'എംഡിഎംഎ അടിച്ച് വട്ടായതാ സാറേ..'പിഞ്ചുകുട്ടികളുമായി പൊലീസ് സ്റ്റേഷനിലെത്തി പിതാവിന്റെ പരാക്രമം, വീഡിയോ
കൊച്ചി: പിഞ്ചുകുഞ്ഞുങ്ങള്‍ക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തി അക്രമാസക്തമായി യുവാവ്. ലഹരിക്കടിമയായ പെരുമ്പാവൂര്‍ കോടനാട് സ്വദേശി അശ്വിന്‍ ആണ് പൊലീസ് സ്റ്റേഷനില്‍ പിഞ്ചുകുഞ്ഞുങ്ങളുമായി എത്തിയത്. ഇന്നലെയായിരുന്നു സംഭവം. കുഞ്ഞുങ്ങളുടെ പിതാവ് കൂടിയായ ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ ഇവരെ ഉപേക്ഷിക്കാനാണോ എത്തിയത് എന്നത് വ്യക്തമല്ല.
എന്നാല്‍ പൊലീസ് സ്റ്റേഷനിലെത്തി ബഹളം വെക്കുകയും സ്വയം തലയില്‍ അടിക്കുകയും ചെയ്ത ഇയാള്‍ തന്നെയാണ് താന്‍ ലഹരിക്കടിമയാണ് എന്ന് പറഞ്ഞ് ബഹളം വെച്ചത്. എം ഡി എം എ ഉപയോഗിച്ച് വട്ടായെന്നും കുഞ്ഞുങ്ങളെ നോക്കാന്‍ ആരുമില്ല എന്നും പറഞ്ഞാണ് ഇയാള്‍ ബഹളം വെച്ചത്. ഒന്നരയും രണ്ടരയും വയസ് മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ എടുത്താണ് ഇയാള്‍ സ്റ്റേഷനിലെത്തിയത്.

തന്റെ ഭാര്യയെ ആക്രമിച്ചു എന്നും ഇയാള്‍ വിളിച്ച് പറയുന്നുണ്ട്. എല്ലാം ലഹരിമൂത്ത് ചെയ്തതാണ് എന്നും തന്റെ കുട്ടികളെ നോക്കാന്‍ തനിക്കറിയാം എന്നും എല്ലാം ഇയാള്‍ പറയുന്നുണ്ട്. പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ബിജു സി ആര്‍ ആണ് ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചത്.

അക്രമാസക്തമായി പെരുമാറിയ യുവാവിനെ പൊലീസുകാര്‍ ശാന്തനാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാല്‍ അതിനിടെ കുഞ്ഞുങ്ങളെ പരിപാലിച്ച പൊലീസുകാരുടെ പ്രവൃത്തി ഏറെ ഹൃദയസ്പര്‍ശിയായി. കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം വാങ്ങി കൊടുത്തും അവരെ കളിപ്പിച്ചും പൊലീസുകാര്‍ അവരെ പിതാവിന്റെ ബഹളത്തില്‍ നിന്നും മാറ്റി.

അതിനിടെ ശാന്തനായ യുവാവ് പൊലീസിനോട് കാര്യങ്ങള്‍ വിശദീകരിച്ചു. ഭാര്യ ഉപേക്ഷിച്ച് പോയതാണ് എന്നും മക്കളെ വളര്‍ത്താന്‍ നിവര്‍ത്തിയില്ല എന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഇതോടെ പൊലീസ് സംഭവത്തിന്റെ സത്യാവസ്ഥ തിരക്കിയിറങ്ങി. അറിഞ്ഞപ്പോള്‍ കോടനാട് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലാണ് യുവാവ് താമസിക്കുന്നത് എന്ന് മനസിലാക്കി.

എന്നാല്‍ ഇവിടെ പൊലീസ് എത്തിയപ്പോള്‍ വീട് പൂട്ടിക്കിടക്കുകയായിരുന്നു. കുഞ്ഞുങ്ങളെ നോക്കാന്‍ മറ്റാരുമില്ലെന്ന് മനസിലാക്കിയ പൊലീസ് പിന്നാലെ കുഞ്ഞുങ്ങള്‍ക്കായി ഭക്ഷണവും ഉടുപ്പുകളും വാങ്ങി. പിന്നീട് കുട്ടികളെ പുല്ലുവഴി സ്നേഹ ജ്യോതി ബോയ്സ് ഹോമിലേക്ക് മാറ്റി. യുവാവിനെ കൂവപ്പടി അഭയ ഭവനിലും താമസിപ്പിച്ചു.












Click it and Unblock the Notifications