കട്ടനിലും മായം; പച്ചവെള്ളത്തിൽ ഇട്ടാൽ കടുപ്പമുള്ള കട്ടൻചായ കിട്ടുന്ന തേയില; ഹോട്ടൽ പൂട്ടിച്ചു
കൊച്ചി: ഭക്ഷ്യവിഷ ബാധയെ തുടർന്ന് സംസ്ഥാനത്ത് രണ്ട് മരണം സംഭവിച്ചതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപകമായി പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ് ഭക്ഷ്യവകുപ്പ്. മാനദണ്ഡം ലംഘിച്ച് പ്രവർത്തിക്കുന്ന ഹോട്ടലുകൾ പൂട്ടിച്ചിട്ടുണ്ട്.
അൽഫാം, കുഴിമന്തി തുടങ്ങിയ ഭക്ഷണങ്ങളിൽ മാത്രമല്ല. കട്ടൻചായയിൽ പോലും മായം ചേർക്കുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന കണ്ടെത്തലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.. പച്ചവെള്ളത്തിൽ ഇട്ടാൽ കട്ടൻ ചായയാകുന്ന ചായപ്പൊടി പിടിച്ചിടുത്തിരിക്കുകയാണ് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ. എറണാകുളം ജില്ലയിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് മായം ചേർക്കൽ കണ്ടെത്തിയത്...

പറവൂർ ചേന്ദമംഗലം കവലയിൽ നഗരസഭയുടെ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച മജ്‌ലിസ് ഹോട്ടലിൽ നിന്നാണു മായം ചേർത്ത 2 കിലോഗ്രാം തേയില കണ്ടെടുത്തത്. പ്രാഥമിക പരിശോധനയിൽ തന്നെ തേയില വ്യാജൻ ആണെന്നു തിരിച്ചറിഞ്ഞു. വെള്ളത്തിൽ ഇട്ടപ്പോൾ തന്നെ തേയിലയുടെ കളർ ഇളകി കടുപ്പമുള്ള കട്ടൻചായ പോലെയായി. തുടർന്ന് ഹോട്ടൽ അധികൃതർ പൂട്ടിച്ചു.

വെടിമറ സ്വദേശി ഹസൻ വിതരണം ചെയ്ത തേയില ആണെന്നാണ് കടയുടമ മൊഴി നൽകിയതെന്നു അധികൃതർ പറഞ്ഞു. വിദഗ്ധ പരിശോധനയ്ക്കായി തേയില ലാബിലേക്ക് അയച്ചു. സിന്തറ്റിക് കളർ ആകാനാണു സാധ്യതയെന്നാണ് നിഗമനം. മറ്റൊരു ഹോട്ടലിലും ഈ തേയില കണ്ടെത്തിയെങ്കിലും സാംപിൾ എടുക്കാനുള്ള അളവിൽ ഇല്ലാതിരുന്നതിനാൽ നശിപ്പിച്ചു. പിഴ ഈടാക്കാൻ നോട്ടീസും ഇനി ഉപയോഗിക്കരുതെന്ന താക്കീതും നൽകി.

ബിൽ നൽകാതെ ഹസൻ തേയില വ്യാപകമായി വിൽപന നടത്തുന്നുണ്ടെന്ന് ആണു അധികൃതർക്കു ലഭിച്ച വിവരം. മായം ചേർത്ത ചായപ്പൊടി വിൽപന നടത്തിയതിന് ഇയാൾക്കെതിരെ അധികൃതർ കൊടുത്ത കേസ് കോടതിയിലുണ്ട്. മറ്റു തേയിലകളെക്കാൾ കൂടുതൽ രുചി ഈ തേയില കൊണ്ട് ഉണ്ടാക്കുന്ന ചായയ്ക്ക് ഉണ്ടെന്നാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞതെന്നും ലാബിൽ നിന്നുള്ള ഫലം ലഭിച്ചാൽ വിതരണക്കാരനെതിരെ വീണ്ടും നടപടിയെടുക്കുമെന്നും അധികൃതർ പറഞ്ഞു.

അതേസമയം, സംസ്ഥാന വ്യാപകമായി കഴിഞ്ഞ ദിവസം 440 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയിരുന്നു. വൃത്തിഹീനമായി പ്രവർത്തിച്ച 11 സ്ഥാപനങ്ങളുടേയും ലൈസൻസ് ഇല്ലാതിരുന്ന 15 സ്ഥാപനങ്ങളുടേയും ഉൾപ്പെടെ 26 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വയ്പ്പിച്ചു. 145 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. എറണാകുളം ജില്ലിയിലെ നാല് ഭക്ഷണശാലകളാണ് പൂട്ടിച്ചത്. 9 സ്ഥാപനങ്ങൾക്ക് പിഴയിട്ടു. എരണാകുളത്ത് അഞ്ച് സ്ഥാപനൾക്ക് നോട്ടീസ് നൽകി. സംസ്ഥാനത്ത് കഴിഞ്ഞ ആറ് ദിവസത്തിനിടെ രണ്ട് പേരാണ് ഭക്ഷ്യവിഷബാധയേറ്റ് മരണപ്പെട്ടത്. കോട്ടയത്ത് നഴ്‌സും കാസർകോട് 19കാരിയുമാണ് മരണപ്പെട്ടത്.












Click it and Unblock the Notifications