ചാരുമജുംദാർ രക്തസാക്ഷി ആചരണം: കേരള വനാതിർത്തിയിൽ മാവോയിസ്റ്റ് സമ്മേളനം!!രഹസ്യ വിവരം പോലീസിന്!!
കൊച്ചി: നക്‌സൽ നേതാവ് ചാരുമജുംദാറിന്‍റെ രക്തസാക്ഷി ദിനാചരണത്തിനായി കേരള വനാതിർത്തിയിൽ ഇന്ന് മാവോയിസ്റ്റുകൾ യോഗം ചേരുമെന്ന് രഹസ്യ വിവരം. കേരള-തമിഴ്നാട്-കർണാടക വനാതിർത്തിയിൽ മലപ്പുറം ജില്ലയിലെ നിലമ്പൂർ ട്രൈജംക്‌ഷനിൽ മാവോയിസ്റ്റുകൾ സംഘടിക്കുന്നുവെന്നാണ് കേന്ദ്ര രഹസ്യാന്വേഷണത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഇതിന്‍റെ ഭാഗമായി കേരള-കർണാടക-തമിഴ്നാട് വനാതിർത്തികൾ കേന്ദ്രീകരിച്ചും ആദിവാസി കോളനികൾ കേന്ദ്രീകരിച്ചും പൊലീസ് തണ്ടർബോർട്ട് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
തമിഴ്നാട് പൊലീസ് തിരയുന്ന മുപ്പത്തിരണ്ട് പേരടങ്ങുന്ന സംഘവും ഇവിടെ കേന്ദ്രീരിച്ചിരിക്കുന്നതായാണ് വിവരം. ഇവര്‍ കേരളത്തിലെ കബനിദളത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്. വയനാട് സോമന്‍, സി.പി.മൊയ്തീന്‍, രാജീവന്‍, ദീപക്, ഉണ്ണിമായ എന്നീ മലയാളികള്‍ ഉള്‍പ്പെടെ 32 മാവോയിസ്റ്റുകളാണാണ് തമിഴ്നാട് പൊലീസിന്‍റെ പുതിയ പട്ടികയിലുള്ളത്.

മാവോയിസ്റ്റ് പശ്ചിമഘട്ടം വക്താവ് അജിതയുടെ നേതൃത്വത്തിലാണ് രക്തസാക്ഷി ദിനചരണത്തിലുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി ആദിവാസി കോളനികൾ കേന്ദ്രീകരിച്ച് പല സംഘങ്ങളായി തിരിഞ്ഞ് മാവോയിസ്റ്റുകൾ പ്രചരണങ്ങൾ നടത്തിയിരുന്നു. ഇതിനായെത്തിയ സംഘത്തെയാണ് കഴിഞ്ഞ ദിവസം വയനാട്ടിൽ തൊഴിലാളികൾ കണ്ടത്. എന്നാൽ മൂന്ന് തൊഴിലാളികളെ ബന്ദിയാക്കിയെന്ന തരത്തിലാണ് അന്ന് വാർത്തകൾ പ്രചരിച്ചത്. ഇതിനെതിരേ അജിത തന്നെ രംഗത്തെത്തിയിരുന്നു. ഈ സംഭവം പൊലീസ് കെട്ടിച്ചമച്ച കഥയാണെന്നായിരുന്നു അജിതയുടെ ആരോപണം.
പതിവ് ഗൃഹസന്ദര്‍ശനത്തിന്‍റെ ഭാഗമായിട്ടാണ് സംഭവസ്ഥലത്ത് എത്തിയത്. തൊഴിലാളികളോട് അവരുടെ പ്രയാസങ്ങള്‍ ചോദിച്ചറിഞ്ഞു. മാവോയിസ്റ്റുകള്‍ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയ ബദല്‍ വിവരിച്ചുകൊടുത്തു. ഈ സമയം നിസ്‌കരിക്കാന്‍ പുറത്തുപോയ ഒരു തൊഴിലാളി തൊട്ടടുത്ത റിസോര്‍ട്ടിലെത്തി തങ്ങള്‍ വന്ന വിവരം അറിയിക്കുകയായിരുന്നു. മറ്റു രണ്ടുപേരും പിരിയുന്നത് വരെ തങ്ങളോടൊപ്പമായിരുന്നു. രാത്രി ഒമ്പതു മണിവരെ തങ്ങള്‍ അവിടെയുണ്ടായിരുന്നു. മാവോയിസ്റ്റ് പ്രസ്ഥാനങ്ങളെ മോശമാക്കി ചിത്രീകരിക്കുന്നതിനാണ് ഇത്തരമൊരു തിരക്കഥയൊരുക്കിയതെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മാവോയിസ്റ്റുകളുടെ പേരില്‍ ലഭിച്ച കത്തിൽ അജിത വ്യക്തമാക്കിയത്. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിനെതിരേ രൂക്ഷ വിമർശനവും ഇന്നത്തെ അനുസ്മരണ യോഗത്തിൽ
ഉയരും. നിലവിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന മാവോയിസ്റ്റ് വിരുദ്ധ നിലപാടിൽ വലിയ അതൃപ്തിയാണ് പശ്ചിമഘട്ടത്തിനുള്ളത്. മാവോയിസ്റ്റ് പ്രവർത്തകരെ മോശമായി ചിത്രീകരിക്കുന്നതിന് തീവ്രശ്രമങ്ങൾ നടക്കുന്നുവെന്നാണ് നേതാക്കളുടെ ആരോപണം. ഈ ആശങ്കകൾ എല്ലാം തന്നെ അനുസ്മരണ യോഗത്തിൽ നേതാക്കൾ പങ്കുവെക്കും. സംസ്ഥാനത്തിന്‍റെ പലഭാഗങ്ങളിലും മാവോയിസ്റ്റ് അനുകൂല സംഘടനകളും സമാന്തര പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളതായാണ് വിവരം.
ചാരുമജുംദാർ രക്തസാക്ഷി ദിനാചരണത്തിന്‍റെ ഭാഗമായി വൻ സുരക്ഷാ സന്നാഹമാണ് തണ്ടർബോൾട്ടും കേരള പൊലീസും ചേർന്ന് ഒരുക്കിയിരിക്കുന്നത്. വയനാടൻ അതിർത്തികളിൽ കണ്ട മാവോയിസ്റ്റ് സംഘം നിലമ്പൂർ ട്രൈജംക്‌ഷനിൽ സംഘടിച്ചിരിക്കുമെന്നതാണ് രഹസ്യന്വേഷണ വിഭാഗത്തിന്‍റെയും വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ആദിവാസി കോളനികൾ കേന്ദ്രീകരിച്ചും നിലമ്പൂർ ഉൾപ്പെടുന്ന വനാതിർത്തികൾ കേന്ദ്രീകരിച്ച് കേരള-തമിഴ്നാട്-കർണാടക പൊലീസ് പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. വനത്തിന് സമീപത്തെ ഫോറസ്റ്റ് പൊലീസ് സ്റ്റേഷനുകളിലും കൂടുതൽ പൊലീസുകാരെ വിന്യസിപ്പിച്ചിട്ടുണ്ട്. ആദിവാസി കോളനികളിൽ നിന്ന് രക്തസാക്ഷി ദിനാചരണത്തിൽ ആരെങ്കിലും പങ്കെടുക്കുന്നുണ്ടോയെന്നറിയാൻ രഹസ്യ നിരീക്ഷണങ്ങളും തണ്ടർബോൾട്ട് ശക്തമാക്കിയിട്ടുണ്ട്. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ മാവോയിസ്റ്റ് വിരുദ്ധ നിലപാടുകൾക്കെതിരേ ആയുധമേന്തിയുള്ള പോരാട്ടത്തിനുള്ള പ്രഖ്യാപന വേദികൂടിയാകും ഇന്നത്തെ അനുസ്മരണ യോഗം.












Click it and Unblock the Notifications