നഗരസഭയുടെ മൂക്കിന് താഴെ ദേശീയ പാത കയ്യേറി പരസ്യബോർഡ്; ബുദ്ധിമുട്ട് നാട്ടുകാർക്ക്, നടപടിയില്ല...
കളമശേരി: ദേശീയ പാത കയ്യേറി സ്ഥാപിച്ചിരിക്കുന്ന സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യബോർഡ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. കളമശേരി നഗരസഭയുടെ പ്രധാന കവാടത്തിനു സമീപം ആലുവ ഭാഗത്തേക്കുള്ള ദേശീയ പാതയിലാണ് കൂറ്റൻ പരസ്യബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ദേശീയ പാത കുഴിച്ച് കോൺക്രീറ്റിൽ തീർത്ത തൂണിലാണ് പരസ്യബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
പരസ്യബോർഡ് കുറച്ച് മാസങ്ങൾക്ക് മുമ്പേ സ്ഥാപിച്ചതാണ്. അന്ന് തന്നെ പരസ്യബോർഡ് ദേശീയപാതയിലാണെന്ന് നാട്ടുകാർ പറഞ്ഞിരുന്നു. എന്നാൽ സ്ഥാപന ഉടമയൊ, ദേശീയ പാത അധികൃതരോ, കളമശേരി നഗരസഭയോ, കെ.എം.ആർ.എല്ലോ ഇതുവരെ പരസ്യബോർഡ് മാറ്റാനുള്ള നടപടിയൊന്നും എടുത്തിട്ടില്ല.

മെട്രോ നിർമ്മാണവുമായി ബന്ധപ്പെട്ട് സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായി ഈ ഭാഗത്ത് നടപ്പാത നിർമ്മാണം തുടങ്ങിയപ്പോഴാണ് പരസ്യബോർഡ് പത്തടിയോളം ദേശീയ പാതയിലേക്ക് കയറ്റിയാണ് സ്ഥാപിച്ചിരിക്കുന്നതെന്നു വ്യക്തമാകുന്നത്. സ്ഥാപനത്തിന്റെ സ്ഥലത്തു സ്ഥാപിക്കേണ്ട ബോർഡാണ് നടപ്പാതയും കഴിഞ്ഞു ദേശീയ പാതയിൽ സ്ഥാപിച്ചിരിക്കുന്നത്. നഗരസഭയുടെ മൂക്കിന് താഴെ സ്ഥാപിച്ചിരിക്കുന്ന ഈ പരസ്യ ബോർഡ് നഗരസഭാ അധികാരികൾ കാണാഞ്ഞതോ, കണ്ണടച്ചതോ.












Click it and Unblock the Notifications