കേരള കോണ്‍ഗ്രസിനെ ചൊല്ലി എല്‍ഡിഎഫില്‍ കലഹം; സ്വതന്ത്രനെ പിന്തുണച്ച് എല്‍ജെഡി, ചിരി കോണ്‍ഗ്രസിന്
എറണാകുളം: ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ടെത്തിയത് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. കോട്ടയം ഉള്‍പ്പടേയുള്ള മധ്യകേരളത്തിലെ ജില്ലകളിലും മലയോര പ്രദേശങ്ങളിലും ജോസ് കെ മാണിയുടെ മുന്നണിമാറ്റം അനുകൂല ഘടകമാവുമെന്നാണ് അവരുടെ ആത്മവിശ്വാസം. തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് വിതരണത്തില്‍ പലയിടത്തും അവര്‍ക്ക് മുന്നണി വലിയ പരിഗണനയും നല്കിയിരിക്കുന്നു. എന്നാല്‍ ഇത് മുന്നണിയിലെ മറ്റ് പല ഘടക കക്ഷികളിലും വലിയ അസംതൃപ്തിക്കാണ് ഇടയാക്കിയിരിക്കുന്നത്.

ആദ്യം ജെഡിഎസ്
നേരത്തെ ജെഡിഎസ്, എന്‍സിപി തുടങ്ങിയ പാര്‍ട്ടികള്‍ തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ എല്‍ഡിഎഫ് നേതൃത്വത്തോട് ഇടഞ്ഞിരുന്നു. ഒരു ഘട്ടത്തില്‍ കോഴിക്കോട് ജില്ലയില്‍ ജെഡിഎസ് തനിച്ച് മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഒടുവില്‍ പാര്‍ട്ടി നേതൃത്വം ഇടപെട്ട് ഏതാനും സീറ്റുകള്‍ വിട്ടു നല്‍കിയാണ് ജെഡിഎസിന്റെ പ്രശ്നം അവസാനിപ്പിച്ചത്.

ലോക് താന്ത്രിക് ജനതാദളും
ഇപ്പോഴിതാ സീറ്റ് വിതരണത്തിലെ അസംതൃപ്തി തുറന്ന് പറഞ്ഞ് ലോക് താന്ത്രിക് ജനതാദളും രംഗത്ത് എത്തിയിരിക്കുകയാണ്. സീറ്റ് വിഭജനത്തില്‍ മുന്നണിയില്‍ നിന്നും അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്നാണ് പാര്‍ട്ടിയുടെ പരാതി. എല്‍ഡിഎഫ് നേതൃത്വത്തിന്റെ അവഗണനയില്‍ തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് എല്‍ജെഡി.


എല്‍ഡിഎഫിനോട് ഇടഞ്ഞ്
എറണാകുളം ജില്ലയിലെ കോതമംഗലത്താണ് എല്‍ഡിഎഫിനോട് ഇടഞ്ഞ് എല്‍ജെഡി സ്വതന്ത്രമായി നില്‍ക്കുന്നത്. കഴിഞ്ഞ തെഞ്ഞെടുപ്പില്‍ കോട്ടപ്പടി ബ്ലോക്ക് ഡിവിഷനിലുള്‍പ്പെടെ എല്‍ ജെ ഡി സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ടായിരുന്നു. പിന്നീട് പാര്‍ട്ടി യുഡിഎഫ് വിട്ട് ഇടതു പാളയത്തിലെത്തിയപ്പോള്‍ കാലങ്ങളായി മത്സരിച്ച ബ്ലോക്ക്് സീറ്റില്‍ ഉള്‍പ്പെടെ സിപിഐഎം സ്ഥാനാര്‍ത്ഥികളെയാണ് മുന്നണി നിര്‍ത്തിയിരിക്കുന്നത്.

ജോസ് കെ മാണി വിഭാഗത്തിന്
തങ്ങള്‍ വന്നതിന് ശേഷം എത്തിയ ജോസ് കെ മാണി വിഭാഗത്തിന് വലിയ പരിഗണന കൊടുത്തപ്പോള്‍ തങ്ങള്‍ക്ക് സീറ്റുകളൊന്നും നല്‍കിയില്ലെന്നാണ് എല്‍ജെഡിയുടെ പരാതി. അര്‍ഹമായ അംഗീകാരം നല്‍കിയില്ലന്ന് മാത്രമല്ല പൂര്‍ണ്ണമായി തഴയുകയും ചെയ്തതില്‍ പ്രതിക്ഷേധിച്ചാണ് പ്രചരണ പരിപാടിയില്‍ നിന്ന് വിട്ടു നില്ക്കാന് തീരുമാനിച്ചതെന്നും എല്‍ജെഡി നേതാക്കള്‍ വ്യക്തമാക്കുന്നു.

ഇടതുമുന്നണിക്ക്
സംസ്ഥാന-ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇത്തരമൊരു തീരുമാനം എടുത്തത് നേതാക്കള്‍ വ്യക്തമാക്കി. ഇതാണ് ഇടതുമുന്നണിക്ക് കൂടുതല്‍ ആഘാതമായത്. കവളങ്ങാട് പഞ്ചായത്തില്‍ ആദ്യ ഘട്ടം സീറ്റ് വിഭജനത്തില്‍ ഇടതുമുന്നണി എല്‍ജെഡിയെ പരിഗണിച്ചിരുന്നു. എന്നാല്‍ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ വരവോടെ തങ്ങളെ മുന്നണി തഴയുകയായിരുന്നെന്നാണ് നേതാക്കള്‍ ആരോപിക്കുന്നത്.

കവളങ്ങാട് പഞ്ചായത്തില്‍
കവളങ്ങാട് പഞ്ചായത്തില്‍ വാര്‍ഡ് 18 മാരമംഗലം ഡിവിഷനില്‍ ഇടത് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കാതെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഷാ മോന് കാസിമിനെ പിന്തുണക്കാനും എല്‍ജെഡി നേതൃ യോഗം തീരുമാനിച്ചതായി നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് ഗോപി പറഞു. ഇടതു മുന്നണിയില്‍ എല്‍ജെഡി ഇടഞ്ഞു നില്‍ക്കുന്നത് ചില പഞ്ചായത്തുകളില്‍ തങ്ങള്‍ക്ക് അനുകൂല സാഹചര്യം ഉണ്ടാക്കുമെന്നാണ് കോണ്‍ഗ്രസ് ക്യമ്പുകള്‍ പ്രതീക്ഷിക്കുന്നത്.

എന്‍സിപി
അതേസമയം, ജോസിന്റെ വരവില്‍ കോട്ടയത്ത് ഏറ്റവും വലിയ നഷ്ടം ഉണ്ടായത് എന്‍സിപിക്കാണ്. പാലാ സീറ്റ് വിഷയത്തില്‍ നേരത്തെ തന്നെ ആശങ്കയുള്ള എന്‍സിപിയില്‍ ഇത് കൂടുതല്‍ അസംതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. ഒരു ഘട്ടതില്‍ എന്‍സിപി മുന്നണി വിടുന്നുവെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു. പിന്നീട് മുഖ്യമന്ത്രി നല്കിയ ഉറപ്പിനെ തുടര്‍ന്ന് മുന്നണിയില്‍ തന്നെ തുടരാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു

പൊതുവികാരം
എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ തങ്ങള്‍ക്ക് വലിയ അവഗണനയാണ് നേരിടേണ്ടി വന്നതെന്നാണ് ജില്ലയിലെ നേതാക്കളുടെ പൊതുവികാരം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ 28 സീറ്റുകളിലായിരുന്നു കോട്ടയം ജില്ലയില്‍ എന്‍സിപി മത്സരിച്ചിരുന്നത്. എന്നാല്‍ ഇത്തവണ ജോസ് കെ മാണി മുന്നണിയില്‍ എത്തിയതോടെ എന്‍സിപിയുടെ സീറ്റുകള്‍ വലിയ തോതില്‍ കുറഞ്ഞു.

ഏഴ് സീറ്റ് മാത്രം
ജില്ലയില്‍ ഇത്തവണ ആകെ ഏഴ് സീറ്റ് മാത്രമാണ് എന്‍സിപിക്ക് നല്‍കിയിരിക്കുന്നത്. പാലാ മുന്‍സിപാലിറ്റി, വെള്ളൂര്‍, തലയോലപ്പറമ്പ്, കാണക്കാരി, കാഞ്ഞിരപ്പള്ളി, രാമപുരം, വാകത്താനം പഞ്ചായത്തുകളിലാണ് എന്‍സിപിക്ക് സീറ്റ് നല്‍കിയിരിക്കുന്നത്. എന്‍സിപി പല വാര്‍ഡുകളും വിട്ടു നല്കാന് തയ്യാറായെങ്കിലും ജോസ് കെ മാണി ഗ്രൂപ്പ് അതിന് തയ്യാറായില്ല.

യുഡിഎഫ് പിന്തുണ
ഇത് പലയിടത്തും പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. പാലായിലെ എലിക്കുളം രണ്ടാം വാര്‍ഡില്‍ എല്‍ഡിഎഫ് ഇറക്കിയ ജോസ് വിഭാഗം സ്ഥാനാര്‍ത്ഥിക്കെതിരെ എന്‍സിപി വിമത സ്ഥാനാര്‍ത്ഥിയാണ് മത്സരിക്കുന്നത്. പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെ തന്നെയാണ് എന്‍സിപിയുടെ സ്ഥാനാര്‍ത്ഥിത്വം. ഇടത് വിമതന് യുഡിഎഫ് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.