രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റു: ഷൂക്കൂറിനെ തിരിഞ്ഞു നോക്കാനാരുമില്ല, മത്സ്യതൊഴിലാളി ദുരിതത്തില്‍
കൊച്ചി: പ്രളയദിനങ്ങളിൽ നൂറുകണക്കിനാളുകളെ രക്ഷപ്പെടുത്താൻ നേതൃത്വം നൽകിയ മത്സ്യതൊഴിലാളി രക്ഷയില്ലാതെ വിഷമിക്കുന്നു. വെടിമറ കാഞ്ഞിരപ്പറമ്പിൽ ഷുക്കൂറാ(35)ണ് രക്ഷാപ്രവർത്തനത്തിനിടയിൽ തോളെല്ലിന് പരിക്കേറ്റ് തൊഴിലിന് പോകാൻ കഴിയാതെ ദുരിതത്തിലായിരിക്കുന്നത്. ആഗസ്ത് 16 ന് രാത്രിയോടെ തൻറെ വീട്ടിൽ വെള്ളം കയറിയപ്പോൾ ഭാര്യയെയും രണ്ട് കുട്ടികളെയും ക്യാമ്പിലാക്കിയശേഷം ഷുക്കൂർ തൻറെ സുഹൃത്തുക്കളായ ഷമീർ, അൻഷാദ്, നഹാസ്, ഹസ്സൻ എന്നിവരുമായി സ്വന്തമായുള്ള രണ്ട് വഞ്ചികളിൽ പുറപ്പെടുകയായിരുന്നു.
ശക്തമായ ഒഴുക്കിൽ അഞ്ചു മിനിട്ടുകൊണ്ടാണ് കരിമ്പാടത്ത് എത്തിയപ്പോൾ സമയംരാത്രി പത്തര യായിരുന്നു.. പ്രസവം കഴിഞ്ഞു രണ്ടാഴ്ച്ചപോലുമെത്താത്ത മാതാവുകഴുത്തോളം വെള്ളത്തിൽ കുഞ്ഞിനേയും പൊക്കിപ്പിടിച് കരയുന്നതുൾപ്പെടെ കരളലിയിപ്പിക്കുന്ന നിരവധി കാഴ്ചകളാണ് കാണാൻ കഴിഞ്ഞതെന്ന് ഷുക്കൂർ പറയുന്നു.നൂറുകണക്കിനാളുകളെയാണ് ഷുക്കൂറും സുഹൃത്തുക്കളും രക്ഷിച്ചത്.141--ആം നമ്പർ അംഗൻവാടിയുടെ പൂട്ട് തകർത്ത് ഒരു ക്വിൻറൽ ഗോതമ്പും ഒരു ചാക്ക് അരിയും വിശന്ന് തളർന്നവർക്ക് എത്തിച്ചതും ഷുക്കൂറായിരുന്നു.

ആളുകൾ വിശന്ന് കരഞ്ഞപ്പോൾ ചേന്ദമംഗലം പാലത്തിൽ നിറയെ മിക്ച്ചറുമായി ആരോ കൊണ്ടിട്ട ഓമ്നി വാനിൻറെ ചില്ല് തകർത്ത് മിക്ച്ചർ എടുത്ത് വിശന്നവർക്ക് നൽകിയതും ഷുക്കൂർ തന്നെയായിരുന്നു. സർക്കാർ സഹായം എത്തും മുൻപ് ഉദാരമതികളായ സിറാജ് മൗലാ റാവുത്തർ, ഫിറോസ്ഖാൻ എന്നിവർ നൽകിയ അരിയും മറ്റും ക്യാമ്പുകളിലെത്തിച്ചതും ഇവർതന്നെയായിരുന്നു. കോൺഗ്രസ്ടൗൺ മണ്ഡലം ജനറൽ സെക്രട്ടറി സുധീർ കാഞ്ഞിരപ്പറമ്പിലും മുൻ നിരയിലുണ്ടായിരുന്നു. ഷൂക്കൂറിന്റെ രണ്ട് വഞ്ചികളിലൊന്നാണ് തകർന്നിട്ടുള്ളത്.
നാല് ദിവസം ആശുപത്രിയിൽ കിടന്നു. തോളെല്ലിന് പരിക്കേറ്റത് മൂലം ആറുമാസമെങ്കിലും വിശ്രമം വേണ്ടിവരും. ഭാര്യ ഫാരിഷയും അഫ്‌സാന (9}, ഫർസാന(8) എന്നീ രണ്ടു മക്കളുമടങ്ങിയ കുടുംബം ഇപ്പോൾ ദുരിതത്തിലാണ്. നാടെങ്ങും മത്സ്യത്തൊഴിലാളികളായ രക്ഷാപ്രവർത്തകരെ ആദരിക്കൽ ചടങ്ങുകൾ ആഘോഷമാകുമ്പോൾ ഷുക്കൂറിനെയും സുഹൃത്തുക്കളെയും തിരിഞ്ഞുനോക്കാനാളില്ല.












Click it and Unblock the Notifications