണ്ടെങ്കില്‍ കടുത്ത നടപടി സ്വീകരിക്കും. ആര്‍ക്കും കോടതിയെ സമീപിക്കാമെന്നും സര്‍ക്കാര്‍ അതിന് എതിരല്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു.












Click it and Unblock the Notifications