ചാകരപ്രതീക്ഷയിൽ തീരം: ട്രോളിങ് നിരോധനം ചൊവ്വാഴ്ച അവസാനിക്കും, ബോട്ടുകളുടെ സുരക്ഷ ശക്തമാക്കി!!
കൊച്ചി: കനത്ത മഴ, ആർത്തിരമ്പിയെത്തുന്ന തിരമാല, വറുതിയുടെ നാളുകളിൽ നിന്ന് പ്രതീക്ഷകളോടെ ഇന്ന് മത്സ്യബോട്ടുകൾ കടലിലേക്ക്. 52 ദിവസത്തെ ട്രോളിങ് നിരോധനത്തിനും മത്സ്യതൊഴിലാളുകളുടെ വറുതികൾക്കും ഇന്ന് അർദ്ധരാത്രിയോടെ അറുതി. ഓഖിയ്ക്ക് ശേഷം തുടങ്ങുന്ന മത്സ്യബന്ധനത്തിൽ ബോട്ടുകളുടെ സുരക്ഷ ശക്തമാക്കി ഫിഷറീസ്.
തുടർച്ചയായി പെയ്യുന്ന മഴയും കടൽ ഇളകി മറിയുന്നതും ചാകര തുണയ്ക്കുമെന്ന കണക്കുകൂട്ടലിലാണ് മത്സ്യതൊഴിലാളികൾ. കൊച്ചി, കൊല്ലം, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങി പ്രധാന മത്സ്യ ബന്ധന തുറമുഖങ്ങളിലെല്ലാം കടലിലേക്ക് പോകുന്നതിനായി ബോട്ടുകൾ തയാറെടുത്ത് തുടങ്ങിയിട്ടുണ്ട്. ഇതിന് മുന്നോടിയായി ഭൂരിഭാഗം ബോട്ടുകളുടേയും വലകളുടേയുമെല്ലാം അറ്റകുറ്റപണികളും പൂർത്തിയാക്കി. ജൂൺ, ജൂലൈ മാസങ്ങളിൽ കാര്യമായ ചാകര കൊയ്ത്തില്ലാഞ്ഞത് മത്സ്യതൊഴിലാളികൾക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

കഴിഞ്ഞ വർഷം 47 ദിവസമായിരുന്ന ട്രോളിങ് നിരോധനം 57 ദിവസമായിരുന്നു. അതുകൊണ്ട് തന്നെ മത്സ്യ പ്രജനനത്തിൽ വലിയ രീതിയിലുള്ള വർധനവ് ഉണ്ടാകുമെന്നതാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മീൻ വരവ് കുറഞ്ഞതോടെ പ്രതിസന്ധിയിലായ സംസ്ഥാനത്തെ വിപണിക്കും പുത്തൻ ഉണർവാകും. ക്രമാതീതമായി ഉയർന്ന മത്സ്യവില കുറയുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. ഒന്നരമാസക്കാലമായി വറുതിയിലായിരുന്ന ചുമട്ട് തൊഴിലാളികൾ, ലേലം വിളിക്കുന്നവർ, മീൻ തരംതിരിക്കുന്നവർ തുടങ്ങി എല്ലാവരും ഇനി ഹാർബറുകളിലും ചെറുവള്ളങ്ങളടുക്കുന്ന കടപ്പുറങ്ങളിലും സജീവമാകും.
അതേസമയം, ഓഖിശേഷം ആരംഭിക്കുന്ന മത്സ്യ ബന്ധനം എന്ന നിലയിൽ വൻ സുരക്ഷ ക്രമീകരണങ്ങളാണ് ഫിഷറീസ് വകുപ്പും തീരദേശ പൊലീസും ഒരുക്കിയിരിക്കുന്നത്. ഓഖി ദുരന്തസമയത്ത് കടലിൽ പോകുന്ന ബോട്ടുകളുടേയും തൊഴിലാളികളുടേയും എണ്ണം അറിയാതിരുന്നതാണ് രക്ഷപ്രവർത്തനത്തിന്‍റെ വേഗത കുറച്ചതെന്നാണ് വിലയിരുത്തൽ. അതിന്‍റെ ഭാഗമായി ബോട്ടുകളുടെ വിവര ശേഖരണത്തിന് പ്രത്യേക സംവിധാനങ്ങളും ഒരിക്കിയിട്ടുണ്ട്.
ബോട്ട് പുറത്തപ്പെടുന്നതിന് മുൻപ് തുറമുഖങ്ങളിൽ പോകുന്ന ബോട്ടിന്‍റെ പേരും സമയവും തൊഴിലാളികളുടെ പേരും എണ്ണും നൽകണം. അടിയന്തരഘട്ടങ്ങളുണ്ടായാൽ ഈ വിവര ശേഖരണം ഉപയോഗപ്പെടുത്താമെന്നതാണ് ഫിഷറീസ് വകുപ്പ് ലക്ഷ്യമിടുന്നത്. കൂടാതെ ബോട്ടുകളിൽ ജിപിഎസ് ഘടിപ്പിക്കുന്ന നടപടിയും ആരംഭിച്ചിട്ടുണ്ട്. ഇതോടെ ബോട്ടുകളുടെ ദിശയും ബോട്ടുകൾ ഉൾക്കടലിൽ എവിടെയാണെന്നും കരയിലിരുന്ന് കണ്ടെത്താനാകും. എന്നാൽ ഓഖി ശേഷം മത്സ്യമേഖലയിലുണ്ടായ തിരിച്ചടി തൊഴിലാളികൾക്കിടയിൽ സൃഷ്ടിക്കുന്ന ആശങ്ക ചെറുതല്ല. തീരക്കടലിൽ നിന്ന് ലഭിച്ചിരുന്ന പല മത്സ്യങ്ങളുടെ ലഭ്യത ഗണ്യമായി കുറഞ്ഞുവെന്ന് തൊഴിലാളികൾ പറയുന്നു. കടലിൽ അസ്വാഭാവികമായ ചില മാറ്റങ്ങൾ ഓഖി ദുരന്തത്തിന് ശേഷം സംഭവിച്ചതാണ്. ഇത് മത്സ്യ ലഭ്യത കുറയാൻ ഇടയാക്കിയിട്ടുണ്ട്. ചാകര ലഭ്യമായില്ലെങ്കിൽ ഡിസംബറിന് ശേഷം മാത്രം ചെറുവള്ളങ്ങൾ കടലിലിറക്കിയാൽ മതിയെന്ന നിലപാടിലാണ് ഒരു പറ്റം തൊഴിലാളികൾ.












Click it and Unblock the Notifications