എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉറിയംപെട്ടി ആദിവാസി കോളനിയിൽ കലക്ടറെത്തി; പ്രശ്ന പരിഹാരം ഉടൻ, പ്രതീക്ഷയിൽ കോളനി നിവാസികൾ

  • By Desk
Google Oneindia Malayalam News

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് ദുരിതത്തിലായ പൂയംകുട്ടി കുട്ടമ്പുഴ പഞ്ചായത്തിലെ ഉറിയംപെട്ടി ആദിവാസി കോളനി ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള സന്ദര്‍ശിച്ചു. മഴ മൂലം മണികണ്ഠന്‍ചാല്‍ ചപ്പാത്ത് വെള്ളത്തിനടിയിലായതിനെ തുടര്‍ന്ന് ഇവിടത്തുകാര്‍ പുറംലോകവുമായി ബന്ധപ്പെടാനാകാതെ കഴിഞ്ഞിരുന്നു. തുടര്‍ന്നാണ് ദുര്‍ഘടമായ വനപാത താണ്ടി ജില്ല കളക്ടറും ആരോഗ്യപ്രവര്‍ത്തകരുമടങ്ങുന്ന സംഘം 76 ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്ന ഉറിയംപെട്ടിയിലെത്തിയത്.

കോളനിവാസികളുടെ പ്രശ്‌നങ്ങള്‍ വിശദമായി കേട്ട കളക്ടര്‍ പരിഹാരത്തിന് ഉടന്‍ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. ഉറിയംപെട്ടിയില്‍ നിന്ന് സഞ്ചാരയോഗ്യമായ റോഡില്ലാത്തതാണ് ഏറ്റവും പ്രധാന പ്രശ്‌നമെന്ന് കോളനിക്കാര്‍ കളക്ടറോടു പറഞ്ഞു. കത്തിപ്പാറ വഴി വെള്ളാരംകുത്ത്-ഉറിയംപെട്ടി റോഡ് നിര്‍മ്മിക്കണമെന്ന് കോളനിക്കാര്‍ ആവശ്യമുന്നയിച്ചു. എന്നാല്‍ വനത്തിലൂടെ റോഡ് നിര്‍മ്മിക്കുന്നതിന് നിയമത്തിന്റെ പരിധിയില്‍ നിന്ന് എല്ലാക്കാര്യങ്ങളും ചെയ്യുമെന്ന് കളക്ടര്‍ ഉറപ്പുനല്‍കി.

Ernakulam

ഊരുകൂട്ടം ചേര്‍ന്ന് വിവിധ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് അപേക്ഷ ഗ്രാമസഭയ്ക്ക് സമര്‍പ്പിക്കാനും അതനുസരിച്ചുള്ള പരിഹാരം ഉടനുണ്ടാകുമെന്നും കളക്ടര്‍ പറഞ്ഞു. നിലവിലുള്ള റോഡ് നാലു കിലോമീറ്റര്‍ വരെ വീല്‍ ട്രാക്ക് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് വനം വകുപ്പുമായി ചേര്‍ന്ന് നടപടി സ്വീകരിക്കും. റേഷന്‍ സാധനങ്ങള്‍ പൂയംകുട്ടിയില്‍ നിന്ന് കോളനിയിലെത്തിക്കുന്നതിനും നടപടി സ്വീകരിക്കും. റേഷന്‍ സാധനങ്ങള്‍ സൗജന്യമായി ലഭിക്കുന്നുണ്ടെങ്കിലും പൂയംകുട്ടിയില്‍ നിന്ന് സാധനങ്ങള്‍ മുകളിലെത്തിക്കുന്നതിന് ജീപ്പിന് 3000 രൂപയോളം ചെലവാക്കേണ്ടി വരുന്നുവെന്ന് കോളനിക്കാര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണിത്.

കോളനിയിലെ കുട്ടികള്‍ സ്‌കൂള്‍ പഠനം മുടക്കരുതെന്നും കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുന്നതിന് കാലതാമസം വരുത്തരുതെന്നും കളക്ടര്‍ ഓര്‍മ്മിപ്പിച്ചു. കുട്ടമ്പുഴയിലെ വിവിധ ആദിവാസി ഊരുകളിലെ സമഗ്ര ആരോഗ്യ സാമൂഹ്യ ക്ഷേമ വികസനത്തിനായി ഊര് ആശ പദ്ധതി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കും. ഓരോ ഊരുകളിലേക്കും പ്രത്യേകം തിരഞ്ഞെടുത്ത ആശ പ്രവര്‍ത്തകയെ നിയമിച്ച് കോളനിക്കാരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് ലക്ഷ്യം. മദ്യപാനം, പുകയിലെ ഉപയോഗം, ഗര്‍ഭനിരോധന ഗുളികകളുടെ അമിത ഉപയോഗം, പ്രായപൂര്‍ത്തിക്കു മുന്‍പേയുള്ള വിവാഹം തുടങ്ങിയവയ്‌ക്കെതിരേ ബോധവത്കരണം നടത്തുന്നതിനും ആശ പ്രവര്‍ത്തകയുടെ സേവനം പ്രയോജനപ്പെടുത്തുമെന്നും കളക്ടര്‍ അറിയിച്ചു.

കോളനിക്കാര്‍ക്കാവശ്യമായ മരുന്നും മറ്റു ചികിത്സാ സൗകര്യങ്ങളും ഏര്‍പ്പെടുത്തും. പനി പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണാനാണിത്. ഇവിടെ കൈകാര്യം ചെയ്യാന്‍ പറ്റാത്ത രോഗങ്ങള്‍ ആശ പ്രവര്‍ത്തകയുടെ നിര്‍ദേശ പ്രകാരം ജില്ല, താലൂക്ക് ആശുപത്രികളിലേക്ക് മാറ്റുന്നതിനുള്ള ചെലവ് പട്ടികവര്‍ഗ വകുപ്പ് വഹിക്കും. ആരോഗ്യരംഗത്ത് പ്രാദേശിക തല ഇടപെടല്‍ കൂടുതല്‍ ശക്തമാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് എന്‍എച്ച്എം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നമ്പേലി അറിയിച്ചു. ഇതിനു ചെലവാകുന്ന തുക വകുപ്പ് തിരികെ നല്‍കും. പട്ടികവര്‍ഗ വകുപ്പ് വിതരണം ചെയ്യുന്ന ഭക്ഷ്യസാധനങ്ങളുടെ വിതരണവും കളക്ടര്‍ നിര്‍വഹിച്ചു. ഓരോ കുടുംബങ്ങള്‍ക്കും 10 കിലോ അരിയും മറ്റ് അവശ്യ ഭക്ഷ്യസാധനങ്ങളുമാണ് സൗജന്യമായി വിതരണം ചെയ്തത്.

കൂടാതെ കോളനിക്കാരുടെ ആരോഗ്യ സ്ഥിതി വിലയിരുത്തുന്നതിനുളള മെഡിക്കല്‍ ക്യാപും സംഘടിപ്പിച്ചു. വന്യമൃഗങ്ങളുടെ ശല്യം തടയുന്നതിന് പവര്‍ ഫെന്‍സിംഗ് ഏര്‍പ്പെടുത്തുന്നതിന് നടപടി പുരോഗമിക്കുകയാണെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ രഞ്ജന്‍ അറിയിച്ചു. വനത്തില്‍ നിന്നു ശേഖരിക്കുന്ന തേന്‍ സംസ്‌കരിക്കുന്നതിനുള്ള പ്രത്യേക പ്ലാന്റ് കോടനാട് സ്ഥാപിക്കുന്നതിനുള്ള നടപടികളും മ്ലാവനയില്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനുള്ള ട്രൈബല്‍ മാര്‍ക്കറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് ഡിഎഫ്ഒ അറിയിച്ചു.

ജന്മന കാലുകള്‍ തളര്‍ന്നു പോയ എട്ടു വയസുകാരി സിന്ധു ശിവദാസിനെ കളക്ടര്‍ വീട്ടിലെത്തി സന്ദര്‍ശിച്ചു. കുട്ടിക്കും കുട്ടിയെ പരിചരിക്കുന്നവര്‍ക്കും ലഭിക്കേണ്ട പെന്‍ഷന്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. പൂയംകുട്ടിയില്‍ നിന്ന് വനം വകുപ്പിന്റെ ഏഴു ജീപ്പുകളിലാണ് കളക്ടറുടെ നേതൃത്വത്തിലുളള സംഘം ഉറിയംപെട്ടിയിലെത്തിയത്. രണ്ടര മണിക്കൂറോളം അതീവ ദുഷ്‌ക്കരമായ വനപാത താണ്ടിയാണ് കളക്ടര്‍ കോളനിയിലെത്തിയത്.

കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഗോപി, വൈസ് പ്രസിഡന്റ് കെ.കെ. ബിജു, ഡിഎഫ്ഒ രഞ്ജന്‍, എന്‍എച്ച്എം ജില്ല പ്രോഗ്രാം ഓഫീസര്‍ ഡോ. മാത്യൂസ് നമ്പേലി, താലൂക്ക് സപ്ലൈ ഓഫീസര്‍ ആശ ആന്റണി, ഹെല്‍ത്ത് ഓഫീസര്‍ പി.എന്‍. ശ്രീനിവാസന്‍, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ അനില്‍, വനം വകുപ്പ് ജീവനക്കാര്‍, വിവിധ വകുപ്പ് ജീവനക്കാര്‍ എന്നിവരും കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു. ഊരുമൂപ്പന്‍ കാമിയപ്പന്‍, വന സംരക്ഷണ സമിതി പ്രസിഡന്റ് എം.ജി. ഗിരീഷ് എന്നിവരും സംസാരിച്ചു.

Ernakulam
English summary
Ernakulam district collector's comment about Uriyampetti dalit issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X