ബൂത്തുകളിൽ സൗഹൃദ സംഭാഷണങ്ങൾ വേണ്ട, കർശന നിർദേശവുമായി എറണാകുളം ജില്ലാ ഭരണകൂടം
എറണാകുളം: ബൂത്തുകളിൽ സൗഹൃദ സംഭാഷണങ്ങളും പരിചയം പുതുക്കലും വേണ്ടെന്ന് ജില്ലാ ഭരണ കൂടത്തിൻ്റെ കർശന നിർദ്ദേശം. വോട്ട് ചെയ്തതിനു ശേഷം കൂട്ടം കൂടി നിൽക്കാതെ നേരെ വീട്ടിലേക്കു പോകണം. വീട്ടിലെത്തിയാൽ ഉപയോഗിച്ച വസ്ത്രങ്ങൾ കഴുകി കുളിച്ച് വൃത്തിയായതിനു ശേഷം മാത്രമേ വീട്ടുകാരുമായി ഇടപഴകാവൂ.
കോവിഡ് മാനദണ്ഡങ്ങൾ വോട്ടെടുപ്പിൽ കൃത്യമായി പാലിക്കുന്നതിനാണ് ജില്ലാ ഭരണകൂടം ബൂത്തുകളിൽ സ്വീകരിക്കേണ്ട കർശന നിർദ്ദേശങ്ങൾ പുറത്തിറക്കിയത്. അടിസ്ഥാനമായി പാലിക്കേണ്ട കോവിഡ് മാർഗ നിർദ്ദേശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ ജില്ലയിലെ മുഴുവൻ ബൂത്തുകളിലും പതിക്കാനും തീരുമാനിച്ചു. പോസ്റ്ററിൻ്റെ പ്രകാശനം ദുരന്തനിവാരണം ഡപ്യൂട്ടി കളക്ടർ എസ്.ഷാജഹാൻ നിർവഹിച്ചു.

പൊതുജനങ്ങൾക്ക് നിർദ്ദേശങ്ങൾ കാണത്തക്ക വിധമായിരിക്കും പോസ്റ്ററുകൾ ബൂത്തുകളിൽ സ്ഥാപിക്കുക. വോട്ട് രേഖപ്പെടുത്താൻ കയറുമ്പോഴും ഇറങ്ങുമ്പോഴും കൈകൾ അണുവിമുക്തമാക്കുന്നതിനായി സാനിറ്റൈസർ നൽകും.സാമൂഹ്യ അകലം പാലിക്കുന്നതിനായി ബൂത്തുകളിൽ ഒരു മീറ്റർ അകലത്തിൽ പ്രത്യേകം അടയാളങ്ങളും നൽകും.
കോവിഡ് 19 പശ്ചാത്തലത്തിൽ വോട്ടർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: വായും മൂക്കും മറയുന്ന രീതിയിൽ മാസ്ക് ധരിക്കുക, സംസാരിക്കുമ്പോൾ മാസ്ക് മാറ്റരുത്, തിരിച്ചറിയിൽ വേളയിൽ ആവശ്യമെങ്കിൽ മാത്രം മാസ്ക് മാറ്റണം, സാമൂഹിക അകലം പാലിച്ച് വേണം വോട്ട് രേഖപ്പെടുത്താൻ നിൽക്കേണ്ടത്, ബൂത്തിനകത്ത് പ്രവേശിക്കുന്നതിനു മുമ്പും വോട്ട് ചെയ്തതിനു ശേഷവും കൈകൾ സോപ്പ് അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് ശുചിയാക്കുക, കുട്ടികളെ കൂടെ കൊണ്ടു പോകരുത് മറ്റുള്ളവരുമായി അടുത്തിടപഴകുന്നത് ഹസ്തദാനം നൽകുന്നതും ഒഴിവാക്കുക.
കൂട്ടം കൂടി നിൽക്കരുത് എപ്പോഴും ശാരീരിക അകലം പാലിക്കുക. പൊതു സ്ഥലങ്ങളിൽ തുപ്പരുത്. വോട്ട് രേഖപ്പെടുത്തിയ ശേഷം നേരെ വീട്ടിലേക്ക് തിരികെ പോകുക. ഇടവേളകളിലെ സൗഹൃദ സംഭാഷണങ്ങളും സന്ദർശനങ്ങളും ഒഴിവാക്കുക. വീട്ടിലെത്തിയ വസ്ത്രങ്ങൾ കഴുകി കുളിച്ചു വൃത്തിയായി അതിനു ശേഷം മാത്രം വീട്ടുകാരുമായി ഇടപഴകുക.












Click it and Unblock the Notifications