ജിതിഷ് കല്ലാട്ട് ബിനാലെയില്‍ തിരിച്ചെത്തുന്നു: ലെറ്റ്സ് ടോക്ക് ഞായറാഴ്ച, പരിപാടി പെപ്പര്‍ഹൗസില്‍!!
കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ലെറ്റ്സ് ടോക്ക് സംഭാഷണ പരിപാടിയില്‍ പ്രശസ്ത ആര്‍ട്ടിസ്റ്റും ബിനാലെ രണ്ടാം ലക്കത്തിന്‍റെ ക്യൂറേറ്ററുമായ ജിതിഷ് കല്ലാട്ട് പങ്കെടുക്കും. അനിത ദുബെ ക്യൂറേറ്റ് ചെയ്യുന്ന ബിനാലെ നാലാം ലക്കത്തിലെ ആര്‍ട്ടിസ്റ്റ് കൂടിയാണ് ജിതിഷ്. ഫോര്‍ട്ട്കൊച്ചി പെപ്പര്‍ഹൗസില്‍ ഞായറാഴ്ച വൈകീട്ട് 5 മണിക്കാണ് ലെറ്റ്സ് ടോക്ക് പരിപാടി.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിതിഷ് കല്ലാട്ട് രാജ്യത്തിനകത്തും പുറത്തുമായി നിരവധി പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചിക്കാഗോ(2010), ആര്‍ട്ട് ഗ്യാലറി ഓഫ് ന്യൂ സൗത്ത് വെയ്ല്‍സ്(2015) സിഡ്നി, ന്യൂഡല്‍ഹി നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ട്(2017) എന്നിവിടങ്ങളിലുള്‍പ്പെടെ അദ്ദേഹം തന്‍റെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതു കൂടാതെ ഹവാന, ഗ്വാങ്ജു, കീവ് ബിനാലെകളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
നാലാം ബിനാലെയിലെ ആര്‍ട്ടിസ്റ്റെന്ന നിലയിലാണ് അദ്ദേഹം ലെറ്റ്സ് ടോക്ക് പരിപാടിയില്‍ സംബന്ധിക്കുന്നത്. നടന്നുകൊണ്ടിരിക്കുന്നതും ഭാവിയില്‍ ചെയ്യാനിരിക്കുന്നതുമായ സ്വന്തം സൃഷ്ടികളെക്കുറിച്ച് അദ്ദേഹം ഈ പരിപാടിയില്‍ സംസാരിക്കും. സ്വന്തം സൃഷ്ടികളെക്കുറിച്ചും അവ പൊതു മണ്ഡലത്തില്‍ ഉളവാക്കുന്ന സ്വാധീനത്തെക്കുറിച്ചും ആര്‍ട്ടിസ്റ്റുകള്‍ നടത്തുന്ന പൊതുജന സംവാദമാണ് ലെറ്റ്സ് ടോക്ക്.

ഇന്ത്യയിലെയും വിശിഷ്യാ കൊച്ചിയിലെയും സമകാലീന കലാമേഖലയുടെ ഉണര്‍വ്വിന് ഇത്തരം സംവാദങ്ങള്‍ അത്യാവശ്യമാണെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറി റിയാസ് കോമു പറഞ്ഞു. ബിനാലെയില്‍ പങ്കാളിത്ത ആര്‍ട്ടിസ്റ്റായി ജിതിഷ് മടങ്ങി വരുന്നുവെന്നത് ആഹ്ലാദം പകരുന്ന കാര്യമാണ്. ഇത്തരം സാന്നിദ്ധ്യങ്ങള്‍ കലാലോകത്തെ പ്രമുഖരും ബിനാലെയുമായുള്ള ഊഷ്മള ബന്ധത്തിനു തെളിവാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications