കൊച്ചി കായലിൽ ജലനിരപ്പ് ഉയരുന്നു; ബോട്ട് സർവീസ് നിലച്ചു, ജില്ലയിൽ 379 ക്യാംപുകൾ... 112795 പേർ!!
കൊച്ചി: പെരിയാറിന് പുറമെ, കൊച്ചി കായലിലും ജലനിരപ്പ് ഉയർന്നു തുടങ്ങിയതോടെ ജില്ലയിൽ അതീവ ജാഗ്രത. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്തിട്ടും എറണാകുളം നഗരവും പശ്ചിമ കൊച്ചിയും താരതമ്യേന സുരക്ഷിതമായിരുന്നു. കൊച്ചി സിറ്റിപരിധിയിൽ ഏലൂരിലായിരുന്നു മഴക്കെടുതി കൂടുതൽ അനുഭവപ്പെട്ടത്.
ഇന്നലെ കളമശേരി കമ്പനിപ്പടിയിൽ ദേശീയപാതയുൾപ്പെടെ വെള്ളത്തിലായതോടെ ഗതാഗതത്തെ ബാധിച്ചു. ഇതിനിടെയാണു കൂടുതൽ ആശങ്ക പരത്തി കൊച്ചി കായലിൽ ജലവിതാനം ഉയർന്നത്. പെരിയാറിലെ ജലം കടലിലേക്ക് ഒഴുകിയെത്തുന്നതിനാൽ കായൽ മേഖലകൾക്ക് പ്രളയഭീഷണി ഉണ്ടായിരുന്നില്ല. എന്നാൽ പെരിയാറിൽ നിന്നുള്ള ഒഴുക്ക് കായലിനെയും ബാധിച്ചതായിട്ടാണു സൂചന.

കായലിൽ ശക്തമായ കാറ്റ് വീശിയതിനെ തുടർന്ന് എറണാകുളം ബോട്ട് ജെട്ടിയിൽ നിന്നുള്ള സർവീസ് പകൽ നിർത്തി വച്ചു. പൊലീസിന്‍റെ നിർദ്ദേശത്തെ തുടർന്നു രാവിലെ എട്ടുമുതൽ 10 വരെ നിർത്തിവച്ച സർവീസ് പിന്നീടു പുനരാരംഭിച്ചെങ്കിലും കാറ്റ് കൂടുതൽ ശക്തമായതോടെ 11.30 മുതൽ വീണ്ടും നിർത്തി. കായലിൽ ഒഴുക്ക് ശക്തമായതിനാൽ ടൂറിസ്റ്റ് സർവീസ് നടത്തുന്ന ബോട്ടുകൾ ഉൾപ്പെടെയുള്ളവയ്ക്ക് ജാഗ്രതാ നിർദ്ദേശം നൽകി. കാലാവസ്ഥാ നിരീക്ഷണ മുന്നറിയിപ്പുള്ളതിനാൽ മത്സ്യബന്ധന ബോട്ടുകളും യാനങ്ങളും ഇന്നലെയും കടലിൽ പോയില്ല.

അതേസമയം ജില്ലയിൽ 379 ക്യാംപുകളിലായി 254 25 കുടുംബങ്ങളിലെ 112795 പേരാണ് ഇപ്പോഴുള്ളത്. പറവൂരിലാണ് ഏറ്റവുമധികം പേരുള്ളത്. 120 ക്യാംപുകളിലായി 12000 കുടുംബങ്ങളിലെ 62000 പേരാണ് ഇവിടെയുള്ളത്. ആലുവ 51 ക്യാംപുകളിൽ 4000 കുടുംബങ്ങളിൽ 15800 പേർ, കുന്നത്തുനാട് 54 ക്യാംപുകളിൽ 2491 കുടുംബങ്ങളിൽ 13607 പേർ, മുവാറ്റുപുഴ 37 ക്യാംപുകളിൽ 881 കുടുംബങ്ങൾ 2864 പേർ, കണയന്നൂർ 36 ക്യാംപുകളിൽ 2927 കുടുംബങ്ങളിൽ 8233 പേർ, കോതമംഗലം 40 ക്യാംപുകളിൽ 1430 കുടുംബങ്ങൾ 5285 പേർ.

കൊച്ചി താലൂക്കിൽ 17 ക്യാംപുകൾ 1696 കുടുംബങ്ങൾ 5006 പേർ. ജില്ലയിലെ വിവിധ മേഖലകളിൽ രക്ഷാപ്രവർത്തനത്തിനായി 41 ബോട്ടുകളാണ് വിന്യസിച്ചിരിക്കുന്നത്. കാലടിയിൽ ആർമിയുടെ കണ്ടിജന്റ് നാളെ പ്രവർത്തനമാരംഭിക്കുമെന്ന് ജില്ല കളക്ടർ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. ദുരിത ബാധിത മേഖലകളിൽ ഹെലികോപ്ടറിൽ ഭക്ഷണവും അവശ്യ വസ്തുക്കളുമെത്തിക്കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications