അഭിമന്യുവിന്റെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും യാഥാര്‍ത്ഥ്യമാകും: എസ് എഫ്ഐ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം!
കൊച്ചി: കൊല്ലപ്പെട്ട മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എസ് എഫ് ഐ വ്യാഴാഴ്ച തുടക്കം കുറിക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ കാമ്പസുകളില്‍ നിന്നും 12,13 തീയതികളില്‍ അഭിമന്യു കുടുംബസഹായ ഫണ്ട് ശേഖരിക്കും.
എസ് എഫ് ഐ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരമാണ് പരിപാടി. അഭിമന്യുവിന്റെ കുടുംബത്തിന് സ്ഥലം വാങ്ങി വീടു വെക്കുന്നതിനും, സഹോദരിയുടെ വിവാഹത്തിനും എസ് എഫ് ഐ കൈത്താങ്ങുണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി സച്ചിന്‍ കുര്യാക്കോസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന അര്‍ജുന്‍ വിനീത് എന്നവരുടെ ചികിത്സാ ചെലവും എസ് എഫ് ഐ ഏറ്റെടുക്കും. അഭിമന്യുവിന്റെ സ്വപ്‌നമായിരുന്ന വട്ടവടയിലെ ലൈബ്രറിക്ക് എസ് എഫ് ഐ പുസ്തകങ്ങള്‍ സംഭാവന ചെയ്യും.

വട്ടവട ഗ്രാമപഞ്ചായത്ത് അഭിമന്യു മഹാരാജാസ് എന്ന പേരില്‍ ഒരു മാസത്തിനകം ലൈബ്രറി ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ ലൈബ്രറിക്ക് എസ് എഫ് ഐ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിലായിരിക്കും പുസ്തകശേഖരണം. മഹാരാജാസ് കോളേജ് യൂണിറ്റ് 10000 പുസ്തകങ്ങളാണ് സംഭാവന ചെയ്യുക. സംസ്‌കൃത സര്‍വ്വകലാശാല, ആലുവ യു സി കോളേജ് യൂണിറ്റ് എന്നിവ 1000 പുസ്തകവും സംഭാവന ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. തന്റെ ഗ്രാമപഞ്ചായത്തിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി സഹപ്രവര്‍ത്തകര്‍ക്കൊപ്പം തന്റെ നാട്ടില്‍ ക്യാമ്പ് സംഘടിപ്പിക്കാനും മറ്റ് സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും അഭിമന്യു ആഗ്രഹിച്ചിരുന്നു. അഭിമന്യുവിന്റെ ആഗ്രഹം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ഈ ഓണക്കാലത്ത് അവിടെ കാമ്പ് സംഘടിപ്പിച്ച് വിവിധ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നടത്തും. തമിഴ് സംസാരിക്കാനറിയുന്ന കുട്ടികളെ ഉള്‍പ്പെടുത്തിയായിരിക്കും ക്യാമ്പ്. എസ് എഫ് ഐ ജില്ലാ കമ്മറ്റി ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപിപ്പിക്കും.
ഇതോടെപ്പം അഭിമന്യുവുള്‍പ്പെടെ മഹാരാജാസില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ ആക്രമിച്ച കാമ്പസ് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ട് പോലുള്ളവരുടെ തീവ്രാദ രാഷ്ട്രീയത്തെ തുറന്നുകാണിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും എസ് എഫ് ഐ നേതൃത്തം നല്‍കുമെന്ന് ജില്ലാ കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി 12 ന് ഡി വൈ എഫ് ഐയുമായി ചേര്‍ന്ന് ഹൃദയപക്ഷം കാമ്പസില്‍ എന്ന പരിപാടി സംഘടിപ്പിക്കും.
ഇതിന്റെ ഭാഗമായി മഹാരാജാസ് കോളേജ് മുതല്‍ രാജേന്ദ്ര മൈതാനം വരെ 500 മീറ്റര്‍ നീളത്തില്‍ പ്രതോകം തയ്യാറാക്കിയ ക്യാന്‍വാസില്‍ വര്‍ഗീയത തുലയട്ടെ എന്ന മുദ്രാവാക്യം കോറിയിടും. ചിത്രകാരന്മാരുടെ കൂട്ടായ്മയും ഇതോടൊപ്പം സംഘടിപ്പിക്കും. കൂട്ടായ്മ വൈകീട്ട് മൂന്നിന് ലളിത കലാ അക്കാദമി മുന്‍ ചെയര്‍മാന്‍ ടി സത്യപാല്‍ കൂട്ടായ്മ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് രാജേന്ദ്ര മൈതനാത്ത് ചേരുന്ന ഹൃദയപക്ഷം സാംസ്‌കാരിക കൂട്ടായ്മ പ്രൊഫ. എം കെ സാനു ഉദ്ഘാടനം ചെയ്യും. സമൂഹ്യ രാഷ്ട്രീയ കലാ സാംസ്‌കാരിക രംഗത്തുള്ളവര്‍ പങ്കെടുക്കും.18 ന് മഹാരാജാസിന് മുന്നില്‍ വര്‍ഗീയ വാദം തുലയട്ടെ എന്ന മുദ്രാവാക്യവുമായി 24 മണിക്കൂര്‍ ധര്‍ണ്ണ സംഘടിപ്പിക്കുമെന്നും എസ് എഫ് ഐ ഭാരവാഹികള്‍ പറഞ്ഞു. എസ് എഫ് ഐ ജില്ലാ പ്രസിഡന്റ് അമല്‍ ജോസ്, എസ് എഫ് ഐ സംസ്ഥാന കമറ്റിയംഗം വിഷ്ണു വേണുഗോപാല്‍, ആര്‍ഷോ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications