കാത്തിരിപ്പുകൾക്കൊടുവിൽ കളമശേരി ബസ് ടെർമിനലിൽ ബസ് എത്തി, ആറ് മാസത്തെ കാത്തിരിപ്പിന് ശേഷം!
കളമശേരി: ഏറെ നാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ കളമശേരി ബസ്ടർമിനലിൽ ബസുകൾ പ്രവേശിച്ചു തുടങ്ങി. ഗവണ്മെന്റ് മെഡിക്കൽ കോളേജിന് സമീപം നഗരസഭ ബസ് ടെർമിനൽ നിർമ്മിച്ച് ഉദ്ഘാടനം കഴിഞ്ഞ് ആറ് മാസത്തോളമായപ്പോഴാണ് ടെർമിനലിൽ ബസുകളെത്തിയത്. ഉദ്ഘാടന ദിനത്തിൽ ഒരു കെഎസ്ആർടിസി ബസ് എത്തിച്ചതൊഴിച്ചാൽ ഇതുവരെ ബസ്സുകളൊന്നും അവിടേക്ക് എത്തിയിരുന്നില്ല. മെഡിക്കല്‍ കോളേജിലെത്തുന്ന രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ജീവനക്കാർക്കും സമീപത്തെ മറ്റ് സ്ഥാപനങ്ങളില്‍ പോകുന്നവര്‍ക്കും ഒരുപോലെ സഹായകരമാകുമെന്ന് പറഞ്ഞാണ് നിര്‍മ്മിച്ചതെങ്കിലും ഉദ്ഘാടനത്തോടെ നഗരസഭ ഉത്തരവാദിത്തം ഒഴിഞ്ഞ മട്ടിലായിരുന്നു.
തുടർന്ന് മേയ് 20ന് ജോൺ ഫെർണാണ്ടസ് എംഎൽഎ അനുവദിച്ച സി ടി സ്കാൻ ഉദ്ഘാടനം ചെയ്യാൻ മെഡിക്കൽ കോളേജിലെത്തിയ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജക്ക് മുന്നിൽ മുൻ എംഎൽഎ എ എം യൂസഫ് ബസ് ടെർമിനലിലേക്ക് ബസുകൾ പ്രവേശിപ്പിക്കണമെന്നും കൂടുതൽ ബസുകളോടിക്കണമെന്നും അപേക്ഷ വെച്ചിരുന്നു. അതിന് പരിഹാരമുണ്ടാക്കാമെന്ന് ജില്ലാ ഭരണകൂടം അന്ന് നൽകിയ ഉറപ്പാണ് ഇപ്പോൾ പാലിക്കപ്പെട്ടത്. ജില്ല മോട്ടോർ വാഹന വകുപ്പ്, ട്രാഫിക് പോലീസ്, നഗരസഭാ ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ബസുകൾ പ്രവേശിപ്പിച്ചത്. തുടർന്ന് ഏതാനും ദിവസം കൂടി ട്രാഫിക്ക് പോലീസിനെ നിയോഗിക്കുമെന്നും നഗരസഭ അധികൃതർ പറഞ്ഞു.

എന്നാൽ കങ്ങരപ്പടി, തൃക്കാക്കര, ആലുവ, കുന്നത്തേരി, എച്ച്എംടി കവല ഭാഗങ്ങളിൽ നിന്ന് മെഡിക്കൽ കോളേജ് വഴി കൂടുതൽ ബസുകൾ ഓടിക്കണമെന്നാണ് മെഡിക്കൽ കോളേജ് ജീവനക്കാരുടെയും ആസ്പത്രിയിലെത്തുന്നവരുടെയും ആവശ്യം.












Click it and Unblock the Notifications