കളമശ്ശേരിയിൽ ഒച്ച് ശല്ല്യം രൂക്ഷം; നടപടിയെടുക്കാതെ നഗരസഭ,മഴക്കാല ശുചീകരണവും നടക്കുന്നില്ലെന്ന് പരാതി
കളമശേരി: ഇടപ്പള്ളി ടോൾ മുതൽ വട്ടേക്കുന്നം വരെ വ്യാപിച്ചുകിടക്കുന്ന കളമശേരി നഗരസഭയുടെ തെക്കൻ മേഖലയിലെ അഞ്ചു വാർഡുകളിൽ ആഫ്രിക്കൻ ഒച്ചു ശല്യം രൂക്ഷമാകുന്നു. നഗരസഭയിൽ ഭരണസ്തംഭനമുണ്ടാക്കിയ ഗ്രൂപ്പ് പോരിനിടയിൽ തിരിഞ്ഞു നോക്കാതെ ഭരണ സമിതി.
വർഷം തോറും മഴക്കാലമാകുമ്പോൾ ആഫ്രിക്കൻ ശല്യമുണ്ടാകാറുണ്ടെങ്കിലും ഇത്തവണ വളരെ കൂടുതലാണ്. നഗരസഭ മഴക്കാലപൂർവ ശുചീകരണം നടത്താതിരുന്നതും ആരോഗ്യ വിഭാഗം സ്ഥിരം സമിതി അധ്യക്ഷ രാജിവെച്ചതും ഉദ്യോഗസ്ഥ തലത്തിലുള്ള അലംഭാവവും കൊണ്ട് ഉത്തരവാദിത്തപ്പെട്ടവർ തിരിഞ്ഞു നോക്കാത്ത അവസ്ഥയാണ് നിലവിൽ. നഗരസഭ മാലിന്യം പൂർണ്ണമായി ശേഖരിക്കാത്തതിനാൽ ഒഴിഞ്ഞ പറമ്പുകളിൽ അവ കുന്നുകൂടി കിടക്കുകയാണ്. ഇവിടയൊക്കെയാണ് ഒച്ചുകൾ പാർപ്പുറപ്പിച്ചത്.

വീട്ടുമുറ്റത്തും ടെറസിലുമൊക്കെയായി വളർത്തുന്ന പച്ചക്കറി, പൂച്ചെടി, വാഴ എന്നു വേണ്ട എല്ലാ തരം പച്ചിലകളും ഇവ നിമിഷനേരം കൊണ്ട് തിന്നു തീർക്കും. വീടിനകത്തേക്കും ഇവയുടെ ശല്യമെത്തുന്നുണ്ട്.
പൊടിയുപ്പ് വിതറുകയാണ് ഒച്ചുകളെ നശിപ്പിക്കാനുള്ള മാർഗ്ഗം. എന്നാൽ ഉപ്പിടുന്നതോടെ അലിഞ്ഞ് ദ്രാവകമായി മാറുകയും കടുത്ത ദുർഗന്ധത്തിന് കാരണമാകുകയും ചെയ്യും. മാത്രമല്ല, ഒച്ച് ദ്രാവകം മഴയത്തും മറ്റും വ്യാപിച്ച് വീടിനകത്തും ശരീരത്തിലും എത്തുകയും പ്രത്യേകതരം ചൊറിച്ചിൽ, തലവേദന, പനി എന്നിവയുണ്ടാക്കുന്നതായും പരിസരവാസികൾ പറഞ്ഞു. നിലവിൽ 34, 35, 38, 39, 40 വാർഡുകളിലാണ് ഒച്ചു ശല്യം രൂക്ഷമായി തുടരുന്നത്.
റസിഡന്റ്സ് അസോസിയേഷനുകൾ ഉപ്പുപൊടി വിതറുന്നുണ്ടെങ്കിലും അത് കൊണ്ടൊന്നും ഒച്ചുകൾ കുറയുന്നില്ല. അധികൃതർ ഇനിയും അലംഭാവം തുടർന്നാൽ സ്ഥിതി നിയന്ത്രണാധീതമാകും.നഗരസഭയിൽ പ്രശ്നമവതരിപ്പിച്ചിട്ടും ഭരണ സമിതി അംഗങ്ങളോ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരൊ ഇടപെടാതിരിക്കുന്ന സാഹചര്യത്തിൽ ജില്ലാ അധികൃതർ അടിയന്തിരമായി ഇടപ്പെട്ട് പ്രശ്ന പരിഹാരമുണ്ടാക്കണമെന്ന് കൗൺസിലർ ബിന്ദു മനോഹരൻ പറഞ്ഞു.












Click it and Unblock the Notifications