എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊച്ചി സിറ്റി ഗ്യാസ് പദ്ധതി ഇഴയുന്നു: ഇതുവരെ നൽൽകിയത് ആയിരത്തിൽ താഴെ കണക്ഷനുകൾ മാത്രം

  • By Desk
Google Oneindia Malayalam News

കളമശേരി: ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തെ പാചക വാതക വിതരണ പദ്ധതി കൊച്ചി സിറ്റി ഗ്യാസ് തുടക്കമിട്ടത് കളമശേരിയിലാണ്. ഇപ്പോൾ ഏഴ് ജില്ലകളിലേക്കു കൂടി ഗാർഹികാവശ്യത്തിനുള്ള പൈപ്പ് ലൈൻഡ് പ്രകൃതി വാതക പദ്ധതി (പിഎൻജി) വ്യാപിപ്പിക്കുകയാണ്. എന്നാൽ കളമശേരിയിൽ 2016 ഫെബ്രുവരിയിൽ ഉദ്ഘാടനം നടന്ന വാർഡിൽ പോലും പൂർണമായി കണക്ഷൻ നൽകാൻ കഴിഞ്ഞിട്ടില്ല. ഇതോടൊപ്പം ആരംഭിച്ച ബാംഗ്ലൂരിൽ പതിനായിരത്തിലേറെ കൺക്ഷൻ നൽകിയപ്പോൾ കൊച്ചി സിറ്റി ഗ്യാസ് ആയിരത്തിൽ താഴെ മാത്രം ഗാർഹിക കണക്ഷനകളാണ് ഇതുവരെയായി നൽകിയത്.

ബംഗലുരുവിൽ 2018 ജൂലായ് മാസത്തോടെ 23,300 കണക്കഷനുകൾ നൽകാനാണ് ലക്ഷ്യമിട്ടത്. പൈപ്പ് ലൈൻ സ്ഥാപിച്ച് വാതക വിതരണം നടത്തേണ്ട ഇന്ത്യൻ ഓയിൽ - അദാനി ഗ്യാസ് ലിമിറ്റഡ് (ഐഒഎ ജി ) കാലതാമസത്തിന് നഗരസഭയെ പഴിചാരുന്നു. നഗരസഭയാകട്ടെ അദാനി ഗ്യാസിനെയും. ഇതോടൊപ്പം ഒരു വർഷം പത്ത് എണ്ണം എന്ന തോതിൽ സ്ഥാപിക്കേണ്ട വാഹന ഇന്ധനത്തിനുള്ള സിഎൻജി പമ്പുകൾ നാലെണ്ണത്തിൽ ഒതുങ്ങി. ഒരു വർഷം 10 എന്ന കണക്കിൽ അഞ്ച് വർഷം കൊണ്ട് 50 പമ്പുകളായിരുന്നു ലക്ഷ്യം. പദ്ധതിക്ക് തുടക്കമിട്ടിട്ട് രണ്ടര വർഷമെത്തുന്നു. ഇതിനിടെ ഏലൂർ, തൃക്കാക്കര, ആലുവ, മരട്, കൊച്ചി എന്നിവിടങ്ങളിൽ പൈപ്പ് ലൈൻ സ്ഥാപിച്ച് ഗാർഹിക കണക്ഷനുകൾ നൽകാൻ ഐഒഎജി കമ്പനിയുമായി അതാത് തദ്ദേശസ്ഥാപനങ്ങൾ ധാരണയായിട്ടുമുണ്ട്.

gasproject

2016 ഫെബ്രുവരി 20 ന് കളമശേരിയിലെ എറണാകുളം ഗവണ്മെന്റ് മെഡിക്കൽ കോളേജ് കാന്റീനിലേക്ക് പാചകവാതകം നൽകി കൊണ്ട് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ഗാർഹിക പൈപ്പ് ലൈൻ പ്രകൃതി വാതകപദ്ധതി കേരളത്തിൽ ഉദ്ഘാടനം ചെയ്തത്. പൈപ്പുകൾ സ്ഥാപിച്ച് ഗെയിലിൽ നിന്ന് വാതക വിതരണം നടത്തുന്നത് ഇന്ത്യൻ ഓയിൽ - അദാനി ഗ്യാസ് ലിമിറ്റഡാണ്. ആദ്യഘട്ടമായി കളമശേരി നഗരസഭയിലെ ആറ് വാർഡുകളിലാണ് പൈപ്പിടൽ ആരംഭിച്ചത്. 6, 10, 12, 13, 14, 20 വാർഡുകളിൽ പണി ആരംഭിച്ചെങ്കിലും കാര്യമായ പുരോഗതി ഒരിടത്തുമുണ്ടായിട്ടില്ല.

ജോലിയുമായി ബന്ധപ്പെട്ട് പൈപ്പിടാനായി വെട്ടിപ്പൊളിക്കുന്ന റോഡ് പൂർവസ്ഥിതിയിലാക്കുന്നത് സംബന്ധിച്ച് നഗരസഭയിൽ ഭരണകക്ഷി അംഗങ്ങൾ പരസ്പരം അഴിമതി ആരോപണമുന്നയിക്കുകയും സഭ ഏകകണ്ഠമായി വിജിലൻസ് അന്വേഷണം ആവശ്യപ്പെടുകയും ചെയ്തതാണ്. ഒരു ഘട്ടത്തിൽ ഇതുമായി ബന്ധപ്പെട്ട ഫയലുകൾ കാണാതായിരുന്നു. നടപടിക്രമം വിട്ട് അദാനി വിഭാഗത്തിന് ഉദ്യോഗസ്ഥർ വലിയ തോതിൽ ആനുകൂല്യങ്ങൾ അനുവദിച്ചതായി ഓഡിറ്റ് പരാമർശവുമുണ്ടായി. കെട്ടു കണക്കിന് നോട്ടുകൾ കൈക്കൂലിയായി നഗരസഭയിലെത്തുന്നതായി ഭരണകക്ഷി അംഗം സഭയിൽ ആരോപണമുന്നയിസിച്ചിരുന്നു. ഇതിന്റെ അന്തിമഫലം അദാനി ഗ്യാസ് പൈപ്പിടൽ മെല്ലെപ്പോക്കിലേക്ക് മാറി എന്നതാണ്.

2016 ഫെബ്രുവരിയിൽ ഉദ്ഘാടനം നടക്കുമ്പോൾ 2016 ഡിസംബറിന് മുമ്പായി കണക്ഷനുകൾ നൽകുമെന്ന് പറഞ്ഞിരുന്നതാണ്. എന്നാൽ ഇതുവരെ ആയിരത്തിൽ താഴെ കണക്ഷനുകൾ നൽകിയതായും 5000 പേർ കൺക്ഷൻ ലഭിക്കാനുള്ള സമ്മതപത്രം തങ്ങൾക്ക് നൽകിക്കഴിഞ്ഞതായും ഐ.ഒ.എ.ജിയുടെ ജനറൽ മാനേജർ അജയ് പിള്ള അവകാശപ്പെട്ടു. 2016ൽ ത്തന്നെയാണ് ബംഗലൂരു നഗരത്തിൽ വാതക പൈപ്പ് ലൈൻ സ്ഥാപിച്ച് കണക്ഷൻ കൊടുക്കാനുള്ള ജോലി ആരംഭിച്ചത്. ബംഗലുരുവിൽ ഗെയിൽ നേരിട്ടാണ് ജോലി ഏറ്റെടുത്ത് ചെയ്യുന്നത്.

അദാനി ഗ്യാസ് വിഭാഗം ഓരോ വാർഡിലെയും ജോലികൾ കരാർ നൽകിയിരിക്കുകയാണ്. കരാർ എടുത്തവരാകട്ടെ സ്വന്തമായി സാങ്കേതിക സംവിധാനങ്ങൾ ഇല്ലാത്ത പലർക്കുമായി ഉപകരാർ നൽകിയിരിക്കുകയാണെന്ന് ആദ്യമായി പണിയാരംഭിച്ച 14-ാം വാർഡിലെ കൗൺസിലർ മിനി സോമദാസ് പറഞ്ഞു. എന്നാൽ മറ്റു വാർഡുകളിൽ നഗരസഭ അനുമതി നൽകിയിട്ടില്ലെന്ന് ചെയർപേഴ്സൺ ജെസ്സി പീറ്റർ പറഞ്ഞു. മാത്രമല്ല നിലവിൽ കുത്തിപൊളിച്ച റോഡുകൾ നന്നാക്കാത്തതിനാൽ നിലവിലെ അനുമതി റദ്ദാക്കാനുള്ള ആലോചനയിലാണെന്നും ചെയർപേഴ്സൺ മെട്രോ വാർത്തയോട് പറഞ്ഞു.

നഗരസഭ കൗൺസിൽ ആദ്യ ഘട്ടമായി നൽകിയ ആറ് വാർഡുകളിൽ മാത്രമാണ് അദാനി ഗ്യാസിന് റോഡ് വെട്ടിപ്പൊളിച്ച് പൈപ്പ് സ്ഥാപിക്കാനുള്ള അനുമതി നൽകിയത്. തുടർന്നുള്ള വാർഡുകളിൽ നിന്നും കരാറുകാർ ഉപഭോക്താവ് ഒപ്പിട്ട സമ്മതപത്രങ്ങൾ വ്യാപകമായി ശേഖരിക്കുന്നുണ്ട്. പൈപ്പ് സ്ഥാപിക്കാൻ നഗരസഭ അനുമതിയില്ലാത്ത പ്രദേശങ്ങളിൽ നിന്ന് എന്തിനാണ് സമ്മതപത്രങ്ങൾ ശേഖരിക്കുന്നത് എന്നത് ദുരൂഹമാണ്. പല ഭരണകക്ഷി കൗൺസിലർമാരും ഇടപ്പെട്ട് സമ്മതപത്രങ്ങൾ നൽകരുതെന്ന് ഉപഭോക്താക്കളെ വിലക്കിയിട്ടുമുണ്ട്. അദാനി ഗ്രൂപ്പുമായി നല്ലൊരു വിലപേശലാണ് അവർ ലക്ഷ്യം വെക്കുന്നത് എന്നാണ് പൊതുജനസംസാരം.

നിലവിൽ നാല് തരത്തിലാണ് കണക്ഷൻ നൽകുന്നത്. ഒരു ഗാർഹിക കണക്ഷന് നിശ്ചയിച്ച് ചെലവ് 5600 രൂപ ഒറ്റത്തവണയായി നൽകി പേര് റജിസ്റ്റർ ചെയ്യാം. അല്ലെങ്കിൽ 1500 രൂപ അടച്ച് ബാക്കി തുക തവണകളായി പ്രതിമാസം ഉപയോഗിക്കുന്ന വാതകത്തിന്റെ ബില്ലിനൊപ്പം അടച്ചു തീർക്കാമെന്ന വ്യവസ്ഥയിൽ പേര് രജിസ്റ്റർ ചെയ്യാം. മൂന്നാമത്തെ പദ്ധതി കണക്ഷൻ നേടിയ ശേഷം പ്രതിമാസ ബില്ലിനൊപ്പം 618 രൂപ ചേർത്ത് അടക്കുക എന്നതാണ്. മറ്റൊരു വ്യവസ്ഥ നിർദ്ദിഷ്ട ഫോറത്തിൽ ഉപഭോക്താവ് ഒപ്പിട്ട് നൽകുക; തുടർന്ന് വാതക കണക്ഷൻ ലഭിക്കുമ്പോൾ മൂന്ന് വ്യവസ്ഥകളിൽ ഏതെങ്കിലുമൊന്ന് സ്വീകരിക്കുക എന്നതാണ്. എന്ന് കണക്കഷൻ കൊടുക്കാനാകുമെന്ന് ഉറപ്പില്ലാത്ത അവസ്ഥയിൽ സമ്മതപത്രങ്ങൾ എളുപ്പം ശേഖരിക്കുന്നതിനായി നാലാമത്തെ സ്കീം കരാറുകാർ പുതുതായി ഉണ്ടാക്കിയതാണ്.

എന്നാൽ മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് പണികൾ പൂർത്തിയാക്കാമെന്ന് കമ്പനി അധികൃതർ നഗരസഭയ്ക്ക് രേഖാ മൂലം ഉറപ്പ് നൽകിയിരുന്നതായി പൊതുമരാമത്ത് സമിതി അധ്യക്ഷൻ എ കെ ബഷീർ പറഞ്ഞു. പക്ഷെ ഈ ഉറപ്പ് കമ്പനി പാലിച്ചില്ല. റോഡ് പൂർവസ്ഥിതിയിലാക്കുന്നതിന് സർക്കാർ നിശ്ചയിച്ച ഫീസ് കരാറുകാർ അടക്കാത്തതാണ് അനുമതി നൽകാത്തതിന് കാരണം. കൗൺസിൽ തീരുമാന പ്രകാരം ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കാൻ അനുമതി നൽകിയ ആറ് വാർ ഡുകളിലെ നിർമ്മാണം പൂർത്തിയായാൽ മാത്രമെ പുതിയ വാർഡുകളിൽ അനുമതി നൽകുകയുള്ളൂ എന്നാണ് നഗരസഭ ഭരണ സമിതിയുടെ നിലപാട്. കളമശേരി നഗരസഭയും ഇന്ത്യൻ ഓയിൽ - അദാനി ഗ്യാസ് ലിമിറ്റഡും ചേർന്ന് സുരക്ഷിതവും ചെലവു കുറഞ്ഞതുമായ പാചക വാതകവും വാഹന ഇന്ധനവും നിഷേധിക്കുന്നതിൽ ജനരോഷം ശക്തമാവുകയാണ്.

Ernakulam
English summary
ernakulam local news kochi city gas project.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X