കൊച്ചി ഹാർബർ ടെർമിനസ് ഡെമു സർവീസ്: സമയ വിവര പട്ടിക തയാറാക്കി തുടങ്ങി, സര്‍വീസ് ഉടന്‍!
കൊച്ചി:തിരുവനന്തപുരം ഡിവിഷന് അനുവദിച്ച ഡെമു റെയ്ക്ക് ഉപയോഗിച്ചു ഹാർബർ ടെർമിനസ്-എറണാകുളം ജക്‌ഷൻ പാതയിൽ സർവീസ് തുടങ്ങുന്നതിന് ഒരുക്കങ്ങൾ തുടങ്ങി. ഇതിനു മുന്നോടിയായി മെമു സർവീസിന്‍റെ സമയ പട്ടിക തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്നു റെയ്ൽവെ അറിയിച്ചു. ഡിവിഷൻ ഓപ്പറേറ്റിങ് വകുപ്പാണു ഷെഡ്യൂൾ തയ്യാറാക്കുന്നത്. തുടക്കത്തിൽ രാവിലെയും വൈകിട്ടും പാതയിൽ കൂടുതൽ സർവീസുകൾ നടത്തുന്ന തരത്തിലാണു സമയക്രമം. ഷെഡ്യൂൾ ദക്ഷിണ റെയ്ൽവെ സോണിന്‍റെ അംഗീകാരത്തിനായി ഉടൻ അയച്ചു കൊടുക്കും.
അതേസമയം, 11 കിലോമീറ്റർ പാതയിൽ സിഗ്നലുമായി ബന്ധപ്പെട്ട് ഏതാനും ചില ജോലികൾ കൂടി പൂർത്തിയാകാനുണ്ടെന്ന് അധികൃതർ വെളിപ്പെടുത്തി. ഇതു കൂടി പൂർത്തിയാക്കി കൺസ്ട്രക്ഷൻ വിഭാഗം ഡെപ്യൂട്ടി ചീഫ് എൻജിനീയർ കത്തു നൽകിയ ശേഷമേ പരീക്ഷണാടിസ്ഥാനത്തിൽ ഓടിക്കാനാകൂ. ഇതിനു കാര്യമായ താലതാമസം നേരിടില്ല. ഈ മാസം 12 നു ദക്ഷിണ റെയ്ൽവെ ജനറൽ മാനെജർ കുൽ ശ്രേഷ്ഠ ഡിവിഷൻ തല ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുക്കാൻ കൊച്ചിയിൽ എത്തുന്നുണ്ട്. ഇതിനു മുന്നോടിയായി ജോലികൾ പൂർത്തിയാകുമെന്നാണു സൂചന. ചെന്നൈയിൽ നിന്നു കൊല്ലം യാർഡിൽ കൊണ്ടുവന്ന ഡെമു റെയ്ക്ക് കഴിഞ്ഞ ദിവസം എറണാകുളം മാർഷലിങ് യാർഡിലെ കോച്ച് ഡിപ്പോയിൽ എത്തിയിട്ടുണ്ട്.

14 കൊല്ലത്തിനു ശേഷമാണു ഹാർബർ ടെർമിനസിൽ നിന്നു വീണ്ടും യാത്രാ വണ്ടി പുറപ്പെടാൻ വഴിയൊരുങ്ങിയിരിക്കുന്നത്. സർവീസ് തുടങ്ങുന്നതിനൊപ്പം ഒട്ടേറെ പ്രശ്നങ്ങളും നേരിടുന്നുണ്ട്. എറണാകുളം-ഹാർബർ
ടെർമിനസ് പാതയിലെ വാത്തുരുത്തി ലെവൽ ക്രോസിൽ ഫ്ലൈ ഓവർ നിർമിക്കുന്നതിനു നാവികസേന അനുമതി നിഷേധിച്ചിരിക്കുകയാണ്. സുരക്ഷാ കാരണം പറഞ്ഞാണ് റെയ്ൽവെയുടെ പദ്ധതിക്ക് അനുമതി നൽകാതിരുന്നത്. വളരെ തിരക്കേറിയ ഈ പാതയിൽ ഡെമു കടന്നു പോകാൻ 20 മുതൽ 25 മിനിറ്റ് വരെ ഗെയ്റ്റ് അടച്ചിടേണ്ടി വരുമെന്നു അധികൃതർ. ഇത് ഗതാഗത കുരുക്കിന് ഇടയാക്കും. ഫ്ലൈ ഓവർ നിർമാണം മാത്രമാണ് പോംവഴി. മേൽപ്പാലത്തിന് അനുമതി നിഷേധിച്ച സാഹചര്യത്തിൽ അടിപ്പാത നിർമിക്കാൻ സാധ്യതകൾ പരിശോധിച്ചു വരികയാണ്. മേൽപ്പാലത്തിന്‍റെ മൂന്നിലൊന്നു ചിലവിൽ അടിപ്പാത നിർമ്മിക്കാനാകും. പുത്തൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് ബോക്സ് പുഷ് ത്രൂ സംവിധാനമുപയോഗിച്ച് ആറുമാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാം. ശാസ്ത്രീയമായി നിർമ്മിച്ചാൽ അടിപ്പാതയിൽ വെള്ളം കയറുന്നതും ഒഴിവാക്കാം.












Click it and Unblock the Notifications