ലൈംഗിക പീഡനക്കേസ്: കോടതിയില്‍ പ്രതീക്ഷ, തെളിവുകള്‍ പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് കന്യാസ്ത്രീകള്‍
കൊച്ചി: ലൈംഗിക പീഡന കേസില്‍ ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് കോടതിയുടെ തീരുമാനം പ്രതീക്ഷ നല്‍കുന്നുവെന്ന് ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. അറസ്റ്റ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേസില്‍ തീരുമാനം എടുക്കേണ്ടത് പൊലീസാണ്. കൂടുതല്‍ സമയം കിട്ടുന്നത് ബിഷപ്പ് തെളിവ് നശിപ്പിക്കുമോ എന്നും സാക്ഷികളെ സ്വാധീനിക്കുമോ എന്നും ആശങ്കയുണ്ടാക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
കന്യാസ്ത്രീ വൈരാഗ്യം തീര്‍ക്കുകയാണെന്ന ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദങ്ങളെ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ബിഷപ്പ് ഫ്രാങ്കോയാണ് വ്യക്തി വൈരാഗ്യം തീര്‍ക്കുന്നതെന്നും പീഡനശ്രമങ്ങളെ എതിര്‍ത്തതിലുള്ള വൈരാഗ്യമാണ് ബിഷപ്പിന്റെ ആരോപണങ്ങളെന്നും സിസ്റ്റര്‍ അനുപമ പ്രതികരിച്ചു. ഈ വൈരാഗ്യത്തിന്റെ തുടര്‍ച്ചയായാണ് ബിഷപ്പ് പരാതിക്കാരിയെ സ്ഥാനങ്ങളില്‍ നിന്ന് നീക്കിയത്.

അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാനുള്ള വാദങ്ങളാണ് ബിഷപ്പ് ഉന്നയിക്കുന്നത്. ബിഷപ്പിനെതിരേ വ്യക്തമായ തെളിവുകള്‍ ഉണ്ട്. ഈ തെളിവുകള്‍ പോലീസിന് കൈമാറിയിട്ടുണ്ട്. എല്ലാ തെളിവുകളും നിക്കോളാസ് അച്ചനെ കാണിക്കാനാകില്ല. നിക്കോളാസ് അച്ചനെ ബിഷപ്പ് ഫ്രാങ്കോയുടെ ആളുകള്‍ സ്വാധീനിച്ചിട്ടുണ്ട്. സഭയെ അപമാനിക്കാനല്ല ഞങ്ങളുടെ സമരം. സഭയില്‍ നിന്ന് നീതി കിട്ടാത്തത് കൊണ്ടാണ് തെരുവില്‍ ഇറങ്ങേണ്ടി വന്നത്. ഫാ ആന്റണി മാടശേരിയാണ് ബിഷപ്പിന് വേണ്ടി സിസ്റ്ററിനെതിരേ വ്യാജ തെളിവുകളുണ്ടാക്കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications